സാക്കിർ ഹുസൈൻ

യു.എ.ഇയിൽ പിറന്ന 'ഗ്ലാഡിയേറ്റർ'

'നാലോ അഞ്ചോ കൊല്ലം ദുബൈയിൽ ജോലി ചെയ്യണം. ശേഷം നാട്ടിൽ സ്വന്തമായി ഒരു ബിസിനസ്​ തുടങ്ങണം.. അതായിരുന്നു പ്രവാസത്തിലേക്ക്​ പ്രവേശിക്കുമ്പോൾ സ്വപ്നം'-യു.എ.ഇയിൽ 37വർഷമായി പ്രവാസിയായ വടക്കേതിൽ സാക്കിർ ഹുസൈൻ എന്ന തൃത്താലക്കാരൻ തുടക്കകാലം ഓർത്തെടുക്കുകയാണ്​. ഏതൊരു സാധാരണ പ്രവാസിയുടെയും സ്വപ്നം. എന്നാൽ, ആശകൾക്ക്​ ചിറകുപകരുന്ന ഇമാറാത്തിന്‍റെ മണ്ണ്​, ചെറിയ സ്വപ്നങ്ങളിൽ ഒടുങ്ങാൻ അ​ദ്ദേഹത്തെ അനുവദിച്ചില്ല. ബിസിനസിൽ സ്വന്തം പേര്​ തുന്നിച്ചേർക്കണമെന്ന അദമ്യമായ ആഗ്രഹം ലോകോത്തരമായ 'ഗ്ലാഡിയേറ്റർ' എന്ന ഷൂസ്​ ബ്രാൻഡ്​ പുറത്തിറക്കുന്നതിലേക്ക്​ നയിച്ചു. ഇന്നിപ്പോൾ കോടിയിലേറെ മനുഷ്യരുടെ പാദങ്ങളിൽ ആ ബ്രാൻഡിന്‍റെ സംരക്ഷണമുണ്ട്​. യു.എ.ഇയിൽ പിറന്ന 'ഗ്ലാഡിയേറ്റർ' എന്ന ബ്രാൻഡിന്‍റെ കരുത്തിൽ പുതുസാധ്യതകൾ തേടി, മൂൺവേ ട്രേഡിങ്​ കമ്പനിയുടെ തലപ്പത്ത്​ നിലയുറപ്പിച്ച്​ പുതിയ ബ്രാൻഡുകളിലേക്കും സ്വപ്നങ്ങളിലേക്കും പറന്നുയരുകയാണിപ്പോൾ സാക്കിർ ഹുസൈൻ. അതിരുകളില്ലാത്ത യു.എ.ഇയിലെ ആകാശത്ത്​ തന്‍റെ സഞ്ചാരം തുടരുകയാണദ്ദേഹം.

പ്രവാസത്തിന്‍റെ തുടക്കം

പത്തൊമ്പതാം വയസ്സിൽ , 1984 ഡിസംബർ ഏഴിനാണ്​​ അദ്ദേഹം ദുബൈയിൽ വന്നിറങ്ങുന്നത്. പാലക്കാട്​ തൃത്താല പഞ്ചായത്ത്‌ വി.കെ കടവ് എന്ന സ്ഥലത്തെ ഹൈദ്രു-ബിപാത്തു ദമ്പതികളുടെ നാലാമത്തെ മകന്​ ബിസിനസിൽ ചെറുപ്പം മുതൽ കമ്പമുണ്ടായിരുന്നു. നാട്ടിൽ എളാപ്പ (പിതാവിന്‍റെ അനുജൻ) കോമുട്ടിയുടെ കൂടെ പലചരക്ക് മൊത്ത വ്യാപാരത്തിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ആയിടക്കാണ്​ മനസ്സിൽ ഗൾഫ് മോഹം ഉദിക്കുന്നത്. ബോംബെ– ദുബൈ വിമാനത്തിലാണ്​ എത്തിയത്​. അവിടെനിന്ന് ടാക്സിയിൽ അഞ്ചു ദിർഹം നൽകി ദേര സബ്ക മാർക്കറ്റിൽ എത്തി. അവിടെ സഹോദരിയുടെ ഭർത്താവ് അബു ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ അടുത്ത് നിന്നും മറ്റൊരു സഹോദരീ ഭർത്താവായ അലി കൂട്ടിക്കൊണ്ടുപോയി. അലിയായിരുന്നു വിസ എടുത്തത്​. ദുബൈയിൽ എത്തിയപ്പോൾ വല്ല​ാത്തൊരു അനുഭവമായിരുന്നു. എവിടെ നിന്നൊക്കെയോ ഹിന്ദി, മലയാളം പാട്ടുകൾ കേൾക്കുന്നു, ചുറ്റിലും പല നാട്ടുകാർ, പല ഭാഷ തുടങ്ങി എല്ലാം എനിക്ക് പുതുമയായിരുന്നു. ഇന്ന് കാണുന്ന വാർത്താവിനിമയ സൗകര്യങ്ങളുടെ നാലിലൊന്നുപോലും അന്നുണ്ടായിരുന്നില്ല. മാസത്തിലൊന്നോ രണ്ടോ തവണ വീട്ടിലേക്ക് വിളിക്കാം. എറെ നേരം കാത്തുനിന്ന്​ പബ്ലിക്​ ബൂത്തിൽനിന്നാണ്​ വിളിക്കുന്നത്​. അങ്ങനെയൊക്കെ ആയി ഇവിടത്തെ തുടക്കം.

