ഒമാൻ വിഷൻ 2040: അഞ്ചു വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക്

മസ്കത്ത്: ഒമാൻ വിഷൻ 2040ന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു വർഷം രാജ്യത്തുണ്ടായ വികസന നേട്ടങ്ങളും മാറ്റങ്ങളും ജനങ്ങളിലെത്തിക്കാൻ ദേശീയ പ്രചാരണത്തിന് തുടക്കമാകുന്നു. ‘ഫോർ ഒമാൻ ആൻഡ് ഇറ്റ്സ് പീപ്പിൾ’ എന്ന പേരിലുള്ള കാമ്പയിൻ നവംബർ 10ന് ആരംഭിക്കും. 2020 മുതൽ 2025 വരെയുള്ള കാലയളവിലെ വികസന പുരോഗതി വിലയിരുത്തുന്ന റിപ്പോർട്ടും ഇതോടൊപ്പം പുറത്തിറക്കും.

രാജ്യത്തിന്റെ വിവിധ മേഖലകളിലുണ്ടായ നേട്ടങ്ങളും അവ ജനങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളുമാണ് കാമ്പയിനിലൂടെ അവതരിപ്പിക്കുക. 2020 മുതൽ 2025 വരെ 581 രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആരോഗ്യ മേഖലയിൽ 68 പുതിയതും നവീകരിച്ചതുമായ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചു. സാമ്പത്തിക മേഖലകളിലെയും സ്വതന്ത്ര മേഖലകളിലെയും വ്യവസായ നഗരങ്ങളിലെയും ആകെ നിക്ഷേപം 2025 അവസാനത്തോടെ 22.39 ബില്യൺ ഒമാനി റിയാലിലെത്തി.

ബഹിരാകാശ മേഖലയിലും വളർച്ചയുണ്ടായി. 2023ൽ 11 ആയിരുന്ന സജീവ കമ്പനികളുടെ എണ്ണം 2025 അവസാനത്തോടെ 26 ആയി ഉയർന്നു. സർക്കാർ സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി 2025ൽ ആരംഭിച്ച ‘തജാവുബ്’ പ്ലാറ്റ്ഫോമിന്റെ ആദ്യഘട്ടത്തിൽ 41 സർക്കാർ സ്ഥാപനങ്ങൾ പങ്കാളികളായി.ഗവർണറേറ്റുകളുടെ വികസനത്തിനും പ്രത്യേക പരിഗണന നൽകി. ഓരോ ഗവർണറേറ്റിനും 20 ദശലക്ഷം റിയാൽ വീതം അനുവദിച്ച് പ്രാദേശിക വികസന പദ്ധതികൾക്ക് പിന്തുണ നൽകി.യുവാക്കൾ, വിദ്യാർഥികൾ, കുടുംബങ്ങൾ, ഗവേഷകർ, സംരംഭകർ, സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ടെലിവിഷൻ, റേഡിയോ, പത്രമാധ്യമങ്ങൾ, സാമൂഹിക മാധ്യമങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി പ്രചാരണം നടത്തും. രാജ്യത്തിന്റെ വികസന യാത്രയിൽ ജനങ്ങളുടെ പങ്കാളിത്തവും കൈവരിച്ച നേട്ടങ്ങളും ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം.

Tags:    
News Summary - Oman Vision 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.