കുട്ടികൾക്ക് അശ്രദ്ധ കൂടുതലാണോ, കരുതുക അറ്റെൻഷൻ ഡെഫിസിറ്റ് ഡിസോർഡർ ആകാം

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി) പ്രധാനമായും പെരുമാറ്റ പ്രശ്നമാണ്. ADHD യെ രണ്ടു തരം പെരുമാറ്റ പ്രശ്നങ്ങളായി തരം തിരിക്കാം:

1. അശ്രദ്ധ

2. ഹൈപ്പർ ആക്ടിവിറ്റിയും ആവേശവും

ADHD ഉള്ള പലർക്കും ഈ രണ്ട് വിഭാഗങ്ങളിലും വരുന്ന പ്രശ്നങ്ങളുണ്ട്. എന്നാൽ എല്ലാ കേസുകളിലും രണ്ടുപ്രശ്നവും കൂടി ഉണ്ടാകില്ല.

ഈ അവസ്ഥയിലുള്ള 10 പേരിൽ 2 മുതൽ 3 വരെ ആളുകൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടെങ്കിലും ഹൈപ്പർ ആക്റ്റിവിറ്റിയോ ആവേശമോ ഇല്ല.

ADHD കൂടുതലായി കണ്ടെത്തുന്നത് ആൺകുട്ടികളിലാണ്. പെൺകുട്ടികൾക്ക് അശ്രദ്ധയുടെ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകൂ. അത് അവഗണിക്കുന്നതിനാൽ പെൺകുട്ടികളിൽ പലപ്പോഴും രോഗനിർണയം സാധിക്കാതെ പോകുന്നുണ്ട്.

കുട്ടികളിലെ ലക്ഷണങ്ങൾ

കുട്ടികളിൽ ADHD യുടെ ലക്ഷണങ്ങൾ സാധാരണയായി 6 വയസ്സിന് മുമ്പാണ് കാണിക്കുന്നത്.

അശ്രദ്ധ

  • കൂടുതൽ നേരം ഒരു കാര്യത്തിൽ ശ്രദ്ധകൊടുക്കാൻ സാധിക്കാതിരിക്കുകയോ എളുപ്പത്തിൽ ശ്രദ്ധ തെറ്റുകയോ ചെയ്യുക
  • സ്കൂളിലേക്കുള്ള പ്രവൃത്തികളിൽ അശ്രദ്ധമായി തെറ്റുകൾ വരുത്തുക
  • പല കാര്യങ്ങളും മറന്നുപോവുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുക
  • മടുപ്പിക്കുന്നതോ സമയമെടുക്കുന്നതോ ആയ ജോലികളിൽ ഏറെ നേരം നിൽക്കാൻ കഴിയാതിരിക്കുക
  • നിർദേശങ്ങൾ കേൾക്കാനോ നടപ്പിലാക്കാനോ കഴിയാതിരിക്കുക
  • ചെയ്യുന്ന കാര്യങ്ങൾ നിരന്തരം മാറ്റുക
  • പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുക

ഹൈപ്പർ ആക്ടിവിറ്റി

  • സ്വസ്ഥമായി ഇരിക്കാൻ കഴിയുന്നില്ല, പ്രത്യേകിച്ച് ശാന്തമായ ചുറ്റുപാടിൽ
  • നിരന്തരം കലഹിക്കുന്നു
  • ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നു
  • അമിതമായ ശാരീരിക ചലനം
  • അമിതമായ സംസാരം
  • ഊഴം ആകുന്നതുവരെ കാത്തിരിക്കാൻ തയാറാകാതിരിക്കുക
  • ചിന്തിക്കാതെ പ്രവർത്തിക്കുക
  • സംഭാഷണങ്ങൾ തടസ്സപ്പെടുത്തുക
  • അപകട സാധ്യതയെ കുറിച്ച് ചിന്തിക്കാതെ പ്രവർത്തിക്കുക

ഈ ലക്ഷണങ്ങൾ കുട്ടിയുടെ ജീവിതത്തിൽ കാര്യമായ പ്രശ്‌നങ്ങൾക്ക് ഇടയാക്കാം. സ്‌കൂളിലെ മികവ് കുറയുന്നതിനും മറ്റുള്ളവരുമായുള്ള മോശം ഇടപെടലിനും അച്ചടക്ക പ്രശ്നങ്ങൾ നേരിടുന്നതിനുമെല്ലാം ഇത് വഴിവെക്കും.