അക്കാലത്ത് എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടായിരുന്ന അളിയൻ അലി വഴി​ ആദ്യ സ്​പോൺസർ അബ്ദുല്ല ഹുമൈദിയെ പരിചയപ്പെട്ടു. അദ്ദേഹത്തിന് അന്ന് പെട്രോൾ പമ്പുകൾ, റസ്റ്ററന്‍റുകൾ തുടങ്ങി പലതരം ബിസിനസുകൾ ഉണ്ടായിരുന്നു. അതിന്‍റെയെല്ലാം കുറച്ച് കുറച്ച് കാര്യങ്ങൾ അദ്ദേഹം ഏൽപിച്ചു. കച്ചവടത്തിലെ കഴിവും താൽപര്യവും തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരമാണ് സാക്കിർ ഹുസൈൻ അബൂദബിയിൽ എത്തുന്നത്. അവിടെ ലിവാ സ്​ട്രീറ്റിൽ നഷനൽ ഫീച്ചർ വിഡിയോ എന്ന സ്​ഥാപനത്തിൽ സെയിൽസ്​മാനായി ജോലിചെയ്തു. പിന്നീട്​ ഡിപ്പാർട്ട്മെന്‍റ്​ ഷോപ്പിൽ സെയിൽസ്​മാനായി ജോലി തുടങ്ങി. അവിടെ പിന്നീട് ബയറായി. ആ ഷോപ്പാണ്​ കെ.എം ട്രേഡിങ്​. കെ.എം ട്രേഡിങ്​ ചെയർമാൻ കെ. മുഹമ്മദ് സാഹിബുമായി നല്ല ആത്മബന്ധം വളർത്തിയെടുത്തു. അത്​ ഇന്നും കാത്തുസൂക്ഷിക്കുന്ന ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിൽ ഒന്നാണ്​. അവിടെ തുടർച്ചയായി 21 വർഷം ജോലി ചെയ്തു. തൊഴിൽ കാലത്ത്​ ലോകോത്തര ബ്രാൻഡുകൾ യു.എ.ഇയിൽ എത്തിക്കാൻ സാക്കിർ ഹുസൈന്​ സാധിച്ചു.

