ശ്രദ്ധ നൽകാം വായയുടെ ആരോഗ്യത്തിന്; ഇന്ന് 'ഓറൽ ഹൈജീൻ ഡേ'

തെങ്കിലും തരത്തിലുള്ള അസുഖം വരുന്നത് വരെ വായയുടെ ആരോഗ്യം അധികം ആരും ശ്രദ്ധിക്കാറില്ല. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ജീവിതത്തിനു വായയുടെ ശുചിത്വം അതീവ പ്രാധാന്യമേറിയ കാര്യമാണ്. വായയുടെ ആരോഗ്യത്തിന് അത്രയേറെ പ്രാധാന്യം ഉള്ളതുകൊണ്ടാണ് എല്ലാ വർഷവും ഇന്ത്യയിൽ ആഗസ്റ്റ് ഒന്ന് 'ഓറൽ ഹൈജീൻ ഡേ' ആയി ആഘോഷിച്ചു വരുന്നത്. ഡോ. ജി.ബി. ഷാങ്ക് വാക്കറിന്റെ ജന്മദിന സ്മരണാർഥമാണ് ഈ ദിനം ആചരിച്ചു വരുന്നത്. ദന്താരോഗ്യത്തിന്റെ പ്രസക്തിയെക്കുറിച്ചു പൊതുജനങ്ങൾക്ക് അവബോധം നല്കാൻ വേണ്ടി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഇന്നേ ദിവസം ദന്താരോഗ്യ ക്യാമ്പുകളും റാലികളും ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്.

ഓറൽ ഹൈജീൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വായയിലെ ശുചിത്വം എന്നാണ്. വായ ശുചിയാക്കി വെക്കുക എന്നുള്ളത് ശരീരം ശുചിയാക്കി വെക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ്. അതിൽ ബ്രഷിങ്ങിന്റെ സ്ഥാനം വളരെ വലുതാണ്. രണ്ടു നേരവും ശരിയായ രീതിയിൽ ബ്രഷ് ചെയ്യുകയും ഫ്ളോസ് ചെയ്യുകയും ചെയ്താൽ തന്നെ ഭൂരിഭാഗം വരുന്ന ദന്തരോഗങ്ങളിൽ നിന്ന് നമുക്ക് മുക്തി നേടാം.

 

മേലെ ഭാഗത്തുള്ള പല്ലുകൾ ബ്രഷ് ചെയ്യുമ്പോൾ മോണയിൽ നിന്ന് താഴെ പല്ലിലേക്ക് ബ്രഷ് ചെയ്യണം. താഴത്തെ പല്ലുകൾ ബ്രഷ് ചെയ്യുമ്പോൾ താഴെ നിന്ന് മുകളിലേക്ക് ആയിട്ടാണ് ചെയ്യേണ്ടത്. ചവയ്ക്കുന്ന ഭാഗം (occlusal) മുന്നോട്ടു പിന്നോട്ടും മൃദുവായി ബ്രഷ് ചെയ്യേണ്ടതാണ്. ബ്രഷുകൾ തെരഞ്ഞെടുക്കുമ്പോൾ സോഫ്റ്റ് ബ്രഷ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പി.പി.എം ഫ്ലൂറയിഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതാണ് ഉചിതം. പേസ്റ്റ് പയറു മണിയുടെ അത്രയും എടുത്താൽ മതി. ഏകദേശം രണ്ടു മിനിറ്റ് എങ്കിലും സമയം എടുത്ത് പല്ല് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ശരിയായ വിധത്തിൽ ബ്രഷ് ചെയ്യാതിരിക്കുകയോ മോണ സംരക്ഷിക്കാതിരിക്കുകയോ ചെയ്താൽ മോണകളിൽ അണുക്കൾ ഭക്ഷണ പദാർഥത്തിന്റെ കൂടെ അടിഞ്ഞു കൂടുകയും പിന്നീട് പ്ലാക്ക്, കാൽക്കുലസ് ഒക്കെയായി മാറുകയും അവ ഉല്പാദിപ്പിക്കുന്ന അമ്ലം കാരണം മോണകൾക്കും എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുകയും പല്ലുകൾ കൊഴിയാൻ കാരണമാവുകയും ചെയ്യുന്നു. അത് പോലെ തന്നെ ഭക്ഷണപദാർഥങ്ങൾ, പ്രത്യേകിച്ച് ഒട്ടിപ്പിടിക്കുന്നവ, കഴിച്ചതിനു ശേഷം പല്ലുകൾ വൃത്തിയാക്കിയില്ല എങ്കിൽ പല്ലുകൾക്ക് ക്ഷയം സംഭവിക്കുകയും പിന്നീട് പല്ലു പുളിപ്പ് /വേദന അനുഭവപ്പെടുകയും ചെയ്യുന്നു. പലപ്പോഴും പുളിപ്പ് അല്ലെങ്കിൽ വേദന വരുമ്പോൾ മാത്രമേ പല്ലുകൾ ശ്രദ്ധിക്കാറുള്ളു. എന്നാൽ ദന്താരോഗ്യപ്രശ്നങ്ങൾക്ക് ഓരോ ഘട്ടത്തിലും ചികിത്സകൾ ലഭ്യമാണ്. തുടക്കത്തിൽ തന്നെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താൽ ചിലവു കുറഞ്ഞതും കൂടുതൽ കാലം നിലനിൽക്കുന്നതുമായ ചികിത്സ ചെയ്യുവാൻ സാധിക്കും.

