അറബ് - ലാറ്റിനമേരിക്കന്‍ ഉച്ചകോടിക്ക് ഇന്ന് തുടക്കം

റിയാദ്: സാമ്പത്തിക, രാഷ്ട്രീയരംഗങ്ങളില്‍ പുതിയ ശക്തികളായി വികസിച്ചു കൊണ്ടിരിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്നുള്ള അറബ് രാഷ്ട്ര സഖ്യത്തിന്‍െറ നാലാം ഉച്ചകോടിക്ക് റിയാദില്‍ ഇന്നു തുടക്കമാവും. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയുടെ സമാപനത്തില്‍ പുറത്തിറക്കുന്ന ‘റിയാദ് പ്രഖ്യാപനം’ സാമ്പത്തിക, വാണിജ്യ, രാഷ്ട്രീയ തലങ്ങളിലുള്ള രാജ്യാന്തര സഹകരണത്തിന്‍െറ പുതിയ വഴികള്‍ തേടുന്നതായിരിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. എണ്ണവില ഇടിച്ചിലിന്‍െറ സാഹചര്യത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇതു സംബന്ധിച്ച സജീവചര്‍ച്ചയുമുണ്ടാകുമെന്ന് ഉറപ്പാണ്. 
പ്രകൃതിവിഭവങ്ങളില്‍ സമ്പന്നമായ തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ കാര്‍ഷിക വ്യവസായരംഗത്ത് വിപ്ളവാത്മകമായ പുരോഗതി കൈവരിക്കുകയും വന്‍ വളര്‍ച്ച സാധ്യത രേഖപ്പെടുത്തുന്ന സാമ്പത്തികശക്തികളായി വളര്‍ന്നുവരികയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പത്തു വര്‍ഷം മുമ്പ് അറബ്രാജ്യങ്ങളുമായുണ്ടാക്കിയ സഖ്യം കേവല വാണിജ്യ, വ്യാപാരസഹകരണത്തിനപ്പുറം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള രാഷ്ട്രീയസഹകരണത്തിന്‍െറ സാധ്യതകളും പരിശോധിക്കും. പാശ്ചാത്യ രാഷ്ട്രങ്ങളും വന്‍ശക്തികളുമായുള്ള പതിവു സഹകരണത്തില്‍ നിന്നു മാറി വികസ്വരശക്തികളുമായി കൈകോര്‍ക്കാനുള്ള അറബ് രാജ്യങ്ങളുടെ താല്‍പര്യമാണ് ഇത്തരത്തിലൊരു കൂട്ടായ്മക്ക് തുടക്കമിട്ടത്. അറബ് മേഖലയിലെ രാഷ്ട്രീയ കാലുഷ്യങ്ങള്‍ക്കിടെ നടക്കുന്ന നാലാമത് ഉച്ചകോടി കേവല സൗഹൃദത്തിനപ്പുറം ഈടുറ്റ ചില രാഷ്ട്രീയ സമവാക്യങ്ങളുടെ സാധ്യത കൂടി പരിശോധിക്കുമെന്ന് പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തികം, വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികം, സാംസ്കാരികം, പരിസ്ഥിതി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ പരസ്പരസഹകരണം ഊട്ടിയുറപ്പിക്കാന്‍ ഉച്ചകോടിയില്‍ പദ്ധതികള്‍ ഉരുത്തിരിയും. അതോടൊപ്പം ഫലസ്തീന്‍ പ്രശ്നം, ഭീകരതക്കെതിരായ ചെറുത്തുനില്‍പ്, സ്വതന്ത്ര അറബ് സേനയുടെ രൂപവത്കരണം, സിറിയ, ലിബിയ, യമന്‍ എന്നീ സംഘര്‍ഷബാധിത വിഷയങ്ങള്‍, ആണവനിര്‍വ്യാപന കരാറുകളുടെ പുരോഗതി തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടിയുടെ അജണ്ടയില്‍ പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 
