കിങ് സൽമാൻ റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅയും ന്യൂയോർക് സിറ്റിയിലെ യമൻ ഹ്യൂമാനിറ്റേറിയൻ കോഓഡിനേറ്റർ ഡേവിഡ് ഗ്രെസ്ലിയും ഒപ്പുവെക്കുന്നു

യമൻ തീരത്തടിഞ്ഞ എണ്ണക്കപ്പൽ ഭീഷണി ഇല്ലാതാക്കാൻ ഒരുകോടി ഡോളർ സൗദി അറേബ്യയുടെ സംഭാവന

ജിദ്ദ: യമൻ തീരത്ത് വർഷങ്ങളായി നങ്കൂരമിട്ടിരിക്കുന്ന 'സാഫിർ' എന്ന എണ്ണക്കപ്പലിൽനിന്നുള്ള ഭീഷണി നേരിടാൻ സൗദി അറേബ്യ ഒരുകോടി ഡോളർ സംഭാവന നൽകി. യമൻ സംഘർഷത്തിന്റെ ഭാഗമായി പിടിച്ചെടുക്കപ്പെട്ട കപ്പൽ ചെങ്കടൽതീരത്ത് 2015 മുതൽ കിടക്കുകയാണ്. 10 ലക്ഷത്തിലധികം ബാരൽ ക്രൂഡോയിൽ കപ്പലിലുണ്ട്. പരിസ്ഥിതിക്ക് ദോഷകരവും മനുഷ്യജീവനെ ബാധിക്കുന്നതും സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ വൻ ഭീഷണി അതിൽനിന്നുണ്ടാവാൻ സാധ്യതയേറെയാണ്. സൗദിയുടെ സംഭാവന സംബന്ധിച്ച രേഖയിൽ രാജകൊട്ടാരം ഉപദേഷ്ടാവും കിങ് സൽമാൻ റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽറബീഅയും ന്യൂയോർക് സിറ്റിയിലെ യമൻ ഹ്യൂമാനിറ്റേറിയൻ കോഓഡിനേറ്റർ ഡേവിഡ് ഗ്രെസ്ലിയും ഒപ്പുവെച്ചു. 

യു.എൻ പൊതുസഭയുടെ 77ാമത് സെഷനിടെയാണ് ഇതുണ്ടായത്. തുടർന്ന് ഇരുവരും നടത്തിയ കൂടിക്കാഴ്ചയിൽ യമനിൽ നടത്തുന്ന മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും സാഫിർ എണ്ണക്കപ്പലിൽ നിന്നുണ്ടായേക്കാവുന്ന മാനുഷികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഭീഷണികളെ അഭിമുഖീകരിക്കാനുള്ള വഴികളെക്കുറിച്ചും അതിന്റെ അപകടസാധ്യതകളെ നിർവീര്യമാക്കുന്നതിനുള്ള ആവശ്യമായ നടപടികളെക്കുറിച്ചും ചർച്ചചെയ്തു.

കപ്പൽ സംരക്ഷിക്കുന്നതിനും ദുരന്തസാധ്യത ഇല്ലായ്മ ചെയ്യുന്നതിനും അന്താരാഷ്ട്രതലത്തിൽ നടക്കുന്ന ശ്രമങ്ങളെ പിന്തുണച്ചാണ് സൗദി അറേബ്യയുടെ സംഭാവനയെന്ന് ഡോ. അൽറബീഅ പറഞ്ഞു. 2015 മുതൽ വേണ്ടരീതിയിൽ കപ്പൽ പരിപാലിക്കപ്പെടുന്നുമില്ല. പിടിച്ചെടുത്ത കപ്പലിൽനിന്ന് എന്തെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ യോജിച്ച അന്താരാഷ്ട്ര ശ്രമങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അല്ലെങ്കിൽ യമനിൽ മാത്രമല്ല, ലോകമെമ്പാടും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നും ഡോ. അൽറബീഅ പറഞ്ഞു. യമനെ സുസ്ഥിരമാക്കാനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്താനുമുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി അറേബ്യ നൽകിവരുന്ന പിന്തുണക്ക് ഡേവിഡ് ഗ്രെസ്ലി നന്ദി പറഞ്ഞു.

Tags:    
News Summary - Saudi Arabia donated one million dollars to Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.