കെയ്റോയിലെ അൽ ഒബൂർ സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഈജിപ്ത് ആഭ്യന്തര വിതരണ മന്ത്രിയും ഈജിപ്ത് ട്രേഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാനുമായ ഹുസ്സാം അൽ ഗരാഹി ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സമീപം
ഈജിപ്തിൽ സാന്നിധ്യം വിപുലീകരിച്ച് ലുലു; കെയ്റോയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്
കെയ്റോ: ഈജിപ്തിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കെയ്റോയിലെ അൽ ഒബൂർ സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ഈജിപ്തിലെ യു.എ.ഇ അംബാസഡർ ഹമദ് ഉബൈദ് ഇബ്രാഹിം സാലിം അൽ സഅബി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ, ഈജിപ്ത് ആഭ്യന്തര വിതരണ മന്ത്രിയും ഈജിപ്ത് ട്രേഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാനുമായ ഹുസ്സാം അൽ ഗരാഹി പുതിയ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഈജിപ്തിൽ വിപുലമായ പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും, കൂടുതൽ നിക്ഷേപ പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ലുലുവിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകിവരുന്ന ഭരണനേതൃത്വത്തിന് എം.എ. യൂസഫലി നന്ദി അറിയിച്ചു.
1,06,000 ചതുരശ്രയടി വിസ്തീർണത്തിൽ ഒരുക്കിയ പുതിയ ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, പഴം-പച്ചക്കറികൾ, ഫ്രഷ് ഫുഡ്, ബേക്കറി ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഫാഷൻ ആക്സസറികൾ തുടങ്ങി വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അന്തരീക്ഷം ഒരുക്കുന്നതിനായി വിശാലമായ പാർക്കിങ് സൗകര്യങ്ങളും സെൽഫ് ചെക്ക്ഔട്ട് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ ലുലു ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ഗ്രൂപ്പ് ഡയറക്ടർ – ഗ്ലോബൽ ഓപറേഷൻസ് ആൻഡ് ചീഫ് സസ്റ്റൈനബിലിറ്റി ഓഫിസർ മുഹമ്മദ് അൽത്താഫ്, ലുലു ചീഫ് ഓപറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ വി.ഐ. സലിം, ലുലു ഇന്റർനാഷനൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആനന്ദ് റാം, ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽ മജീദ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.