?????? ????? ?????????? ??????? ??. ??????????

ഭൂമിയെ സ്​നേഹിക്കാൻ പഠിപ്പിച്ച്​ ‘ബിയോണ്ട് സ്​ക്വയർഫീറ്റ്’

പ്രകൃതി സംരക്ഷണം മുഖ്യപ്രമേയമാക്കി പ്രമുഖ കെട്ടിട നിർമാതാക്കളായ അസറ്റ് ഹോംസ് മൂന്ന് വർഷമായി ജല, പരിസ്ഥിതി, പാർപ്പിട ദിനങ്ങളിൽ നടത്തിവരുന്ന​ ബോധവത്​ക്കരണ പരിപാടി ‘ബിയോണ്ട് സ്​ക്വയർഫീറ്റ്’ ഇക്കുറി ദുബൈയിൽ നടക്കും. ഇതി​​െൻറ ഭാഗമായ പ്രഭാഷണ പരമ്പരയുടെ പത്താമത്​ എഡിഷൻ ‘ഗൾഫ്​ മാധ്യമ’വുമായി ചേർന്നാണ്​ സംഘടിപ്പിക്കുന്നത്​. ലോക ജലദിനത്തോടനുബന്ധിച്ച്​ മാർച്ച്​ 23 ന്​ അൽ റിഗ്ഗ ​ഫ്ലോറ ഗ്രാൻറ്​ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ആർക്കിടെക്​റ്റ്​ ജി. ശങ്കർ ആണ് പ്രഭാഷണം നടത്തുക. ഭൂമിയോടും പരിസ്​ഥിതിയോടുമുള്ള ഓരോ മനുഷ്യ​​െൻറയും പ്രതിബദ്ധത ഓർമപ്പെടുത്തുന്ന ബിയോണ്ട് സ്​ക്വയർഫീറ്റിനെക്കുറിച്ച് അസറ്റ് ഹോംസ് മാനേജിങ്ങ് ഡയറക്ടർ വി. സുനിൽകുമാർ സംസാരിക്കുന്നു. 

*‘ബിയോണ്ട് സ്​ക്വയർഫീറ്റ്’ സമൂഹത്തോട് സംവദിക്കുന്നതെന്താണ്?
•വളർച്ചയുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഏത് രംഗത്ത് നോക്കിയാലും വികസനം മാത്രമാണ്. പക്ഷേ എന്താണ് വികസനം എന്ന ചോദ്യം ബാക്കിയാവുന്നു. മനുഷ്യർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന, പ്രകൃതി കനിഞ്ഞു നൽകിയ കാര്യങ്ങളെ നിലനിർത്തിക്കൊണ്ടുള്ള സുസ്ഥിര വികസനമാണ് യഥാർഥ വികസനം. ഈ സുസ്ഥിര വികസനത്തിലൂന്നിയാണ് അസറ്റ് ഹോംസി​െൻറ യാത്ര. പ്രകൃതിയൊഴികെ ബാക്കിയൊന്നും വരും തലമുറക്കായി കാത്തുവെക്കണമെന്നില്ല. ഇന്നുണ്ടാക്കുന്നതിനേക്കാൾ മനോഹരമായ നിർമിതികൾ വരും തലമുറകൾ ഉണ്ടാക്കും. എന്നാൽ നമ്മൾ സൃഷ്​ടിക്കാത്ത കുറേ കാര്യങ്ങൾ ചുരുങ്ങിയത് അതേപടിയെങ്കിലും നിലനിർത്തുക എന്നതിലാണ് സുസ്ഥിര വികസനത്തി​െൻറ പ്രാധാന്യം.  ഈ ആശയം നമ്മൾ  അനുസ്മരിക്കുന്നത് പാരിസ്ഥിതികമായ കാര്യങ്ങളുമായി ബന്ധപ്പെടുമ്പോഴാണ്. ലോക ജലദിനം, പാർപ്പിട ദിനം, പരിസ്ഥിതി ദിനം എന്നിവ ഉദാഹരണങ്ങളാണ്. വികസനവുമായി വളരെയേറെ ബന്ധമുള്ളതാണ് ഈ മൂന്നുദിനങ്ങളും. നിർമിതികൾക്കപ്പുറം വേറെയും ചില കാര്യങ്ങളുണ്ട് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തെ ചുവടുപിടിച്ച് നടത്തുന്ന പരിപാടിയാണ് ബിയോണ്ട് സ്​ക്വയർഫീറ്റ്. സമൂഹത്തോടും പരിസ്ഥിതിയോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരമൊരു പ്രഭാഷണപരമ്പര ആരംഭിക്കുന്നത്.

