ഹത്ത അണക്കെട്ടില്‍ മഴക്കൊപ്പം തുഴയെറിയാം

ഷാര്‍ജ: മഴയിങ്ങനെ നിറുത്താതെ പെയ്യുമ്പോള്‍ കിട്ടുന്ന ഒരവധി ദിവസം എവിടേക്ക് പോകുമെന്ന് ആലോചിച്ച് വിഷമിക്കുകയാണോ. മഴയുള്ളപ്പോള്‍ പോകാന്‍ പറ്റിയ ഇടമാണ് ഹത്ത മലയോര മേഖല. മഴക്കാലത്ത് തനി കേരള കാഴ്ച്ചകള്‍ പകരുന്ന മേഖലയാണിത്. മഴ നനഞ്ഞ് തോണി തുഴയാനുള്ള ആഗ്രഹം മനസിലുള്ളവര്‍ക്ക് ഇതിലും പറ്റിയൊരിടം യു.എ.ഇയിലില്ല. പെഡല്‍ ബോട്ടുകളും ഒറ്റക്ക് തുഴയാനുള്ള വഞ്ചികളും ഇവിടെ യഥേഷ്ടം. 

മലയില്‍ നിന്ന് മഴ ഹത്ത അണക്കെട്ടിലേക്ക് വരുമ്പോള്‍ പാറയില്‍ തട്ടിയുണരുന്നൊരു സംഗീതമുണ്ട്. ആകാശവും ഭൂമിയും ചേര്‍ന്നൊരുക്കുന്ന ജൈവ സംഗീതമെന്ന് അതിനെ വിളിച്ചാല്‍ അതിശയോക്തിയാവില്ല. പച്ചനിറമാര്‍ന്ന ജലാശയത്തിലേക്ക് വെള്ളിപോലുള്ള മഴതുള്ളികള്‍ വീണ് ചിതറുന്ന താളത്തില്‍ മീനുകള്‍ പുളച്ച് നടക്കുന്നത് കാണാനും നല്ല ചേലാണ്. മഴ പെയ്യുമ്പോളാണ് ഹത്ത അണക്കെട്ടില്‍ കയാക്കിങ് നടത്തേണ്ടത്. മുക്കാല്‍ ഭാഗവും മലയാല്‍ ചുറ്റപ്പെട്ട അണക്കെട്ടിലൂടെ എത്ര തുഴഞ്ഞാലും പൂതി തീരില്ല. പലതരം മീനുകള്‍ തുഴപാടുകളിലേക്ക് പുളച്ചത്തെും. 

നിരവധി പേരാണ് ഹത്ത അണക്കെട്ടില്‍ വഞ്ചി തുഴയാനത്തെുന്നത്. അപകടങ്ങള്‍ നടക്കാനിടയായാല്‍ ഉടനടി രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.  പെഡല്‍ ബോട്ടില്‍ മുതിര്‍ന്ന രണ്ട് പേര്‍ക്കും രണ്ട് കുട്ടികള്‍ക്കും സുഖമായിരുന്ന് തുഴയാം. പെഡല്‍ ബോട്ടില്‍ ഒരു റൈഡിന് 120 ദിര്‍ഹം നല്‍കണം. തോണിയില്‍ ഒരാള്‍ക്കാണ് തുഴയാനാവുക. ഒരു റൈഡിന് 60 ദിര്‍ഹമാണ് നിരക്ക്. ഞായര്‍, ബുധന്‍, വ്യാഴം ശനി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് ഹത്തയില്‍ തുഴയെറിയാനാവുക. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 11.30 വരെയും ഉച്ച രണ്ട് മുതല്‍ വൈകീട്ട്  5.30 വരെയും തുഴയാനുള്ള സൗകര്യമുണ്ട്.  തിങ്കള്‍ ചൊവ്വ ദിവസങ്ങള്‍ അവധിയാണ്. www.hattakayak.com എന്ന സൈറ്റില്‍   വിശദാംശങ്ങള്‍ ലഭിക്കും.  

Tags:    
News Summary - uae travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.