മദീനയിലെ വൈദ്യുതി വിതരണ നിലയത്തിന് നേരെ ഹൂത്തി ആക്രമണം; ഗൾഫ്, അറബ് രാജ്യങ്ങൾ അപലപിച്ചു
റിയാദ്: മദീനയിലെ മസ്ജിദുന്നബവിക്കും ജനവാസ കേന്ദ്രങ്ങൾക്കും സേവനം നൽകുന്ന വൈദ്യുതി വിതരണ നിലയത്തിന് നേരെ ഹൂത്തികൾ ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ വിവിധ ഗൾഫ്, അറബ് രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
മസ്ജിദുന്നബവിക്ക് സേവനം നൽകുന്ന വൈദ്യുതി വിതരണം നിലയത്തിന് നേരെയുള്ള ഹൂതികളുടെ ഡ്രോൺ ആക്രമണം ഇസ്‍ലാമിക പുണ്യസ്ഥലങ്ങളുടെ പവിത്രതക്ക് മേലുള്ള ഗുരുതരമായ കയ്യേറ്റവും മുസ്‍ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും സാധാരണക്കാരുടെ ജീവനോടുള്ള അംഗീകരിക്കാനാവാത്ത അനാദരവും സൗദിയുടെ പരമാധികാരത്തിന് മേലുള്ള നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെ പരസ്യമായ ലംഘനവുമാണെന്ന് ഖത്തർ വ്യക്തമാക്കി.
ആക്രമണത്തെ ഖത്തർ സർക്കാർ ശക്തമായ ഭാഷയിൽ അപലപിച്ചു. പുണ്യസ്ഥലങ്ങൾ, സിവിലിയൻ സ്ഥാപനങ്ങൾ, സാധാരണക്കാർ എന്നിവർക്ക് നേരെയുള്ള ആക്രമണങ്ങളെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി എതിർക്കുന്നതായി അറിയിച്ചു. ഇത്തരം ഉത്തരവാദിത്തമില്ലാത്ത പ്രവർത്തികൾ ഉടൻ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
സൗദിയോടുള്ള ഖത്തറിന്റെ പൂർണമായ ഐക്യദാർഢ്യം മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും പ്രദേശങ്ങളുടെയും താൽപ്പര്യങ്ങളുടെയും സംരക്ഷണത്തിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നിയമപരമായ നടപടികൾക്കും ഖത്തർ ഒപ്പമുണ്ടാകുമെന്നും അറിയിച്ചു. സൗദിയുടെ സുരക്ഷ എന്നത് ഖത്തറിന്റെയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ കൂട്ടായ സുരക്ഷാ സംവിധാനത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കുവൈത്ത്
സിവിലിയൻ വസ്തുക്കളെ ലക്ഷ്യമിട്ടുള്ള ഈ ശത്രുതാപരവും നീചവും ഭീരുത്വപരവുമായ ആക്രമണങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും മാനുഷിക നിയമത്തിന്റെയും കടുത്ത ലംഘനമാണെന്നും ലോകമെമ്പാടുമുള്ള മുസ്‍ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ഹൂത്തികളുടെ ആക്രമണത്തെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
യു.എ.ഇ
സൗദിയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനവും അതിന്റെ സുരക്ഷക്കും സ്ഥിരതക്കും മേലുള്ള ഭീഷണിയുമാണ് മദീനയിലെ വൈദ്യുതി നിലയത്തിനു നേരെയുള്ള ഹൂത്തികളുടെ ആക്രമണമെന്ന് യു.എ.ഇ പ്രസ്താവനയിലൂടെ പറഞ്ഞു. സൗദിയോടുള്ള യു.എ.ഇയുടെ പൂർണ ഐക്യ ദാർഢ്യവും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും നൽകുന്ന പിന്തുണയും പ്രസ്താവനയിലൂടെ ആവർത്തിച്ചുറപ്പിച്ചു.