ADHD ഉള്ള കുട്ടികളിൽ ഉണ്ടാകാവുന്ന മറ്റ് പ്രശ്നങ്ങൾ

ചില കുട്ടികൾക്ക് ADHD-ക്കൊപ്പം മറ്റ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങൾ ഉണ്ടാകാം

  • ആങ്സൈറ്റി ഡിസോർഡർ - കുട്ടിക്ക് കൂടുതൽ സമയവും ഉത്കണ്ഠയും പരിഭ്രാന്തിയും ഉണ്ടാക്കുന്നു. വേഗത്തിലുള്ള ഹൃദയമിടിപ്പ്, വിയർപ്പ്, തലകറക്കം തുടങ്ങിയ ശാരീരിക ലക്ഷണങ്ങൾക്കും ഇത് കാരണമായേക്കാം
  • എല്ലാത്തിനെയും എതിർക്കുന്ന സ്വഭാവം (ഓപ്പോസിഷണൽ ഡിഫൈന്റ് ഡിസോർഡർ ODD) - ഇത് നിഷേധാത്മകവും വിനാശകരവുമായ പെരുമാറ്റമായി കരുതുന്നു. പ്രത്യേകിച്ച് മാതാപിതാക്കളെയും അധ്യാപകരെയും പോലുള്ള അധികാരികളോടുള്ള പെരുമാറ്റം.
  • പെരുമാറ്റപ്രശ്നം- മോഷണം, അടികൂടൽ, നശീകരണം, ആളുകളെയോ മൃഗങ്ങളെയോ ഉപദ്രവിക്കൽ എന്നിങ്ങനെയുള്ള സാമൂഹിക വിരുദ്ധ സ്വഭാവങ്ങളിലേക്കുള്ള പ്രവണതയാണിത്.
  • വിഷാദം
  • ഉറക്ക പ്രശ്നങ്ങൾ - രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ട്, ക്രമരഹിതമായ ഉറക്ക രീതികൾ എന്നിവ
  • ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോർഡർ (ASD) - ഇത് സാമൂഹിക ഇടപെടൽ, ആശയവിനിമയം, താൽപര്യങ്ങൾ, പെരുമാറ്റം എന്നിവയെ ബാധിക്കുന്നു
  • ഡിസ്പ്രാക്സിയ - ശാരീരിക ഏകോപനത്തെ ബാധിക്കുന്ന ഒരു അവസ്ഥ
  • അപസ്മാരം - മസ്തിഷ്കത്തെ ബാധിക്കുകയും ആവർത്തിച്ചുള്ള ഫിറ്റ്സ് ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥ
  • ടൂറെറ്റ്സ് സിൻഡ്രോം - നാഡീവ്യവസ്ഥയുടെ ഒരു അവസ്ഥ, ശബ്ദങ്ങളും ചലനങ്ങളും നിയന്ത്രിക്കാനാകാത്ത സ്ഥിതി
  • പഠന ബുദ്ധിമുട്ടുകൾ - വായിക്കാനും എഴുതാനും നേരിടുന്ന പ്രയാസം (ഡിസ്ലെക്സിയ) പോലുള്ളവ

എ.ഡി.എച്ച്.ഡി മരുന്നു​കൊണ്ട് മാറ്റാനാകുന്നതല്ല. എന്നാൽ ചികിത്സ വഴി പല ലക്ഷണങ്ങളും നിയന്ത്രിച്ചു നിർത്താനും ദൈനംദിന ജീവിതം സുഗമമാക്കാനും സഹായിക്കും. മരുന്നിനൊപ്പം തെറാപ്പികളും ചെയ്യുന്നത് കൂടുതൽ ഗുണം നൽകും. ശിശുരോഗ വിദഗ്ധരെ കണ്ട് മികച്ച ചികിത്സ തേടാം.

ഭക്ഷണ നിയന്ത്രണവും പലരിലും നല്ല മാറ്റങ്ങൾ കൊണ്ടു വരുന്നുണ്ട്.  എ.ഡി.എച്ച്.ഡിയുള്ളവർ ആരോഗ്യദായകമായ പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കണം. എന്നാൽ വിദഗ്ധ അഭിപ്രായം തേടാതെ ഭക്ഷണങ്ങൾ ഒഴിവാക്കരുത്.

ഇരുമ്പംശം കൂടുതലുള്ള പച്ചിലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സിങ്കും മഗ്നീഷ്യവും കൂടുതൽ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ്, വാഴപ്പഴം, പ്രോട്ടീൻ അടങ്ങിയ ധാന്യങ്ങൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ നട്സ് തുടങ്ങിയവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. 

Tags:    
News Summary - Attention deficit hyperactivity disorder (ADHD)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.