കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) റെഡ് ക്രസന്റ് സൊസൈറ്റികൾ മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതായി കുവൈത്ത് സാമൂഹിക കാര്യ മന്ത്രിയും കുടുംബ, ബാല്യകാല കാര്യ മന്ത്രിയുമായ ഡോ. അംതാൽ അൽ ഹുവൈല. ഗൾഫ് രാജ്യങ്ങളുടെ ദുരിതം അനുഭവിക്കുന്ന ജനങ്ങളോടുള്ള ഐക്യദാർഢ്യം, സഹായം എത്തിക്കൽ എന്നീ മൂല്യങ്ങൾ ജി.സി.സി റെഡ് ക്രസന്റ് സൊസൈറ്റികൾ ഉൾക്കൊള്ളുന്നതായും മന്ത്രി വ്യക്തമാക്കി. ജി.സി.സി റെഡ് ക്രസന്റ് സൊസൈറ്റി പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് മന്ത്രി അൽ ഹുവൈലയുടെ പ്രതികരണം. സാമ്പത്തിക കാര്യങ്ങളുടെ ജി.സി.സി അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഖാലിദ് അൽ സുനൈദി, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ചെയർമാൻ അംബാസഡർ ഖാലിദ് അൽ മുഗാമിസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
ഡോ.അംതാൽ അൽ ഹുവൈല
ജി.സി.സി റെഡ് ക്രസന്റ് സൊസൈറ്റികൾ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ നടത്തിയ സുപ്രധാന മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഡോ. അംതാൽ അൽ ഹുവൈല അഭിനന്ദിച്ചു. ദുരന്തങ്ങളിലും പ്രതിസന്ധികളിലും പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിലെ വിശിഷ്ട സംഭാവനകളും ചൂണ്ടിക്കാട്ടി.
സന്നദ്ധ സംഘടനകൾക്കിടയിലെ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും പ്രാധാന്യവും അവർ അടിവരയിട്ടു. അനുഭവങ്ങൾ കൈമാറുന്നതിനും, മാനുഷിക വെല്ലുവിളികളെ നേരിടുന്നതിനുള്ള സംയുക്ത ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനും, വേഗത്തിൽ പ്രതികരിക്കാനുള്ള തയാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനും പരസ്പര ചർച്ചകൾ ഗുണം ചെയ്യുമെന്നും സൂചിപ്പിച്ചു.
യു.എ.ഇ റെഡ് ക്രസന്റ് സെക്രട്ടറി ജനറൽ അഹമ്മദ് അൽ മസ്രൂയി, ബഹ്റൈൻ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറൽ മുബാറക് അൽ ഹാദി, സൗദി റെഡ് ക്രസന്റ് അതോറിറ്റി പ്രസിഡന്റ് ഡോ. ജലാൽ അൽ ഒവൈസി, ഒമാനി ചാരിറ്റബിൾ ഓർഗനൈസേഷന്റെ ആക്ടിങ് സി.ഇ.ഒ ബദർ അൽ സാബി, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ചെയർമാൻ യൂസഫ് അൽ ഖാതർ എന്നിവർ ഗൾഫ് പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.