*എന്തുകൊണ്ടാണ് പ്രഭാഷണ പരമ്പര തെരഞ്ഞെടുത്തത്. അതിലൂടെ എത്രത്തോളം ആളുകളെ ബോധവത്കരിക്കാനാവും?
•ആശയങ്ങൾ ആളുകളിലേക്ക് സംവേദിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് പറഞ്ഞുവല്ലോ. അതിന് പറ്റിയ ഒരു മാർഗം പ്രഭാഷണം തന്നെയാണ്. പരിസ്ഥിതിയും ജലവും പാർപ്പിടവുമായി ബന്ധപ്പെട്ട വിഷയത്തിൽ അറിവും പാണ്ഡിത്യവുമുള്ളയാളെ കണ്ടുപിടിക്കുകയും ആശയങ്ങൾ സ്വീകരിക്കാൻ താൽപര്യമുള്ള വ്യക്തികളിലേക്ക് അത് സംവേദിപ്പിക്കുകയും ചെയ്യാൻ സാധിക്കും. ബിയോണ്ട് സ്വയർഫീറ്റി​െൻറ ആദ്യത്തെ പരിപാടി എറണാകുളത്തായിരുന്നു. എറണാകുളം പോലുള്ള നഗരത്തിൽ വൈകുന്നേരം ആറുമണിക്ക് പ്രഭാഷണം കേൾക്കാൻ ആളെ കിട്ടുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ ഞങ്ങളുടെ പ്രതീക്ഷകളൊക്കെ തെറ്റിച്ച് ആദ്യം നടത്തിയ പ്രഭാഷണത്തിന് താജിലെ ഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു. ആർക്കിടെക്റ്റ്​ എസ്.കെ. ദാസ് ആയിരുന്നു പ്രഭാഷകൻ.  ആളുകൾക്ക് ഈ വിഷയങ്ങളെക്കുറിച്ച് ആശങ്കയുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചർച്ച താജിലോ ലെ മെറിയഡിനിലോ നടത്തുന്നത് ഉചിതമാണോ എന്ന ചോദ്യം വരും. പരിസ്ഥിതിെയ കുറിച്ച് പറയാൻ റോഡിൽ നിന്ന് പ്രസംഗിക്കണമെന്നൊന്നും ഇല്ല. 

*ജനങ്ങളിൽ നിന്ന് 'ബിയോണ്ട് സ്വയർ ഫീറ്റിന്' ലഭിച്ച പിന്തുണ എന്തായിരുന്നു? 
•കേരളത്തിൽ കൊച്ചി, തിരുവന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നിവടങ്ങളിൽ രണ്ടുതവണയായി പ്രഭാഷണങ്ങൾ നടത്തി. ആർക്കിടെക്​റ്റ്​ ജി. ശങ്കർ, പ്രഫ. ഡോ. അമിതാഭ്കുണ്ടൂർ, യു.എൻ. രവികുമാർ, ഇക്ബാൽ ഹബീബ്, വിശ്വനാഥ് , യതിൻ പാണ്ഡ്യ, മോഹൻ റാവു, മാധവ് ജോഷി തുടങ്ങി പ്രമുഖരാണ് ഓരോ തവണയും പ്രഭാഷണം നടത്തിയത്. നല്ല പ്രഭാഷകർക്ക് ആളുകളെ സ്വാധീനിക്കാൻ കഴിയും എന്നത് സത്യമായിരുന്നു. അതിന് ഉദാഹരണമായിരുന്നു കോട്ടയത്ത് നടത്തിയ പരിപാടി. ഓപൺ പാർക്കിലാണ് പരിപാടി നടന്നത്. മഴയെക്കുറിച്ചായിരുന്നു പ്രഭാഷണം. അത്ഭുതമെന്ന് പറയട്ടെ അന്ന് ഭയങ്കര മഴയായിരുന്നു. ആളുകൾ മഴകൊണ്ട് സംസാരം മുഴുവനും കേട്ടു. അടുത്ത ഘട്ടത്തിൽ നാടകങ്ങൾ നടത്തിയാലോ എന്ന ആലോചനയുണ്ട്. ജലം, പരിസ്ഥിതി, പാർപ്പിടം തുടങ്ങിയ ആശയങ്ങൾ വരുന്ന നാടകങ്ങൾ ഒരുപക്ഷേ ആളുകളെ കൂടുതൽ ആകർഷിക്കും. കൂടാതെ ചർച്ചകൾ, കഥപറച്ചിൽ, പുസ്തക വായന ഇങ്ങനെ വേറിട്ട പരിപാടികളും മനസിലുണ്ട്.
ഇത്തരം അനുഭവങ്ങൾ കൂടുതൽ സ്വാധീനം ചെലുത്തുന്നത് കുട്ടികളിലാണ്. അവർക്ക് പരിസ്ഥിതിയെക്കുറിച്ചുള്ള കാര്യങ്ങളിൽ ചിന്തയുണ്ട്. വെള്ളത്തി​െൻറ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരാണ്. നേരെ മറിച്ച് കുറച്ച് വയസായ ആളുകൾക്കൊന്നും ആ പേടി കാണുന്നില്ല. അവരൊക്കെ ധാരാളം വെള്ളം കണ്ട് വളർന്നവരാണ്. പക്ഷേ പുതിയ കുട്ടികൾ വെള്ളത്തി​െൻറ ആവശ്യകതയെക്കുറിച്ചാണ് എല്ലായിടത്തുനിന്നും കേൾക്കുന്നത്.

