ഗര്‍ഭിണിചര്യയും  പ്രസവരക്ഷയും ആയുര്‍വേദത്തില്‍

അമ്മയാവാന്‍പോകുന്ന ആ ധന്യമുഹൂര്‍ത്തം മുതല്‍ കുഞ്ഞിന് രണ്ട് വയസ്സാകുന്നതുവരെയുള്ള കാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടകാലമാണ്. ശാരീരികമായും മാനസികമായും വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്ന കാലമാണിത്. 

ഗര്‍ഭിണിചര്യ
ഗര്‍ഭധാരണവും പ്രസവവും തീര്‍ച്ചയായും ഒരു രോഗമല്ല. എങ്കിലും ഇവ കാരണമുണ്ടാകുന്ന ശാരീരികമായ മാറ്റംകൊണ്ട് പല വിഷമതകളും സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആശങ്കരഹിതമായ ഒരു ഗര്‍ഭകാലവും പ്രയാസരഹിതമായ പ്രസവവും ആകുലതകളില്ലാത്ത കുഞ്ഞിന്‍െറ ബാല്യവും ഓരോ മാതാപിതാക്കളുടെയും സ്വപ്നമാണ്. അതിനായി ഗര്‍ഭകാലത്തും ശേഷവും അമ്മ അനുഷ്ഠിക്കേണ്ടതായ ദിനചര്യകളും അമൂല്യങ്ങളായ ഒൗഷധങ്ങളും ആയുര്‍വേദ ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 
ഗര്‍ഭസ്ഥശിശുവിന്‍െറ ആരോഗ്യം അമ്മയുടെ ആരോഗ്യത്തെ ആശ്രയിക്കുന്നതിനാല്‍ ഗര്‍ഭകാലത്തെ അമ്മയുടെ ആരോഗ്യ സംരക്ഷണത്തിലും പോഷകസമ്പുഷ്ടമായ ഭക്ഷണത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. ധാരാളം നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും പയറുവര്‍ഗങ്ങളും ചെറുമത്സ്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. കൈതച്ചക്ക, പപ്പായ, മുതിര തുടങ്ങിയ ഉഷ്ണവീര്യപ്രധാനമായവ കഴിവതും ഒഴിവാക്കേണ്ടതാണ്. 
ഗര്‍ഭധാരണത്തിന്‍െറ ആദ്യഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഛര്‍ദി. മലരിട്ട്  വെള്ളം തിളപ്പിച്ച് കുടിക്കുന്നതും രാമച്ചം ഇട്ട മണ്‍പാത്രത്തില്‍ ഒഴിച്ച് വെള്ളംകുടിക്കുന്നതും ഛര്‍ദിയുടെ കാഠിന്യം കുറക്കും. തീര്‍ത്തും രോഗാവസ്ഥയായി മാറുന്ന ഛര്‍ദിക്ക് വില്വാദിലേഹ്യം, മാതളരസായനം തുടങ്ങി ആവശ്യാനുസരണം ഉപയോഗിക്കാവുന്ന പല ഒൗഷധങ്ങളും ആയുര്‍വേദത്തില്‍ പറയുന്നു. 
ഗര്‍ഭാവസ്ഥയില്‍ കുട്ടിയുടെയും അമ്മയുടെയും ആരോഗ്യസംരക്ഷണത്തിനായി ഓരോ മാസവും കഴിക്കേണ്ട പാല്‍കഷായം, ഗര്‍ഭരക്ഷക്കും സുഖപ്രസവത്തിനും വിളര്‍ച്ച തടയുന്നതിലേക്കും പലവിധം മരുന്നുകളും ഘൃതങ്ങളും ഗുളികകളും ആയുര്‍വേദം അനുശാസിക്കുന്നു. എങ്കിലും, ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഴിവതും അരിഷ്ടാസവങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഏഴു മാസത്തിനുശേഷം തൈലം തേച്ച് കുളിക്കുന്നത് സുഖപ്രസവത്തിന് സഹായിക്കുന്നു. 
ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയുടെ മാനസികമായ ആരോഗ്യസംരക്ഷണത്തിനും ആയുര്‍വേദം പ്രാധാന്യം കല്‍പിക്കുന്നു. അതിയായ ശോകം, ക്രോധം തുടങ്ങിയവ ഒഴിവാക്കാനും സദാ പ്രസന്നവതിയായിരിക്കാനും വെളുത്ത വസ്ത്രം ധാരിക്കാനും ആയുര്‍വേദം ഗര്‍ഭിണികളെ  ഉപദേശിക്കുന്നു. 

