യാംബു: വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി യാംബുവിൽ മരിച്ചു. തമിഴ്നാട്ടിലെ കടയനല്ലൂർ പുളിയങ്ങാടി സ്വദേശിയായ സയ്യിദ് അലി (38) ആണ് യാംബു ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഞായറാഴ്ച രാവിലെ മരിച്ചത്.
ഫെബ്രുവരി എട്ടിന് യാംബുവിലെ ടൊയോട്ട സിഗ്നലിനടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ വാഹനമിടിച്ചത്. യാംബുവിൽ അൽ ബെയ്ക്ക് ജീവനക്കാരനായിരുന്നു.
20 ദിവസത്തെ അവധിയിൽ നാട്ടിൽ പോയി വിവാഹിതനായി തിരിച്ചെത്തി രണ്ടാം ദിവസമാണ് അപകടം നടന്നത്. തലയിലേറ്റ ക്ഷതം മൂലം യാംബു ജനറൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ കഴിഞ്ഞ് 17 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെയാണ് മരണം.
മൊയ്‌തീൻ അബ്ദുൽ ഖാദർ, റൈവു അമ്മാൾ ദമ്പതികളുടെ മകനാണ്. ഭാര്യ: നസ്‌കത്ത്. യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹത്തിന്മേലുള്ള നടപടികൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും യാംബു നവോദയ ജീവകാരുണ്യ വിഭാഗവും ഇന്ത്യൻ വെൽഫെയർ ഫോറം (ഐ.ഡബ്ല്യൂ.എഫ്) സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.