സ്വന്തം ബിസിനസിലേക്ക്​

2005ലാണ്​ സഹോദരങ്ങൾക്കൊപ്പം ഇലക്​ട്രോണിക്സ്​ റീടെയ്​ലും ചെരിപ്പിന്‍റെ ഹോൾസെ​യിലും ബിസിനസ്​ ചെയ്യുന്ന ഒരു സംരംഭം തുടങ്ങുന്നത്. ഷാർജ റോളയിലായിരുന്നു അത്. മൊബൈൽ ഫോൺ, ചെരിപ്പുകൾ, ഷൂസ്​ തുടങ്ങി എല്ലാം ചേർന്ന ഒരു ഷോപ്പ്. അവിടെ വെച്ചാണ്​ ഷൂസ്​ മേഖലയിൽ ഒരു വലിയ സാധ്യത കണ്ടെത്തുന്നത്. വർഷങ്ങളായുള്ള പരിചയം മാത്രമായിരുന്നു മുതൽക്കൂട്ട്. അന്നും ഇന്നും ആളുകൾ കാലിൽ ധരിച്ചിരിക്കുന്നത് എന്താണ്, എന്നതിലായിരുന്നു എപ്പോഴും ശ്രദ്ധ. അത് തന്നെയാവാം സ്വന്തം വിജയവുമെന്ന്​ അദ്ദേഹം മനസ്സിലാക്കുന്നു. അങ്ങനെ 'ഗ്ലാഡിയേറ്റർ' ഷൂസ്​ എന്ന പേരിൽ കാഷ്വൽ ഷൂസുകളും ഫോർമൽ ഷൂസുകളൂം പുറത്തിറക്കി. എന്നാൽ നമ്മുടെ ഒരു സിഗ്​നേച്ചേർ വേണം എന്ന ചിന്ത പിന്നെയും ബാക്കിയായി. അങ്ങനെ വീണ്ടും ഏറെ നാൾ നീണ്ട അന്വേഷണത്തിൽ സേഫ്റ്റി ഷൂസ്​ രംഗത്ത് ഏറെ സാധ്യതകൾ ഉണ്ടെന്ന് അന്നത്തെ മാർക്കറ്റ് സ്റ്റഡിയിൽ മനസ്സിലായി. സേഫ്റ്റി ഷൂസ്​ രംഗത്ത് ഉണ്ടായിരുന്ന ഡിസൈനുകളെല്ലാം തന്നെ ഒരേ രീതിയിലായിരുന്നു. ഓഫിസർ, എൻജിനീയർ, സൂപ്പർവൈസർ എന്നു തുടങ്ങി പല മേഖലയിലേയും സേഫ്റ്റി ഷൂസ്​ വേണമായിരുന്നു. അങ്ങനെയാണ് കാഷ്വൽ ഡിസൈൻ സേഫ്റ്റി ഷൂസ്​ എന്ന ആശയം വന്നത്. എയർപോർട്ടിൽ ഉപയോഗിക്കാൻ പാകത്തിൽ കമ്പോസിറ്റ് സേഫ്റ്റി ഷൂസ്​ എന്ന സാധ്യതയും മനസ്സിലാക്കി. ഏറെക്കാലമായി ഈ രംഗത്തുണ്ടായിരുന്നതിനാൽ അന്നേവരെ കണ്ടതും കേട്ടതുമായ ബ്രാൻഡുകൾ മനസ്സിലൂടെ കടന്നുപോയി. ഓട്ടേറെ പരീക്ഷണങ്ങൾക്കൊടുവിൽ, 2008ൽ ആദ്യ സിഗ്​നേച്ചർ പുറത്തിറക്കി, 'ഗ്ലാഡിയേറ്റർ സേഫ്റ്റി ഷൂസ്'​. ഗ്ലാഡിയേറ്ററിന്‍റെ വിറ്റുവരവ് എകദേശം 10 മില്യൺ പെയർ കടന്നു.

പിന്നീട്​ ഫാഷൻ രംഗത്ത് എന്തു കൊണ്ടുവരാൻ സാധിക്കും, നമുക്ക് അവിടെ എന്താണ് ചെയ്യാനാവുക? എന്തോ ഒന്നുകൂടി സ്വന്തമായി വേണം എന്ന ചിന്തയായി. അന്നും ഇന്നും മേജറായി നിൽക്കുന്ന അഡിഡാസ്​, റീബോക്ക്​, സ്​കെച്ചേഴ്സ്​ തുടങ്ങിയവക്കൊപ്പം നിൽക്കുന്ന ഒന്നാവണം എന്ന നിർബന്ധവും ഉണ്ടായിരുന്നു. അന്നു മുതലുള്ള ചിന്ത ആളുകൾക്ക് കാലിൽ ഇട്ടാൽ വളരെ സുഖകരമായി മണിക്കൂറുകൾ ഉപയോഗിക്കാൻ കഴിയുന്ന വളരെ കംഫർട്ടബ്​ളായ ഒരു ഷൂസ് എന്നതായിരുന്നു​. അത് യാഥാർഥ്യമാകാൻ വീണ്ടും വർഷങ്ങളെടുത്തു. ഒടുവിൽ 2019 അവസാനത്തോടെ ആദ്യ ബാച്ച് ഷൂസ്​ നിർമാണം പൂർത്തിയാക്കി. 'ഗാഡ്സ്​ സ്​പോർട്സ്​ ഷൂസ്' എന്ന രണ്ടാമത്തെ സിഗ്​നേച്ചർ പുറത്തിറങ്ങുന്നത്​ അങ്ങനെയാണ്​. യു.എ.ഇക്ക്​ പുറമെ ഖത്തർ, ഒമാൻ, കുവൈത്ത്​, സൗദി തുടങ്ങിയ രാജ്യങ്ങളിലും ബിസിനസിന്​ അതിനിടയിൽ വേരും വളർച്ചയുമുണ്ടായി.

