കുവൈത്ത് നാഷനൽ മ്യൂസിയത്തിൽ ആരംഭിച്ച ഗാർഡനിയ പ്രദർശനം
കുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ മ്യൂസിയത്തിൽ നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് ആഭിമുഖ്യത്തിൽ ‘ഗാർഡനിയ’ പ്രദർശനം ആരംഭിച്ചു. വിവിധ സാംസ്കാരിക കലാപരിപാടികൾ ഉൾപ്പെടെയുള്ള പ്രദർശനം ഫെബ്രുവരി 25 വരെയാണ് നടക്കുക. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം.
പൂന്തോട്ടങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങളാണ് കാര്യമായി ഉള്ളത്. നഗര ആസൂത്രണം, പൂന്തോട്ടങ്ങൾക്കായുള്ള വെളിച്ച ക്രമീകരണം എന്നിവയുമായി ബന്ധപ്പെട്ട ശിൽപശാല, കാർഷിക ഉൽപന്നങ്ങൾക്കായി പ്രത്യേക വിഭാഗം, കലാ ശേഖരങ്ങളുടെ പ്രദർശനം, സംഗീത പരിപാടികൾ, നാടൻ കലാപ്രകടനങ്ങൾ എന്നിവയുമുണ്ടാകും.
പരമ്പരാഗത കുവൈത്ത് നാടോടി ബാൻഡുകൾ, ലെബനീസ് കോറൽ ഗ്രൂപ്പുകൾ, വിവിധ എംബസികളുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക, സംഗീത പ്രകടനങ്ങൾ എന്നിവയും പരിപാടിയിൽ ഉണ്ടാകും. ഔട്ട്ഡോർ ഗാർഡൻ സെഷനുകളും കാർഷിക ഉൽപന്നങ്ങളുടെ വിൽപനയുമുണ്ട്. പരമ്പരാഗത കുവൈത്ത് ജീവിതവും പൂർവ്വികരുടെ സംസ്കാരവും മനസ്സിലാക്കാൻ സഹായിക്കുന്ന പൈതൃക പ്രദർശനവും ഇതോടനുബന്ധിച്ച് നടത്തും.
പുരാതന വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ദൈനംദിന ഉപകരണങ്ങൾ തുടങ്ങിയവയാണ് ഇതിലുണ്ടാവുക. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് അനുയോജ്യമായ ഡോക്യുമെന്ററികളും ശാസ്ത്ര പ്രദർശനവും വാന നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കുവൈത്ത് ദേശീയ, വിമോചന ദിനാഘോഷത്തോടും 2025-ലെ അറബ് സംസ്കാരത്തിന്റെയും മാധ്യമങ്ങളുടെയും തലസ്ഥാനമായി കുവൈത്തിനെ നാമനിർദേശം ചെയ്യുന്നതിനോടും അനുബന്ധിച്ചാണ് പരിപാടി. റെസ്റ്റാറന്റുകൾ, ഫർണിച്ചർ കമ്പനികൾ, ഗാർഡനിങ്, പ്ലാന്റിങ് തുടങ്ങിയവുമായി ബന്ധപ്പെട്ട 70 സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.