അര്‍ജന്‍റീന, ബൊളീവിയ, ബ്രസീല്‍, ചിലി, കൊളംബിയ, ഇക്വഡോര്‍, ഗയാന, പരാഗ്വേ, പെറു, സുറിനാം, യുറുഗ്വേ, വെനിസ്വേല എന്നീ 12 തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളും സൗദി അടങ്ങുന്ന ജി.സി.സി രാജ്യങ്ങള്‍, അല്‍ജീരിയ, കൊമോറോസ്, ഈജിപ്ത്, ഇറാഖ്, ജോര്‍ഡന്‍, ലബനാന്‍, ലിബിയ, മൗറിത്താനിയ, മൊറോക്കോ, ഫലസ്തീന്‍, സോമാലിയ, സുഡാന്‍, സിറിയ, തുനീഷ്യ, യമന്‍, ജിബൂട്ടി  എന്നീ 22 അറബ് രാജ്യങ്ങളുമാണ് അറബ് - ലാറ്റിനമേരിക്കന്‍ കൂട്ടായ്മയിലുള്ളത്.  ബ്രസീല്‍ തലസ്ഥാനമായ ബ്രസീലിയയില്‍ 2005 മേയ് 10, 11 തീയതികളിലായിരുന്നു പ്രഥമ ഉച്ചകോടി. 2009 മാര്‍ച്ചില്‍ ദോഹയിലും 2012 ഒക്ടോബറില്‍ പെറു തലസ്ഥാനമായ ലിമായിലും ഉച്ചകോടി സമ്മേളിച്ചു. ഈ സംയുക്തവേദിയുടെ തുടക്കത്തില്‍ രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന വ്യാപാരകരാര്‍ പത്തുവര്‍ഷം പിന്നിടുമ്പോള്‍ എട്ടു ശതകോടിയില്‍ നിന്ന് 30 ശതകോടിയായി വികസിച്ചു. അറബ് നാടുകളില്‍ നിന്നുള്ള 25 ദശലക്ഷം ആളുകള്‍ തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കുടിയേറ്റക്കാരായുണ്ട്. കരീബിയന്‍ രാഷ്ട്രങ്ങളെ കൂടി ചേര്‍ത്തു രൂപവത്കരിച്ച പൊതുവേദി നയതന്ത്ര, സാമ്പത്തികമേഖലകളില്‍ 50 ഓളം സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. വിദേശ നിക്ഷേപം വന്‍തോതില്‍ രാജ്യത്ത് കൊണ്ടുവരാനുള്ള തീരുമാനത്തിന്‍െറ ഭാഗമായി തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളുമായി കടല്‍ വഴിയുള്ള വ്യാപാരബന്ധം തുറക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രത്യേകതാല്‍പര്യമെടുത്തിട്ടുണ്ട്. 
അറബ് രാജ്യങ്ങളുടെ രാഷ്ട്രീയവിഷയങ്ങളില്‍ അനുകൂലമായ നിലപാടാണ് ഈ സഖ്യത്തിലെ ദക്ഷിണ അമേരിക്കന്‍ പങ്കാളികള്‍ സ്വീകരിച്ചു പോന്നത്. ഫലസ്തീനെ 1967 ലെ അതിരുകളില്‍ അംഗീകരിക്കാന്‍ തയാറായത് ഈ രംഗത്തെ ശ്രദ്ധേയമായ നീക്കമായിരുന്നു. ലോകത്തെ പുത്തന്‍ സാമ്പത്തികശക്തിയായി വളരുന്ന ബ്രസീലാണ് ഇതിന് നായകത്വം വഹിച്ചത്. പടിഞ്ഞാറന്‍ നാടുകളുമായുള്ള ബന്ധത്തില്‍ പലപ്പോഴും അറബ് രാജ്യങ്ങള്‍ക്കിടയില്‍ വിശ്വാസനഷ്ടം സംഭവിച്ചു കൊണ്ടിരിക്കെ പുതിയ ശക്തികളെ കൂട്ടിപ്പിടിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായുള്ള കൂട്ടായ്മയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനം റിയാദില്‍ ഉണ്ടാകും. മേഖലയിലെയും ആഗോളതലത്തിലെയും വിഷയങ്ങളില്‍ രാഷ്ട്രീയസഹകരണത്തിനും സാമ്പത്തികപങ്കാളിത്തത്തിനുമുള്ള പുതുവഴികള്‍ റിയാദില്‍ രൂപപ്പെടുമെന്ന് അറബ് ലീഗ് അസി.സെക്രട്ടറി ജനറല്‍ അഹ്മദ് ബിന്‍ ഹലി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.