യു.എ.ഇ എന്ന വിസ്മയം

യു.എ.ഇയിലേക്ക്​ വരുന്ന കാലത്ത്​ നാട്ടുകാർ പലരും സാക്കിർ ഹുസൈനോട്​ പറഞ്ഞത് ഗൾഫ് ഒക്കെ കഴിഞ്ഞു, ഇനി അവിടെ പോയിട്ട് വലിയ കാര്യമൊന്നുമില്ല എന്നാണ്. പക്ഷേ, യു.എ.ഇ എക്കാലത്തെയും പോലെ എല്ലാവരെയും വിസ്​മയിപ്പിക്കുകയായിരുന്നു. അവസാനിച്ചു എന്നു പറഞ്ഞിടത്ത് നിന്നും വളരാൻ തുടങ്ങി. 1980– 90 കാലത്തായിരുന്നു വളർച്ച ശക്​തിപ്പെട്ടത്​. 2000 ആയപ്പോഴേക്കും യു.എ.ഇ ഏറെദൂരം മുന്നോട്ട് കുതിച്ചുതുടങ്ങിയിരുന്നു. ആദ്യകാലത്ത്​ ദുബൈയുടെ ലാൻഡ് മാർക്ക് വേൾഡ് ട്രേഡ് സെന്‍റർ ബിൽഡിങ്ങായിരുന്നു. അബുദബി-ദുബൈ യാത്രാ ദൂരം അഞ്ചുമണിക്കൂർ ആയിരുന്നു. ഇന്നത്​ 1.30 മണിക്കൂറായി ചുരുങ്ങി. വേൾഡ് ട്രേഡ് സെന്‍റർ മാത്രമായിരുന്ന ദുബൈ, അവിടെ നിന്ന് ലോകത്തിലെ എറ്റവും ഉയരം കൂടിയ കെട്ടിടം സ്​ഥിതി ചെയ്യുന്ന സ്​ഥലമായി. ഒരു മരുഭൂമിയിൽ എന്തെല്ലാം സാധിക്കുമെന്ന് ലോകത്തോട് വിളിച്ചുപറയുകയാണിന്ന് യു.എ.ഇ. ചൊവ്വാദൗത്യം ഉൾ​െപ്പടെ വിജയകരമായി പൂർത്തീകരിച്ചാണ് ഇന്ന് 50 വർഷങ്ങൾ വിജയകരമായി പൂർത്തീകരിച്ച് നിൽക്കുന്നത്.

അത് സാധിച്ചത് ഇവിടത്തെ ഭരണാധികാരികളുടെ ഇച്ഛാശക്​തിയും ദീർഘവീക്ഷണവും കൊണ്ടുതന്നെയാണെ ന്ന്​ സാക്കിർ ഹുസൈൻ അനുഭവത്തിന്‍റെ വെളിച്ചത്തിൽ ഉറപ്പിച്ചുപറയുന്നു. യു.എ.ഇ നൽകുന്ന മാനസിക പിന്തുണ എടുത്തുപറയേണ്ടതാണ്. ചെയ്യുന്ന കാര്യങ്ങളിൽ സത്യസന്ധതയും കാഴ്ചപ്പാടുമുണ്ടങ്കിൽ ഈ നാട് എന്നും ഒപ്പമുണ്ടാകും എന്നതാണ്​ അനുഭവം. ശൈഖ്​ സായിദ് ബിൻ സുൽത്താൻ ആൽ നഹ്​യാൻ പ്രസിഡന്‍റും ശൈഖ്​ മക്​തൂം ബിൻ റാശിദ് ആൽ മക്​തൂം വൈസ്​ പ്രസിഡന്‍റുമായി ഇരുന്ന് ഈ നാടിന്‍റെ വളർച്ചക്കുവേണ്ടി നടത്തിയ ഒാരോ ചുവടുവെപ്പും നേരിട്ട് കാണാനായിട്ടുണ്ട്​. അധ്വാനിക്കാൻ തയാറാണെങ്കിൽ ഇവിടെ ആർക്കും കരുതുന്നതിലും മുകളിൽ വളരാൻ സാധിക്കും. കാര്യങ്ങൾ സത്യസന്ധമായി ചെയ്താൽ ഈ നാടിനൊപ്പം വളരാൻ സാധിക്കും. പിന്നീട്​ കടന്നുവന്ന ഭരണാധികാരികളും മുമ്പുണ്ടായിരുന്നവർ കണ്ട സ്വപ്നം സാക്ഷാത്കരിക്കാൻ കെൽപുള്ളവരാണെന്ന്​ പുതുകാലം സാക്ഷിയാണ്​. പ്രവാസ ജീവിതത്തിൽ ശൈഖ്​ സായിദ്​ മരണപ്പെട്ടപ്പോഴാണ് ഏറെ ദുഖം തോന്നിയത്. യു.എ.ഇ പിറവിയെടുത്തതും ഇന്ന് കാണുന്ന ശക്​തിയായതുമൊക്കെ അദ്ദേഹത്തിന്‍റെ ഇച്ഛാശക്​തിയൊന്നുകൊണ്ടുമാത്രമാണ്.

