മുസന്ദം ഗവർണറേറ്റിലെ സിപ്ലൈൻ
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ സിപ്ലൈനും ഒമാൻ അഡ്വഞ്ചർ സെന്ററും നാടിന് സമർപ്പിച്ചു. ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദിയുടെ കാർമികത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ഒമാൻ അഡ്വഞ്ചർ സെന്ററിന്റെ പ്രധാന ഇനങ്ങളിലൊന്നാണ് സിപ്ലൈൻ പദ്ധതി. ജലത്തിന് മുകളിലൂടെയുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ സിപ്ലൈൻ എന്ന നിലയിൽ പദ്ധതി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിന്റെ സർട്ടിഫിക്കറ്റ് ചടങ്ങിൽ വിതരണം ചെയ്തു. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെയാണ് സിപ്ലൈനിന്റെ പ്രവർത്തന സമയം.
ഖസബ് വിലായത്തിൽ ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ ഗ്രൂപ്) ആണ് പദ്ധതിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. ജബൽ ഫിറ്റിൽനിന്ന് ആരംഭിച്ച് ഖോർ ഖാദിയുടെയും മോഖി പ്രദേശത്തിന്റെയും മനോഹരമായ ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്ന തരത്തിൽ 1800 മീറ്റർ നീളത്തിലാണ് സിപ്ലൈനുള്ളത്. അത്താന ഖസബ് ഹോട്ടലുമായാണ് ഇതിന്റെ ലാൻഡിങ് പോയന്റ്.
ഏറ്റവും ഉയരത്തിലുള്ള സിപ്ലൈൻ ആണ് മുസന്ദത്തേത്. 220 മീറ്റർ ഉയരത്തിലാണ് ഇതുള്ളത്. പദ്ധതി യാഥാർഥ്യമായതോടെ സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികൾക്ക് മുസന്ദത്തിന്റെയും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളുടെയും മനോഹാരിത അനുഭവിക്കാൻ കഴിയും.
കഴിഞ്ഞ വർഷം മാർച്ചിലാണ് പദ്ധതിയുടെ നിർമാണം തുടങ്ങിയത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി നൂതന ബ്രേക്കിങ് സിസ്റ്റം, റൈഡർമാരെ സംരക്ഷിക്കുന്നതിനുള്ള ഹെൽമറ്റുകൾ, സുരക്ഷ ജാക്കറ്റുകൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. സിപ്ലൈൻ സൈറ്റിലേക്കുള്ള റോഡിന്റെ നിർമാണവും പൂർത്തിയായിട്ടുണ്ട്. ഏകദേശം 1500 മീറ്റർ ദൂരമുള്ള റോഡിന്റെ പണി കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആരംഭിച്ചത്.
കഴിഞ്ഞ വർഷം ആദ്യം മുസന്ദം ഗവർണറേറ്റിൽ ആരംഭിച്ച അഡ്വഞ്ചർ സെന്റർ പദ്ധതിയുടെ പ്രധാന ഭാഗമാണ് സിപ്ലൈൻ. ഇത് ഗവർണറേറ്റിന്റെ ടൂറിസം മേഖലയിൽ കൂടുതൽ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ടൂറിസ്റ്റ് ഗ്രൂപ്പുകളെയും സാഹസിക പ്രേമികളെയും ആകർഷിക്കുന്നതിനൊപ്പം പ്രദേശത്തെ വിനോദ, സാമ്പത്തിക മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനും പദ്ധതി സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.