ജി.സി.സി റെയില്‍വേ പദ്ധതി: നിര്‍മാണം 56 ശതമാനം പൂര്‍ത്തിയായി

അബൂദബി: ജി.സി.സി. റെയില്‍വേ പദ്ധതിയുടെ നിര്‍മാണം 56 ശതമാനത്തോളം പൂര്‍ത്തിയായതായി ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി. ആറ് ഗള്‍ഫ് രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന 2117 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ ശൃംഖലയുടെ പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ 2030 ഡിസംബറില്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. യാത്രക്കാരെയും ചരക്കുകളും ഒരേസമയം കൊണ്ടുപോകാന്‍ കഴിയുന്നതാണ് പദ്ധതി.

കുവൈത്ത് മുതല്‍ ഒമാന്‍ വരെ നീളുന്ന റൂട്ടില്‍ അബൂദബി, അല്‍ ഐന്‍ തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോകുന്നത്. പ്രാദേശിക ഗതാഗത രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നതാണ് പദ്ധതി.

ജി.സി.സി. രാജ്യങ്ങളുടെ ദേശീയ റെയില്‍വേ ശൃംഖലകളെ പരസ്പരം ബന്ധിപ്പിച്ച്, ഏകീകൃത സംവിധാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആറ് ജി.സി.സി രാജ്യങ്ങളും ബഹ്റൈനില്‍ വച്ച് പൊതുകരാറില്‍ ഒപ്പുവെച്ചു. നവംബര്‍ എട്ടിന് റിഫ അല്‍ സാഹിര്‍ കൊട്ടാരത്തിലാണ് ഈ ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്. അംഗരാജ്യങ്ങള്‍ക്ക് ഈ റെയില്‍വേ ശൃംഖല എങ്ങനെ നടപ്പിലാക്കാമെന്നും പ്രവര്‍ത്തനക്ഷമമാക്കാമെന്നും വ്യക്തമാക്കുന്ന പൊതുവായ ചട്ടക്കൂട് ഈ കരാര്‍ ഉറപ്പാക്കുന്നു.

മനാമയില്‍ ഞായറാഴ്ച നടന്ന ജി.സി.സി. ഗതാഗത മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കവെ, സമുദ്ര ഇടനാഴികളിലെ സമീപകാല തടസ്സങ്ങളും വര്‍ദ്ധിച്ചുവരുന്ന ഷിപ്പിങ്, ഇന്‍ഷുറന്‍സ് ചെലവുകളും ഗതാഗത-ലോജിസ്റ്റിക് ശൃംഖലകള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുക്കാണിക്കുന്നതാണെന്ന് അല്‍ ബുദൈവി വ്യക്തമാക്കി. ബദല്‍ പാതകള്‍ ഒരുക്കുന്നതില്‍ യു.എ.ഇ., സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ നല്‍കിയ പിന്തുണയെ അദ്ദേഹം പ്രത്യേകമായി പ്രശംസിച്ചു.

യു.എ.ഇ വഴി കടന്നുപോകുന്ന റെയില്‍വേ റൂട്ട്

ജി.സി.സി. സെക്രട്ടറിയേറ്റിന്‍റെ കണക്കുപ്രകാരം, നിര്‍ദിഷ്ട റെയില്‍വേ റൂട്ട് കുവൈത്തില്‍ ആരംഭിച്ച് സൗദി അറേബ്യയിലെ ദമ്മാമിലേക്ക് നീളുകയും അവിടെനിന്ന് ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് കണക്ഷനുകള്‍ നല്‍കുകയും ചെയ്യും.

സൗദി അറേബ്യയില്‍നിന്ന് ഈ ശൃംഖല അബൂദബി, അല്‍ ഐന്‍ എന്നിവയിലൂടെ കടന്ന് ഒമാനിലെ സോഹാര്‍ വഴി മസ്‌കറ്റില്‍ എത്തിച്ചേരും. യു.എ.ഇയുടെ ദേശീയ റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചറുമായി ഈ പ്രാദേശിക ശൃംഖല ബന്ധിപ്പിക്കത്തക്ക രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൗദി അതിര്‍ത്തിയിലേക്കുള്ള റെയില്‍വേ കണക്ഷന്റെ നിര്‍മാണം യു.എ.ഇ ഇതിനകം പൂര്‍ത്തിയാക്കിയതായി ജി.സി.സി. സെക്രട്ടേറിയറ്റ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ, സോഹാറിനെ യു.എ.ഇ. ദേശീയ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 238 കിലോമീറ്റര്‍ നീളമുള്ള ‘ഹഫീത് റെയില്‍’ പദ്ധതിയും യു.എ.ഇയും ഒമാനും സംയുക്തമായി വികസിപ്പിച്ചുവരികയാണ്.

വേഗതയും യാത്രാ ശേഷിയും

യാത്രാ വേഗത: പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 200 കി.മീ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്.

ചരക്ക് നീക്കം: ചരക്കു തീവണ്ടികള്‍ മണിക്കൂറില്‍ 80 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ സര്‍വീസ് നടത്തും.

യാത്രക്കാരുടെയും ചരക്കിന്‍റെയും കണക്ക്: 2045ഓടെ ഈ ശൃംഖലയിലൂടെ എട്ട് ദശലക്ഷത്തിലധികം യാത്രക്കാരെയും 95 ദശലക്ഷം ടണ്‍ ചരക്കുകളും വഹിക്കാന്‍ കഴിയുമെന്നാണ് ജി.സി.സി സെക്രട്ടേറിയറ്റിന്‍റെ മുന്‍കാല പ്രൊജക്ഷനുകള്‍ വ്യക്തമാക്കുന്നത്.

Tags:    
News Summary - GCC Railway Project: 56% of Construction Completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.