ഇമാറാത്തി പൗരന്മാരിൽ ഇപ്പോഴത്തെ സ്​പോൺസർ ജാസിം ജുമ ഉബൈദ് സായിദ് അൽ കതബിയെ കണ്ടുമുട്ടിയത്​ സാക്കിർ ഹുസൈന്‍റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കി​. വളരെ യാദൃശ്ചികമായി കസ്റ്റംസ്​ ഒാഫിസിൽ വെച്ച് കണ്ടുമുട്ടിയ അദ്ദേഹവുമായി ഉണ്ടായ സൗഹൃദം എറെ സ്വാധീനിച്ചു. സ്​പോൺസറുടെ ഉപദേശപ്രകാരമാണ് ബിസിനസ്​ രീതികൾ ക്രമീകരിച്ചത്​. ഈ നാടിന്‍റെ പൾസ്​ അറിയുന്ന അൽ കതബി ഇന്നും എല്ലാ കാര്യങ്ങൾക്കും സജീവമായി നിൽക്കുന്നത്​ ഏറ്റവും വലിയ കരുത്താണെന്ന്​ നന്ദിയോടെ ഓർക്കുന്നു.

അതിജീവിക്കും പ്രതിസന്ധികൾ

പ്രവാസി വ്യവസായി എന്ന നിലയിൽ ഇക്കാലത്തിനിടയിൽ സാക്കിർ ഹുസൈൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഇന്ന് ലോകം അഭിമുഖീകരിക്കുന്ന കോവിഡ് മഹാമാരി തന്നെയാണ്. എങ്കിലും കോവിഡ്​കാലത്തും ശക്​തമായി പിടിച്ചുനിൽകാനായി എന്നത്​ ​ എറ്റവും അഭിമാനകരമായ വസ്തുതയാണ്​. കോവിഡ് കാലത്തുതന്നെയായിരുന്നു 'ഗാഡ്സ്'​ ഷൂസ്​ മാർക്കറ്റിലെത്തിയത്​. അതിനാൽ തന്നെ പൂർണമായും പ്രതിസന്ധി എന്ന് പറയാനാകാത്ത ഒരു പരീക്ഷണ സമയമായാണ് അതിനെ കാണുന്നത്. ഗാഡ്സ്​ മാർക്കറ്റിൽ ഇറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞപ്പോൾ ലക്ഷക്കണക്കിന്​ പെയറാണ് ആളുകൾ സ്വീകരിച്ചത്.

