ഗതാഗത നിയമലംഘനം; 35,928 സ്കൂട്ടറുകളും സൈക്കിളുകളും ഇ-ബൈക്കുകളും പിടിച്ചെടുത്തു

​ദുബൈ: ഗതാഗത നിയമലംഘനങ്ങളും അശ്രദ്ധമായ യാത്രയും നടത്തിയ 35,928 സ്കൂട്ടറുകളും സൈക്കിളുകളും ഇ-ബൈക്കുകളും പിടിച്ചെടുത്തു. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർ.ടി.എ) ദുബൈ പോലീസും സംയുക്തമായി ദുബൈയിലെ സൈക്ലിങ്​ ട്രാക്കുകൾ, പ്രധാന റോഡുകൾ, സോഫ്റ്റ് മൊബിലിറ്റി സോണുകൾ എന്നിവിടങ്ങളിലാണ്​ പരിശോധന നടത്തിയത്​. എമിറേറ്റിലെ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും ഗതാഗത സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുമാണ് കാമ്പയിനുകൾ സംഘടിപ്പിച്ചത്.

​അനധികൃത ഇലക്ട്രിക് സൈക്കിളുകളുടെയും മോട്ടോർ സൈക്കിളുകളുടെയും ഉപയോഗം, നിശ്ചിത ട്രാക്കുകൾക്ക് പുറത്തുകൂടിയുള്ള യാത്ര, അമിതവേഗത, ഗതാഗത ദിശക്ക്​ എതിരെയുള്ള സഞ്ചാരം, ഇലക്ട്രിക് സ്കൂട്ടറിൽ പിൻസീറ്റ് യാത്രക്കാരെ കയറ്റൽ എന്നിവയായിരുന്നു പ്രധാന നിയമലംഘനങ്ങൾ. നിയമം ലംഘിച്ചവർക്കെതിരെ പിഴ ചുമത്തുകയും വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ സംയുക്ത യൂനിറ്റ് സ്വീകരിച്ചു.

​യാത്രക്കാർക്കിടയിൽ ഗതാഗത സുരക്ഷാ സംസ്കാരം വളർത്തിയെടുക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനും ആർടിഎ പ്രതിജ്ഞാബദ്ധമാണെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസിയിലെ ട്രാഫിക് ഡയറക്ടർ അഹമ്മദ് അൽ ഖുസൈമി പറഞ്ഞു. ഇതിനായി വ്യക്തമായ മാർഗനിർദേശങ്ങളടങ്ങിയ സൈൻ ബോർഡുകളോടുകൂടിയ സുരക്ഷിതമായ സൈക്ലിങ്​ ട്രാക്കുകൾ ഒരുക്കിയിട്ടുണ്ടെന്നും എല്ലാവരുടെയും സുരക്ഷക്കായി അശ്രദ്ധമായ പെരുമാറ്റങ്ങൾ തുടർന്നും നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

​അടിസ്ഥാന സൗകര്യ വികസനവും സുരക്ഷിതമായ പ്രവർത്തന മാനദണ്ഡങ്ങളും സംയോജിപ്പിച്ച് സുസ്ഥിരവും തടസ്സമില്ലാത്തതുമായ ഗതാഗത അന്തരീക്ഷം ഒരുക്കാനാണ് ആർ.ടി.എ ശ്രമിക്കുന്നത്​. സംയോജിത ഗതാഗത സംവിധാനത്തിലെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഈ സംയുക്ത യൂനിറ്റ് എന്നും അൽ ഖുസൈമി അഭിപ്രായപ്പെട്ടു.

​വ്യക്തിഗത ഗതാഗത ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന നിയമങ്ങൾ കർശനമായി നടപ്പാാക്കുന്നതിനും ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ആർ.ടി.എയുമായി ചേർന്നുള്ള ഈ പരിശോധനകളെന്ന് ദുബൈ പൊലീസ് ജനറൽ ഡിപാർട്ട്‌മെന്‍റ്​ ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ പറഞ്ഞു. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ തടയുന്നതിനായി ഫീൽഡ് തലത്തിലുള്ള പരിശോധനകളും ബോധവൽക്കരണ കാമ്പയിനുകളും തുടരുമെന്നും, കാൽനടയാത്രക്കാരുടെ അവകാശങ്ങൾ മാനിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Dubai Seizes Illegal Scooters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.