ചില്ല സർഗവേദി പ്രതിമാസ പരിപാടിയിൽ ബാസിൽ ‘ഇന്ദുലേഖ’യുടെ വായനാനുഭവം പങ്കുവെക്കുന്നു
റിയാദ്: ലക്ഷണമൊത്ത ആദ്യ മലയാളനോവലെന്ന് മലയാളി സമൂഹം പാരമ്പര്യാധിഷ്ഠിതമായി വിശ്വസിച്ചുപോന്ന ‘ഇന്ദുലേഖ’യുടെ പുതിയൊരു വായന നടത്തി റിയാദിലെ ചില്ല സർഗവേദി പ്രതിമാസ പരിപാടി. സാമൂഹികശാസ്ത്രപരമായ വായനയാണ് ഒ.പി. മുഹമ്മദ് ബാസിൽ നടത്തിയത്. ചന്തുമേനോന്റെ ഈ കൃതി മലയാളത്തിലെ ലക്ഷണംകെട്ട നോവലാണെന്ന് അതിലെ നിരവധി സന്ദർഭങ്ങളും സാമൂഹിക-കുടുംബ സങ്കൽപവും വിശദീകരിച്ച് ബാസിൽ സമർഥിച്ചു. ഇന്ദുലേഖയിൽ നവോത്ഥാന ആശയങ്ങളൊന്നും തന്നെയില്ല.
ഫ്യൂഡലിസത്തിന്റെ ചില വൃത്തികേടുകളെ കളിയാക്കുന്ന രംഗങ്ങൾ ഉണ്ട് എന്നുമാത്രമാണെന്നും അവതാരകൻ വ്യക്തമാക്കി. ഇതടക്കം അഞ്ച് വ്യത്യസ്ത കൃതികളുടെ വായനാനുഭവം പങ്കുവെക്കലാണ് ചില്ലയുടെ മെയ്മാസ പരിപാടിയിൽ നടന്നത്. ബത്ഹയിലെ ലുഹ ഹാളിൽ നടന്ന പരിപാടിയിൽ എം. സ്വരാജ് എഴുതിയ ‘പൂക്കളുടെ പുസ്തകം’ എന്ന കൃതിയുടെ വായന സുരേഷ് ലാൽ നിർവഹിച്ചു. സ്കൂൾ കാലഘട്ടം മുതൽ എഴുത്തുകാരനെ ഭ്രമിപ്പിക്കുകയും ആകർഷിക്കുകയും ചെയ്ത പൂക്കളെ തേടിയുള്ള യാത്രകളും കണ്ടെത്തലുകളൂം അവയുടെ ചരിത്രനിയോഗങ്ങളും കാവ്യബന്ധങ്ങളും പുസ്തകത്തിൽ സ്വരാജ് മനോഹരമായി വിശദീകരിക്കുന്നുണ്ടെന്ന് സുരേഷ് ലാൽ പറഞ്ഞു.
ഡോ. പ്രശോഭ് ഈനോസിെൻറ ‘ആരണ്യകാണ്ഡം’ എന്ന കൃതിയുടെ വായനയാണ് അനിത്ര ജ്യോമി അവതരിപ്പിച്ചത്. പി.പി. രാമചന്ദ്രന്റെ ‘കാണെക്കാണെ’ എന്ന കവിത സമാഹാരത്തിലെ കവിതകളുടെ വായനാനുഭവം എം. ഫൈസൽ പങ്കുവെച്ചു. ആധുനികാനന്തര മലയാള കവിതയിലെ ഏറ്റവും കവിത മുറ്റിയ കവിതകളുടെ രചയിതാവാണ് രാമചന്ദ്രനെന്ന് അവതാരകൻ പറഞ്ഞു. പ്രമുഖ മാധ്യമപ്രവർത്തകൻ സനീഷ് ഇളയിടത്തിെൻറ ‘രമണീയ വനങ്ങളെ രണൽ ഭ്രമര വ്യാകുലമാം സുമങ്ങളെ’ എന്ന കൃതിയുടെ വായനാനുഭവം വി.കെ. ഷഹീബ പങ്കുവച്ചു. താൻ വായിച്ച പുസ്തകങ്ങളെ മുൻനിർത്തി സനീഷ് നടത്തുന്ന രാഷ്ട്രീയ വായനകളുടെ സമാഹാരമാണ് ഈ പുസ്തകം. ഹിന്ദുത്വ ഫാഷിസവും ഗാന്ധിവധവും അതേതുടർന്ന് തൂക്കിലേറ്റപ്പെട്ട നാരായൺ ആപ്തയുടെ കാമുകി മനോരമ സാൽവിയുമൊക്കെ വരുന്ന പുസ്തകം മികച്ച വായനാനുഭവമാണ് സമ്മാനിക്കുന്നതെന്ന് ഷഹീബ പറഞ്ഞു.
ജോണി പനംകുളം, ഷിംന സീനത്ത്, റഫീഖ് പന്നിയങ്കര, ബീന, സബീന എം. സാലി, ശശി കാട്ടൂർ, റസൂൽ സലാം, സീബ കുവോട്, ഫൈസൽ കൊണ്ടോട്ടി, നജിം കൊച്ചുകലുങ്ക് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നാസർ കാരക്കുന്ന് മോഡറേറ്ററായിരുന്നു. ചർച്ചകൾ ഉപസംഹരിച്ച് ജോമോൻ സ്റ്റീഫൻ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.