1991ലെ ഗൾഫ്​ മറ്റൊരു പ്രതിസന്ധി ഓർമയാണ്​. അന്ന് അബൂദബിയിൽ ഉണ്ടായിരുന്ന പലരും നാട്ടിലേക്ക് മടങ്ങേണ്ടിവരുമോയെന്ന പേടിയിലായിരുന്നു. പലരും സ്വന്തം ജീവിതം കരക്കടുപ്പിക്കാൻ കഷ്ടപ്പെടുന്ന സമയമായിരുന്നു. കുവൈത്തിൽ നിന്ന് പലായനം ചെയ്ത് വന്നവരൊ​െക്കയും അബുദബിയിൽ പലയിടത്തായി താമസം തുടങ്ങി. അവർക്ക് വേണ്ടി പുതിയ കെട്ടിടങ്ങൾ വരെ പണിത് കൊടുത്തിരുന്നു. കടയിൽ വന്നവരൊക്കെ പലായനത്തിന്‍റെ കഥകൾ പറയുമായിരുന്നു. പലരുടെയും കൈയിൽ വട്ടച്ചെലവിനുള്ള പണം പോലുമുണ്ടായിരുന്നില്ല. അക്കാലം കടന്നുപോയത്​ പോലെ ​മഹാമാരിയുടെ ദുരിതങ്ങളും കടന്നുപോകുമെന്ന പ്രതീക്ഷയാണ്​ മുന്നോട്ടുള്ള പ്രയാണത്തിന്​ ഊർജം.

ഈ മണ്ണിൽ ഇനിയു​മേറെ സാധ്യതകൾ

ജീവിതവും ബിസിനസും ഒന്നാണ്​ സാക്കിർ ഹുസൈന്​. രണ്ടിലും ക്യൂ.സി.സി ഇക്വേഷൻ അഥവാ ക്വാളിറ്റി, കമ്മിറ്റ്​മെന്‍റ്​, കാരക്​ടർ എന്നതാണ്​ സ്വീകരിക്കുന്ന നിലപാട്​. ഇക്കാര്യം മുഴുവൻ ജീവിതത്തിലും പാലിക്കുന്ന ആളാണ്. ജനങ്ങൾ വിശ്വസിച്ച് വാങ്ങുന്ന സാധനങ്ങൾ അവർക്ക് ബുദ്ധിമുണ്ടാകരുത്. അവർ ചെലവിടുന്നത് അധ്വാനമാണ്, അത് അവർക്ക് ഉപകരിക്കണമെന്നതിൽ നിർബന്ധമുണ്ട്​. യു.എ.ഇയിൽ ഇനിയുമേറെ സാധ്യതകളുണ്ടെന്നാണ്​ അഭിപ്രായം. യുവ സംരംഭകരെ സ്വീകരിക്കാൻ എന്നും ഇമാറാത്ത്​ തയാറാണ്. പുത്തൻ ആശയങ്ങൾ, പുത്തൻ ടെക്നോളജി ഇവയിലൊക്കെ യു.എ.ഇ ഏറെ പ്രതീക്ഷ അർപ്പിച്ചിരിക്കയാണ്. ഇവിടെ പല മൾട്ടി നഷനൽ കമ്പനികളുടെയും തലപ്പത്ത് ഇന്ത്യക്കാരാണുള്ളത്. ബിസിനസ്​ മേഖലയിലും വിജയം കണ്ട ഒട്ടേറെ ഇന്ത്യക്കാർ ഇവിടെയുണ്ട്. അതിൽ മലയാളികളും ഏറെയുണ്ട്. ആഗോള തലത്തിലും ഇന്ത്യൻ സി.ഇ.ഒമാരുടെ എണ്ണം വർധിച്ചു. വിദ്യാഭ്യാസം, തൊഴിൽ, ടെക്​നോളജി തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ യുവജനത വളരെ മികച്ച മുന്നേറ്റം നടത്തുമെന്നത് വളരെ പ്രതീക്ഷയുണർത്തുണ്ട്. അതിനാൽ മുന്നേറുന്ന യു.എ.ഇക്കൊപ്പം ധാരാളം സാധ്യതകളുണ്ടെന്ന്​ സക്കീർ ഹുസൈൻ മനസ്സിലാക്കുന്നു. കമ്പനിയെ പുതിയ മേച്ചിൽ പുറങ്ങൾ തേടി ഇന്ത്യയിലേക്കും യൂറോപ്പിലേക്കും വ്യാപിപ്പിക്കാനുമുള്ള ആലോചനകളിലാണ്​ ഇപ്പോൾ. എല്ലാത്തിനും പിന്തുണയുമായി ഭാര്യ ഉമ്മു സൽമയും മക്കളായ മുഹമ്മദ്​ അനസും ലബീബയും മുഹമ്മദ്​ അൽത്താഫും ഉണ്ട്​. മരുമകൾ: റബീഹ. പേരക്കുട്ടി: ആദം ഹസ്സ. പുതുതലമുറയിൽ നിന്നും മുഹമ്മദ് അനസ് ഇപ്പോൾ 'ഗാഡ്‌സി'ന്‍റെ ചുമതലയേറ്റെടുത്തിരിക്കുകയാണ്. യുവ തലമുറയുടെ കരുത്തിൽ 'ഗാഡ്‌സ്' കരുത്താർജിക്കുമെന്ന പ്രതീക്ഷയിലാണ്​ സാക്കിർ ഹുസൈൻ.