*അസറ്റി​െൻറ പദ്ധതികൾ പരിസ്ഥിതി സൗഹൃദമാക്കുന്നതി​െൻറ ഭാഗമാണോ ഇത്തരം പരിപാടികൾ ?
•ബിസിനസിൽ പൂർണമായും അങ്ങനെയാവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. എന്നാലും നമ്മുടെ പദ്ധതികളിൽ അതി​​െൻറ കയ്യൊപ്പുകൾ ഉണ്ടാകാൻ ശ്രമിക്കാറുണ്ട്. പരമാവധി പച്ചപ്പുകൾ നിലനിർത്താൻ ശ്രമിക്കാറുണ്ട്. മിക്ക ഫ്ലാറ്റുകളിലും വെള്ളം  റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നുണ്ട്. 
അതായത് ചട്ടക്കൂടിനകത്ത് നിന്ന് കൊണ്ട് നമുക്ക് ചെയ്യാനാവുന്നത് ചെയ്യും. ഫ്ലാറ്റ് വാങ്ങുമ്പോൾ സമ്മാനമായി അസറ്റ് നൽകുന്നത് സോളാർ വിളക്കാണ്. വെറുതെ പുറത്ത് വെച്ചാൽ വൈദ്യുതിയില്ലാതെ രാത്രി വെളിച്ചം ലഭിക്കും. എല്ലാ ഫ്ലാറ്റുകളിലും ഇത്തരത്തിൽ സോളാർ വിളക്ക് കത്തി നിൽക്കുമ്പോൾ അത് പരിസ്ഥിതി സൗഹൃദമാകും.  ബിയോണ്ട് സ്​ക്വയർഫീറ്റിനെപോലെ വേറിട്ട് ചിന്തിക്കാനുള്ള ആഗ്രഹത്തി​െൻറ പുറത്താണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. അതൊരു മാറ്റത്തി​െൻറ കൂടി തുടക്കമാണ്. ആളുകൾ ആവശ്യപ്പെടുകയാണെങ്കിൽ നമ്മൾ ചെയ്തുകൊടുക്കും. സമൂഹത്തി​െൻറ ചിന്തയിലും ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. 
ഞങ്ങളും പരിസ്ഥിതിയുടെ ഭാഗമാണ്. അതിൽനിന്ന് മാറി നിൽക്കാൻ സാധിക്കില്ല. പരിസ്ഥിതിക്കും പച്ചപ്പിനും സുസ്ഥിരവികസനത്തിനും പ്രാധാന്യം നൽകുകയും ബിസിനകത്ത് മാറ്റങ്ങൾ വരുത്താതിരിക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നത്. വളരെ എളിയ ശ്രമം എന്നുതന്നെ ഇതിനെ വിളക്കാം.

*വീടില്ലാത്ത ആളുകൾ, ആളില്ലാത്ത വീടുകൾ.. ഇതാണ് ഇന്ന് മിക്കയിടത്തെയും അവസ്ഥ. കുറേയേറെ നിർമിതികൾ ആവശ്യമുണ്ടോ എന്നത് ചിന്തിക്കേണ്ട കാര്യമല്ലേ?
•ശരിയാണ്. ഒരുപാട് സ്ഥലങ്ങളിൽ ഇത്തരം നിർമിതികൾ ആവശ്യമുണ്ടോ എന്നത് ചർച്ച ചെയ്യേണ്ട കാര്യമാണ്. കൊച്ചിയിൽ തന്നെ ലക്ഷക്കണക്കിന് വീടുകളിൽ ആളില്ല. ഒരു ബിൽഡർ എന്ന നിലക്ക് ഒരു സുപ്രഭാതത്തിൽ ഇതൊന്നും മാറ്റിമറിക്കാൻ സാധിക്കില്ല. ഞങ്ങൾ പ്രവർത്തിക്കുന്നത് നാട്ടിലെ ചില നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. 
സാമൂഹിക ജീവി എന്ന നിലക്ക് നമുക്ക് ചെയ്യാനാവുന്നത് ആളുകളെ ചിന്തിപ്പിക്കുക, പ്രബുദ്ധരാക്കുക, ബോധവത്കരിക്കുക എന്നതാണ്. അതിനപ്പുറത്ത് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ പരിമിതമാണ്. നാളെ മുതൽ സുസ്ഥിര വികസനത്തിലൂന്നി മാത്രമേ കെട്ടിടങ്ങൾ പണിയൂ എന്നു തീരുമാനിക്കാൻ പറ്റില്ല. അത് ചിലപ്പോൾ ആളുകൾ ഇഷ്​ടപെടണമെന്നില്ല. ജനങ്ങളുടെ ആവശ്യമനുസരിച്ചാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഞങ്ങളുടെ ഇഷ്​ടം മാത്രം നോക്കി കെട്ടിടങ്ങൾ പണിതാൽ ആളുകൾ വാങ്ങില്ല. ആരെയും അടിച്ചേൽപ്പിച്ച് ബിസിനസ് നടത്താനും സാധിക്കില്ല.  ഇവിടെ ബിൽഡർ എന്ന നിലയിൽ ചെയ്യാനാവുക ഇതിനേക്കാൾ ശരിയായ കാര്യങ്ങൾ ഇനിയുമുണ്ടെന്ന് ആളുകളെ ഓർമപ്പെടുത്താനും ചിന്തിപ്പിക്കാനും ശ്രമിക്കുക എന്നതാണ്.  ആശയത്തി​െൻറ ഭാഗമായാണ് വർഷത്തിൽ മൂന്ന് ദിവസം ഞങ്ങൾ ഇതിനായി മാറ്റിവെക്കുന്നത്.

