റിയാദ് കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതിയുടെ മൂന്നാം ഘട്ട പ്രചാരണ കാമ്പയിൻ ഉദ്ഘാടനം മുഹമ്മദ് കണ്ടകൈക്ക് അപേക്ഷ ഫോറം നൽകി സൗദി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് നിർവഹിക്കുന്നു
റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പാക്കിയ സാമൂഹിക കുടുംബ സുരക്ഷ പദ്ധതിയുടെ മൂന്നാംഘട്ട അംഗത്വ കാമ്പയിന് തുടക്കമായി. ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ ചേർന്ന ചടങ്ങിൽ സൗദി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് അപേക്ഷ ഫോറം മുഹമ്മദ് കണ്ടകൈക്ക് നൽകി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ട്രഷറർ യു.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
2019ൽ ആരംഭിച്ച ഇൗ പദ്ധതിയിൽ അംഗമായിരിക്കെ മരിക്കുന്ന വ്യക്തിക്ക് 10 ലക്ഷം രൂപയാണ് നൽകിവരുന്നത്. ഇതിനകം മരിച്ച 10 അംഗങ്ങളുടെ പേരിലുള്ള വിഹിതം ആശ്രിതർക്ക് കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു. കിഡ്നി, കാൻസർ പോലുള്ള വിവിധ രോഗങ്ങൾകൊണ്ട് പ്രയാസപ്പെടുന്ന ഏഴു പേർക്ക് ചികിത്സ സഹായവും നൽകി. പതിറ്റാണ്ടുകളായി മരുഭൂമിയിൽ ജീവിതം നയിച്ചിട്ടും ശൂന്യമായ കൈകളുമായാണ് ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നത്. ചിലരാവട്ടെ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയും പേറി ഇപ്പോഴും ഗൾഫ് നാടുകളിൽ അധ്വാനിച്ചു കൊണ്ടിരിക്കുന്നു. കുടുംബ ബാധ്യതകളും സാമ്പത്തിക പ്രയാസങ്ങളും മൂലം ഇവരിലേറെ പേരും പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുകയാണ്. എല്ലാം അവഗണിച്ച് കഠിനാധ്വാനം ചെയ്യുന്നതിനിടയിലാണ് ചിലർ രോഗശയ്യയിലാവുകയോ മരണത്തിന് കീഴടങ്ങുകയോ ചെയ്യുന്നത്.
അദ്ദേഹത്തിെൻറ മരണത്തോടെ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കുടുംബങ്ങൾക്കാണ് ഈ പദ്ധതി തുണയാവുന്നതെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ പറഞ്ഞു. ഏറ്റവും വലിയ തുക ആശ്രിതർക്ക് നൽകുന്ന ആദ്യത്തെ പ്രവാസി സുരക്ഷ പദ്ധതിയാണിത്. മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രവാസികൾക്ക് ഈ പദ്ധതിയിൽ അംഗമായി ചേരാം. എല്ലാ വർഷവും നിശ്ചിതതുക നൽകി അംഗത്വം പുതുക്കാനാവും. ഇതിെൻറ പ്രവർത്തനങ്ങൾ നിയമ പ്രകാരം ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് ഫറോക്കിൽ ഓഫിസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പ്രവാസത്തിനിടയിൽ ഒരുവിധ നീക്കിയിരിപ്പുമില്ലാതെ പൊടുന്നനെ മരണത്തിന് കിഴടങ്ങേണ്ടിവരുന്ന പ്രവാസികൾക്ക് പദ്ധതി വലിയൊരു ആശ്വാസമാകും. ആഗസ്റ്റ് അവസാനത്തോടെ കാമ്പയിൻ സമാപിക്കുമെന്നും ഇത്തവണ കൂടുതൽ പേരെ അംഗങ്ങളാക്കി ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്തു. നാട്ടിൽ പ്രയാസമനുഭവിക്കുന്ന റിയാദിൽ നിന്നുള്ള പഴയകാല കെ.എം.സി.സി പ്രവർത്തകർക്ക് സാമ്പത്തിക സഹായം നൽകാൻ യോഗം തീരുമാനിച്ചു. സെൻട്രൽ കമ്മിറ്റിയുടെ കഴിഞ്ഞ നാല് വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും യോഗത്തിൽ അവതരിപ്പിച്ചു.
സെക്രട്ടറി കെ.ടി. അബൂബക്കർ സംഘടന റിപ്പോർട്ടും ആക്ടിങ് ജനറൽ സെക്രട്ടറി കബീർ വൈലത്തൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കുടുംബ സുരക്ഷ പദ്ധതിയുടെ പ്രവർത്തനങ്ങളെ കുറിച്ച് സെക്രട്ടറി മുജീബ് ഉപ്പട വിശദീകരിച്ചു. സെക്രട്ടറി അബ്ദുറഹ്മാൻ ഫാറൂഖ് സുരക്ഷ പദ്ധതി റിപ്പോർട്ടും അവതരിപ്പിച്ചു. സുരക്ഷ പദ്ധതിയുടെ പ്രൊമൊ വിഡിയോ സെക്രട്ടറി സിദ്ദീഖ് കോങ്ങാട് പ്രകാശനം ചെയ്തു. വെൽഫെയർ വിങ് പ്രവർത്തന റിപ്പോർട്ട് ചെയർമാൻ സിദ്ദീഖ് തുവ്വൂരും സൈബർ വിങ് റിപ്പോർട്ട് വിങ് കൺവീനർ ഷഫീഖ് കൂടാളിയും വനിത വിങ് റിപ്പോർട്ട് പ്രസിഡൻറ് റഹ്മത്ത് അഷ്റഫും അവതരിപ്പിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് തലാപ്പിൽ, റസാഖ് വളക്കൈ, നൗഷാദ് ചാക്കീരി, ഷംസു പെരുമ്പട്ട, ബാവ താനൂർ, മാമുക്കോയ തറമ്മൽ, വനിത വിങ് സെക്രട്ടറി ജസീല മൂസ എന്നിവർ സംസാരിച്ചു. അൻവർ വാരം, ഹനീഫ മൂർക്കനാട്, അഷ്റഫ് വെള്ളേപ്പാടം, ഷറഫു വയനാട്, കുഞ്ഞിപ്പ തവനൂർ, റഹീം ക്ലാപ്പന, ഇസ്മാഇൗൽ കരോളം എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി മുഹമ്മദ് ഷാഹിദ് ആമുഖ പ്രഭാഷണം നടത്തി. ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും വൈസ് പ്രസിഡൻറ് പി.സി. അലി വയനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.