ജിദ്ദ: തൊഴിലാളികളുടെ വേതനസംരക്ഷണ പദ്ധതി രാജ്യത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. ഇനിയും ആ പദ്ധതിക്ക് അനുസൃതമായി നിബന്ധനകൾ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾ എത്രയും പെട്ടെന്ന് അത് പൂർത്തിയാക്കി നിയമപാലനം ഉറപ്പാക്കണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
പാലിക്കാത്ത സ്ഥാപനങ്ങൾക്ക് വലിയ പിഴകൾ ചുമത്തും. അത് ഒഴിവാകാൻ ‘മദാദ് പ്ലാറ്റ്ഫോമി’ൽ ജീവനക്കാരുടെ സേവനവേതന രേഖകൾ പ്രതിമാസാടിസ്ഥാനത്തിൽ അപ്ലോഡ് ചെയ്യണം.
തൊഴിലാളികൾക്ക് നിശ്ചയിക്കപ്പെട്ട തീയതികളിൽതന്നെ ശമ്പളം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങൾ കുറക്കുന്നതിനും സ്വകാര്യമേഖലയിൽ ആകർഷകമായ തൊഴിലന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് വേതനസംരക്ഷണ പദ്ധതി മന്ത്രാലയം ആരംഭിച്ചത്.
വിവിധ ഘട്ടങ്ങളായാണ് ഇത് നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ മൂവായിരമോ അതിലധികമോ തൊഴിലാളികളുള്ള വലിയ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. അവസാനഘട്ടത്തിൽ അഞ്ചു വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ബാധകമാക്കി. ഇതോടെ ഈ പദ്ധതി പൂർണമായി.
ഇത് 2020ലായിരുന്നു. പദ്ധതിയുടെ നിബന്ധനകൾ എന്താണെന്ന് മനസ്സിലാക്കാനും മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ മദാദ് പ്ലാറ്റ്ഫോമിലോ വിവരിച്ചിരിക്കുന്ന നടപടിക്രമങ്ങൾക്കനുസരിച്ച് അവ നടപ്പാക്കാനും സ്ഥാപനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.