 

സെറ്റുപല്ലുകൾ ഉപയോഗിക്കുന്നവർ ഇതിന് കേടു വരില്ലല്ലോ എന്ന ധാരണ വച്ച് അത് വൃത്തിയാക്കാതെ പോകുന്നത് കാണാറുണ്ട്. വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന പൂപ്പൽ ബാധയ്ക്ക് അത് കാരണമാവുകയും ചെയ്യും. പ്രത്യേകിച്ചും പ്രമേഹം പോലെ ഉള്ള അസുഖങ്ങൾ ഉള്ളവരിൽ അത് വളരെ അധികം പ്രശ്‍നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. കൃത്യമായി രണ്ട് നേരം സെറ്റുപല്ലുകൾ എടുത്ത് ബ്രഷും മൃദുവായ സോപ്പും ഉപയോഗിച്ച് അകവും പുറവും വൃത്തിയാക്കേണ്ടത് അനിവാര്യമാണ്.

ഒരു സെറ്റുപല്ല് ജീവിതകാലം മുഴുവൻ ഉപയോഗിക്കാൻ ഉള്ളതല്ല എന്ന് നാം ഓർക്കേണ്ടതുണ്ട്. കാരണം ഇത് നിർമിക്കുന്ന അക്രിലിക് (acrylic) പോലുള്ള വസ്തുക്കൾ ഒട്ടനവധി ചെറിയ സുഷിരങ്ങളുള്ള വസ്തുവാണ്. അതിൽ പലതരത്തിലുള്ള കീടാണുക്കൾ അടിഞ്ഞു കൂടുകയും അത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതിനാൽ അഞ്ചോ ആറോ വർഷം കൂടുമ്പോൾ സെറ്റ് മാറ്റുന്നതാണ് നല്ലത് എന്ന് പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

 

കിടപ്പു രോഗികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. നമ്മൾ അവർക്ക് ആവശ്യമായ മറ്റ് കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നുണ്ടാവാം. അവർക്ക് ബെഡ് സോറുകൾ (bedsores) വരാതെ ഇരിക്കാനും ട്യൂബ് ഫീഡിങ്ങും ബാക്കി പരിചരണങ്ങളൊക്കെ കൃത്യമായി ചെയ്യും. പക്ഷേ മിക്കവരും വായ ശ്രദ്ധിക്കാതെ വിടും. വായ തുറന്ന് കിടക്കുന്ന ഇത്തരം രോഗികളിൽ ഈച്ച പോലെയുള്ളവ വന്നു മുട്ട ഇടുകയും അത് മോണയിലും മറ്റും പറ്റിപ്പിടിച്ചു വളർന്ന് പുഴു അരിക്കുന്ന (മായാസിസ്) ഒരവസ്ഥയിൽ എത്തുന്നതായും കണ്ടിട്ടുണ്ട്. അതിനാൽ കിടപ്പു രോഗികൾ വായയിൽ കൂടി ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ പോലും വായ വൃത്തിയാക്കി വെക്കുന്നത് രോഗിയെ പരിചരിക്കുന്നവരുടെ ഉത്തരവാദിത്വം ആണ്.

(ഓറൽ ഫിസിഷ്യൻ ആന്‍റ് മാക്‌സിലോ ഫേഷ്യൽ റേഡിയോളജിസ്റ്റും ടോബാക്കോ സെസേഷൻ ഇൻറർവേഷൻ സ്പെഷ്യലിസ്റ്റുമാണ് ലേഖിക)

Tags:    
News Summary - Pay attention to oral health; Today is 'Oral Hygiene Day'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.