ഡ്യൂട്ടി ഷെഡ്യൂൾ മാറി; മരണം തേടിയെത്തി

അബൂദബി: ആലപ്പുഴ ചെങ്ങന്നൂര്‍ വെണ്‍മണി ചാങ്ങമല പാലത്തിട്ട മലയില്‍ വീട്ടില്‍ ശ്രീകുമാറിനെ (43) മരണം കവർന്നത്​ ഡ്യൂട്ടി ഷെഡ്യൂൾ മാറിയതോടെ. രാത്രി ഷെഡ്യൂളിൽ ജോലി ചെയ്യേണ്ടിയിരുന്ന ശ്രീകുമാറിന്​ ​അപ്രതീക്ഷിതമായി രാവിലെ ജോലിക്ക്​ കയറേണ്ടി വന്നതിനിടെയാണ്​​ പാചക വാതക സംഭരണിപൊട്ടിത്തെറിച്ച്​ അപകടമുണ്ടായത്​.

അബൂദബി ഖയാമത്ത് കമ്പനിയില്‍ ഫെബ്രുവരിയിലാണ് ശ്രീകുമാര്‍ ജോലിയില്‍ പ്രവേശിച്ചത്. ജോലിക്കിടെ തൊട്ടടുത്ത കെട്ടിടത്തിലുണ്ടായ പൊട്ടിത്തെറിയില്‍ ജനലിലൂടെ തെറിച്ചുവീണ ലോഹ കഷണം ശ്രീകുമാറിന്‍റെ ശരീരത്തില്‍ തുളച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശ്രീകുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബൈയിലെ സഹോദരന്‍ നന്ദകുമാര്‍ സംഭവമറിഞ്ഞ് അബൂദബിയില്‍ എത്തിയിരുന്നു. ദീര്‍ഘകാലമായി ശ്രീകുമാര്‍ പ്രവാസിയായിരുന്നു. കുറച്ചുനാള്‍ നാട്ടില്‍ കഴിഞ്ഞ ശേഷം ഫെബ്രുവരിയിലാണ് വീണ്ടും ജോലിക്കായി അബൂദബിയില്‍ എത്തിയത്. സാധാരണ രാത്രിയിലായിരുന്നു ശ്രീകുമാറിന് ജോലിയുണ്ടായിരുന്നത്. അപകട ദിവസം പ്രത്യേകമായി പകല്‍ ഡ്യൂട്ടിക്കു നിയോഗിക്കുകയായിരുന്നു. അതേദിവസം തന്നെയുണ്ടായ അപകടമാണ് ശ്രീകുമാറിന്‍റെ ജീവന്‍ തട്ടിയെടുത്തത്. രാമകൃഷ്ണന്‍ നായര്‍-പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കൃഷ്ണകുമാരി, മക്കള്‍: അനുശ്രീ, ധനുശ്രീ. സഹോദരങ്ങള്‍: നന്ദകുമാര്‍ (ദുബൈ), ശ്രീകുമാരി (അധ്യാപിക ചിന്മയ സ്‌കൂള്‍ ചെങ്ങന്നൂര്‍). മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു.

പാചക വാതക സംഭരണി പൊട്ടിത്തെറിയില്‍ പരിക്കേറ്റ 120 പേരില്‍ 106 പേരും ഇന്ത്യന്‍ വംശജരാണെന്ന് അബൂദബി ഇന്ത്യന്‍ എംബസി വ്യക്തമാക്കി. അപകടത്തില്‍ ഒരു ഇന്ത്യന്‍ വംശജനും പാക്കിസ്ഥാന്‍ സ്വദേശിയുമാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, മലയാളികൾ അടക്കം ഗുരുതരാവസ്ഥയിൽ കഴിയുന്നുണ്ട്​. തിങ്കളാഴ്ച ഉച്ചയോടെ മലയാളികള്‍ നടത്തുന്ന ഫുഡ് കെയര്‍ റെസ്‌റ്റാറന്‍റ്​ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ പാചകവാതക സംഭരണിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ആദ്യം നേരിയ തോതില്‍ പൊട്ടിത്തെറി ഉണ്ടായപ്പോള്‍ തന്നെ സിവില്‍ ഡിഫന്‍സും അബൂദബി പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍, മിനിറ്റുകള്‍ക്കു ശേഷം തുടര്‍ പൊട്ടിത്തെറി സംഭവിച്ചാണ് വ്യാപ്തി വര്‍ധിപ്പിച്ചത്.

News Summary - Duty schedule changed; Sought death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.