ബഹ്റൈൻ
മദീനയിലെ മസ്ജിദുന്നബവിക്ക് സേവനം നൽകുന്ന വൈദ്യുതി നിലയത്തിനു നേരെയുള്ള ഹൂത്തികളുടെ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെയും ഒ.ഐ.സി രാജ്യങ്ങളുടെ ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും മതപരമായ മൂല്യങ്ങളുടെയും ധാർമ്മിക മാനദണ്ഡങ്ങളുടെയും കടുത്ത ലംഘനമാണെന്നും ബഹ്റൈൻ വ്യക്തമാക്കി. വിശുദ്ധ ഹറമുകളെയും ഇസ്‍ലാമിക പുണ്യസ്ഥലങ്ങളെയും ലക്ഷ്യമിട്ടുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഗുരുതരമായ ആക്രമണമാണിത്. ലോകമെമ്പാടുമുള്ള മുസ്‍ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഈജിപ്ത്
സൗദിയുടെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നിരന്തരമായ ശ്രമങ്ങളെയും ഈ നഗ്നമായ ലംഘനത്തെയും ശക്തമായി അപലപിക്കുന്നതായി ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഹൂത്തികളുടെ ഈ സമീപനം മൊത്തത്തിൽ മേഖലയിലെ സംഘർഷം വർധിപ്പിക്കുന്ന ഗുരുതരമായ ഒരു പ്രകോപനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. സൗദിയുടെ സുരക്ഷയെയും പരമാധികാരത്തെയും ഹനിക്കാൻ ലക്ഷ്യമിട്ടുള്ള ഏത് ശ്രമങ്ങളെയും ഈജിപ്ത് ശക്തമായി എതിർക്കും. രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കാൻ സൗദി സ്വീകരിക്കുന്ന ഏത് നടപടികൾക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും നൽകുമെന്നും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
ജോർദാൻ
മദീനയിലെ വൈദ്യുതി വിതരണ നിലയത്തിന് നേരെ ഹൂത്തി സംഘം ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ ജോർദാൻ സർക്കാർ അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള നഗ്നമായ ലംഘനവും സുരക്ഷയെയും സ്ഥിരതയെയും പ്രദേശങ്ങളുടെ സുരക്ഷിതത്വത്തെയും ബാധിക്കുന്ന ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും പരസ്യമായ ലംഘനവുമാണെന്ന് ആക്രമണത്തെ ജോർദാൻ വിശേഷിപ്പിച്ചു. സൗദി അറേബ്യയോടുള്ള ജോർദാന്റെ പൂർണമായ ഐക്യദാർഢ്യം ജോർദാൻ വിദേശകാര്യ മന്ത്രാലയ ഔദ്യോഗിക വക്താവ് അംബാസഡർ ഫുആദ് അൽ മജാലി വ്യക്തമാക്കി. സൗദിയുടെ സുരക്ഷയും സ്ഥിരതയും രാജ്യത്തിന്റെ സമ്പത്തും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജോർദാൻ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സുഡാൻ
പ്രവാചകന്റെ നഗരത്തിന്റെ പവിത്രതയെ ഹനിക്കുന്നതും സിവിലിയൻ കേന്ദ്രത്തെ ലക്ഷ്യമിടുന്നതുമായ ഈ ആക്രമണം ഹീനമായ കൃത്യമാണെന്ന് സുഡാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്‍ലാമിക വിശുദ്ധ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതിലും ലോകമെമ്പാടുമുള്ള മുസ്‍ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിലുമുള്ള ഹൂതികളുടെ ആസൂത്രിത നയത്തിന്റെ ഭാഗമാണിതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഈ നടപടികളെ അപലപിക്കാനും അവയെ തടയാൻ പ്രവർത്തിക്കാനും സുഡാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇത് രണ്ട് വിശുദ്ധ മസ്ജിദുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും കാരണമാകുമെന്നും പറഞ്ഞു.
ലബനാൻ
സുപ്രധാന സിവിലിയൻ സ്ഥാപനങ്ങൾക്ക് നേരെയുള്ള ഈ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനവും ഗുരുതരമായ ഒരു പ്രകോപനവുമാണെന്ന് ലബനാൻ വിദേശകാര്യ മന്ത്രാലയം വിലയിരുത്തി. ഇത് പ്രാദേശിക സ്ഥിരതക്ക് വ്യക്തമായ ഭീഷണിയാണെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. സൗദിയോടുള്ള ലബനാന്റെ പൂർണ ഐക്യദാർഢ്യം മന്ത്രാലയം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന ഏത് സാഹചര്യത്തെയും നേരിടുന്നതിൽ സൗദി അറേബ്യക്കൊപ്പം ഉറച്ചുനിൽക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അറബ് പാർലമെനറ്
മദീനയിൽ വൈദ്യുതി വിതരണ നിലയത്തിന് നേരെ ഹൂതി ഭീകരസംഘടന ഡ്രോൺ ഉപയോഗിച്ച് നടത്തിയ ഭീകരാക്രമണത്തെ അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബിൻ അഹ്മദ് അൽ യമാഹി ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ചു.ഇത്തരം ക്രിമിനൽ കൃത്യങ്ങൾ പുണ്യസ്ഥലങ്ങളുടെ പവിത്രതക്ക് മേലുള്ള നഗ്നമായ ലംഘനമാണെന്നും ലോകമെമ്പാടുമുള്ള മുസ്‍ലിംകളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് സൗദിയുടെ സുരക്ഷയെ മാത്രമല്ല, മൊത്തം പ്രദേശത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്നതാണെന്നും അൽ യമാഹി ഊന്നിപ്പറഞ്ഞു.രാജ്യത്തിന്റെ സമ്പത്തും സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വവും സംരക്ഷിക്കാനുള്ള സൗദിയുടെ കഴിവിനെ ഇത്തരം ആക്രമണങ്ങൾക്ക് തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ക്രിമിനൽ കൃത്യങ്ങളെ അപലപിക്കുന്നതിലും തള്ളിക്കളയുന്നതിലും, എല്ലാത്തരം ഭീകരവാദങ്ങളെയും നേരിടുന്നതിലും, കുറ്റവാളികളെയും അവർക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിലും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അറബ് പാർലമെന്റ് സ്പീക്കർ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും പാലിക്കേണ്ടതിന്റെയും സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ പ്രവർത്തിക്കേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.