പ്രസവരക്ഷ
പ്രസവശേഷം ഉടനത്തെന്നെ അമ്മയുടെ ഗര്‍ഭപാത്രം ചുരുങ്ങാന്‍ തുടങ്ങുന്നു. പ്രസവസമയത്ത് ഗര്‍ഭപാത്രം അതിന്‍െറ സ്വാഭാവിക വലുപ്പത്തെക്കാള്‍ 500 മടങ്ങ് വലുതായിരിക്കും. ഉദരത്തിലെയും ഇടുപ്പിലെയും പേശികള്‍ ചുരുങ്ങുകയും സ്തനങ്ങള്‍ മുലയൂട്ടലിന് സജ്ജമാവുകയും ചെയ്യുന്നു. പ്രസവം കഴിഞ്ഞ ഉടനെ അമ്മയില്‍ ദഹനശേഷിയും ആഹാരത്തോടുള്ള താല്‍പര്യവും കുറഞ്ഞുവരുന്നത് പതിവാണ്. പ്രസവം കഴിഞ്ഞതിനുശേഷമുണ്ടാകുന്ന പേശീസങ്കോചംകൊണ്ടുള്ള ക്ഷീണം മാറാനും മുലപ്പാല്‍ ഉണ്ടാകാനും പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടത് ആവശ്യമാണ്. ഈ സമയത്ത്  ആയുര്‍വേദ ഒൗഷധങ്ങള്‍ ഗര്‍ഭാശയം ചുരുങ്ങുന്നതിനും ദഹനശേഷി വര്‍ധിപ്പിച്ച് ക്ഷീണമകറ്റുന്നതിനും സഹായിക്കുന്നു. 

കുഞ്ഞ് ജനിച്ച് ആറുമാസം വരെയും മുലപ്പാല്‍ മാത്രമാണ് ആഹാരം. മുലപ്പാലിന്‍െറ ലഭ്യത അമ്മയുടെ ആഹാരത്തെ ആശ്രയിച്ചിരിക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നതും പഴങ്ങളും പച്ചക്കറികളും പയര്‍വര്‍ഗങ്ങളും കഴിക്കുന്നതും മുലപ്പാലിന്‍െറ ലഭ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. മുലയൂട്ടലിലൂടെ അമ്മയും കുഞ്ഞും തമ്മില്‍ സുദൃഢമായ ഒരു സ്നേഹബന്ധം ഉടലെടുക്കുന്നു. കൂടാതെ താല്‍കാലികമായ ഗര്‍ഭനിരോധമാര്‍ഗമായും സ്തന-ഗര്‍ഭാശയ കാന്‍സറുകളെ ചെറുക്കുകയും ചെയ്യുന്നു. 

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ സ്വീകരിക്കുന്ന തെറ്റായ ആഹാരക്രമങ്ങള്‍, അമിത അധ്വാനം, പ്രസവവൈഷമ്യം, അടുത്തടുത്ത പ്രസവം എന്നിവ അമ്മയുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഈ സമയങ്ങളില്‍ ആയുര്‍വേദ ചികിത്സചെയ്യുന്നത് അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആയുര്‍വേദം നിര്‍ദേശിക്കുന്ന ദശമൂലം, ജീരകം, കൊടുവേലി, ചിറ്റാമൃത്, തൃഫല, ചുക്ക് തുടങ്ങിയ ഒൗഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന മരുന്ന് സേവിക്കുന്നത് ദഹനശേഷി വര്‍ധിപ്പിക്കാനും അടപതിയന്‍, പാല്‍മുതക്ക്, നിലപ്പനക്കിഴങ്ങ്, ശതാവരി തുടങ്ങിയ ഒൗഷധങ്ങള്‍ മുലപ്പാലിന്‍െറ അളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. 

പ്രസവശേഷം ഉണ്ടാകുന്ന അസുഖങ്ങളെല്ലാംതന്നെ ശിശുക്കളുടെ ആരോഗ്യത്തെയും ബാധിക്കുന്നതിനാല്‍ ആദ്യമാസം സമ്പൂര്‍ണ വിശ്രമമാണ് അഭികാമ്യം. അല്ലാത്തപക്ഷം നടുവേദന, അമിതമായ ക്ഷീണം തുടങ്ങിയ അസുഖങ്ങള്‍ വരും. ഈ ആധുനികകാലത്തിലും ഗര്‍ഭകാലചര്യയും പ്രസവരക്ഷയും കേരളീയര്‍ ആയുര്‍വേദം അനുശാസിക്കുന്നവിധത്തിലാണ് ചെയ്യുന്നത് എന്നതുതന്നെ ആയുര്‍വേദത്തിന്‍െറ മഹത്ത്വം വിളംബരം ചെയ്യുന്നു. ആരോഗ്യമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ ആരോഗ്യമുള്ള അമ്മമാര്‍ക്കേ കഴിയൂ എന്ന കാര്യം മുന്‍നിര്‍ത്തി എല്ലാ സ്ത്രീകളും ആയുര്‍വേദവിധിപ്രകാരമുള്ള ചര്യകള്‍ അനുഷ്ഠിക്കേണ്ടത് അത്യാവശ്യമാണ്. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.