എം.എ യൂസുഫലി എന്ന പ്രചോദനം

ഒരു റോൾ മോഡലിനെ ചോദിക്കുമ്പോൾ സാക്കിർ ഹുസൈന്‍റെ മനസ്സിലേക്ക്​ കടന്നുവരുന്ന ഒരു മുഖമുണ്ട്​. 1985ൽ അബൂദബിയിൽ ലിവാ സ്​ട്രീറ്റിൽ നാഷനൽ ഫീച്ചർ വീഡിയോ എന്ന സ്​ഥാപനത്തിൽ സെയിൽസ്​ മാനായി ജോലി ചെയ്യുമ്പോഴാണ്​ അദ്ദേഹത്തെ ആദ്യമായി കാണുന്നത്​.
അവിടെ ലൈഫ് ടൈം മെംബറായിരുന്ന, വല്ലാത്തൊരു പോസിറ്റീവ് എനർജിയുള്ള ഒരാൾ. അക്കാലത്ത്​ വളർന്നു തുടങ്ങി പിന്നീട്​ പ്രവാസികളും അല്ലാത്തവരുമായ ഇന്ത്യക്കാർക്ക്​ അഭിമാനമായിത്തീർന്ന എം.എ. യൂസുഫലിയാണത്​. അദ്ദേഹത്തിന്‍റെ ടൈം മാനേജ്​മെന്‍റ്​ അന്നുമിന്നും അദ്​ഭുതമാണ്​. എല്ലാത്തിനും സമയം കണ്ടെത്തുന്ന അദ്ദേഹത്തെ പോലെ ജീവിക്കാൻ അത്യപൂർവം മനുഷ്യർക്ക്​ മാത്രമാണ്​ സാധിക്കുക. ആയിരക്കണക്കിന്​ വരുന്ന സ്റ്റാഫിന്‍റെ വിവരങ്ങൾ പോലും അദ്ദേഹത്തിന്​ നല്ല ധാരണയുണ്ടാകും. അതുപോലെ സമൂഹത്തിലെ ഉന്നതങ്ങളിലെ വ്യക്​തികളുമായും ബന്ധം സൂക്ഷിക്കും.
2004ൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ അന്തരിച്ച ദിവസം എം.എ. യൂസുഫലി ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചിത കത്തിത്തീരും വരെ പയ്യാമ്പലത്ത് നിൽക്കുന്നത്​ ടി.വിയിൽ കണ്ടത്​ ഇപ്പോഴും സാക്കീർ ഹുസൈൻ ഓർക്കുന്ന ചിത്രമാണ്​. ഇങ്ങനെ ചെറുതും വലുതുമായ ബന്ധങ്ങളെല്ലാം സൂക്ഷിക്കുകയും, വ്യക്​തിപരവും സാമൂഹികവുമായ ബാധ്യതകളെല്ലാം തെറ്റാതെ നിർവഹിക്കുകയും ചെയ്യുന്ന അദ്ദേഹം ഏവർക്കും വലിയ പ്രചോദനമാണ്​. ശൂന്യതയിൽ അദ്ദേഹം മനസ്സിൽ കാണുന്ന ഒരു ​​പ്രോജക്ട്​ പൂർത്തിയാവുന്നത് വരെയുള്ള കാര്യങ്ങൾ കൃത്യമായി അദ്ദേഹത്തിന്​ അറിയാമായിരിക്കും. അത്തരത്തിൽ വ്യക്​തി ജീവിതത്തിലും ബിസിനസ്​ ജീവിതത്തിലും ആരെയെങ്കിലും അനുകരിക്കണമെന്ന്​ കൊതിച്ചിട്ടുണ്ടെങ്കിൽ അത്​ എം.എ. യൂസുഫലിയാണെന്ന്​ സാക്കിർ ഹുസൈൻ പറയുന്നു.

Tags:    
News Summary - UAE-born gladiator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.