*പരിസ്ഥിതിയുമായി ബന്ധപ്പെട്ട പരിപാടികൾ നടത്തുമ്പോൾ അത് വാണിജ്യപരമായ രീതിയിലേക്ക് മാറാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടോ?
•തീർച്ചയായും. ഇതൊരു വാണിജ്യപരമായ പരിപാടിയാക്കാതിരിക്കാൻ നമ്മൾ പരമാവധി ശ്രദ്ധിക്കാറുണ്ട്. പരിപാടിയുടെ നടത്തിപ്പും പ്രഭാഷണത്തി​െൻറ രീതിയും പരിസ്ഥിതിയുമായി ബന്ധപ്പെടുത്തിയാണ് നടത്തുന്നത്. അസറ്റിന് ഇതൊരു പാഷനായി മാറിയിരിക്കുന്നു. എല്ലാവർഷവും മൂന്നുദിവസം 250 പേരോളം  ആളുകളെ ആകർഷിക്കാവുന്ന തരത്തിൽ പരിപാടി നടത്തുക എന്നത് വലിയ കാര്യം തന്നെയാണ്. എന്നാൽ ഇതൊരു ആക്ടിവിസം അല്ല. നിയമങ്ങളുടെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട്, നമുക്ക് ചെയ്യാനാവുന്നത് ചെയ്യുക. അതാണ് അസറ്റി​െൻറ ലക്ഷ്യം.

*ബിയോണ്ട് സ്​ക്വയർഫീറ്റി​െൻറ പത്താമത്തെ പ്രഭാഷണമാണ് ദുബൈയിൽ നടക്കുന്നത്. എന്തുകൊണ്ടാണ് ദുബൈ?
•പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ളവർ പ്രവാസികളാണെന്ന് തോന്നിയിട്ടുണ്ട്. പരിസ്ഥിതിയെക്കുറിച്ചും അതി​െൻറ വരുംവരായ്കളെക്കുറിച്ചും ആശങ്കപ്പെടുന്ന, അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വലിയൊരു ജനവിഭാഗം മറ്റുരാജ്യങ്ങളിലുണ്ട്, പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളിൽ. കേരളത്തിൽ ഇതിനുമുമ്പ് അസറ്റ് ഹോംസ് നടത്തിയ പ്രഭാഷണ പരിപാടികൾ ഫേസ്ബുക്ക് ലൈവിലൂടെ കാണുന്നതിൽ ഭൂരിഭാഗം പേരും പ്രവാസികളാണ്. പ്രവാസ ലോകത്തി​െൻറ തുടിപ്പുകൾ കൂടുതൽ അറിയുന്നത് ഗൾഫ്​മാധ്യമത്തിനാണ്. 
അതുകൊണ്ടു കൂടിയാണ് ഈ ജലദിനത്തിന് ബിയോണ്ട് സ്​ക്വയർഫീറ്റി​െൻറ പത്താമത്തെ എഡിഷൻ 'ഗൾഫ്​ മാധ്യമ' വുമായി ചേർന്ന് ദുബൈയിൽ നടത്തുന്നത്. 
പ്രമുഖ ആർക്കിടെക്​റ്റ്​ ജി. ശങ്കറി​​െൻറ പ്രഭാഷണം പ്രവാസികൾക്ക് പുതിയ അനുഭവമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    
News Summary - love earth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.