കുവൈത്ത് സിറ്റി: ഇടവേളക്കുശേഷം എയർ ഇന്ത്യ എക്സ്പ്രസിൽ വീണ്ടും സർവിസ് റദ്ദാക്കൽ. ഈ മാസം ആറിന് കോഴിക്കോട്-കുവൈത്ത്-വിമാനം റദ്ദാക്കി. ചൊവ്വാഴ്ചകളിൽ സർവിസ് ഇല്ലാത്തതിനാൽ ബുധനാഴ്ചയിലേക്ക് നിരവധി പേർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. സർവിസ് റദ്ദാക്കിയത് യാത്രക്കാരെ പ്രയാസത്തിലാക്കി.
അടുത്തിടെയായി എയർ ഇന്ത്യ എക്സ്പ്രസ് കൃത്യമായ സർവിസ് നടത്തിവരുകയായിരുന്നു. അതിനിടെയാണ് ഈയാഴ്ച രണ്ടാമത്തെ ഷെഡ്യൂൾ മാറ്റം. നവംബർ 30, ഡിസംബർ എഴ് തീയതികളിൽ കുവൈത്തിൽ നിന്നുള്ള കണ്ണൂർ എയർഇന്ത്യ എക്സ്പ്രസുകൾ റദ്ദാക്കിയിട്ടുണ്ട്. ഈ തീയതികൾക്കുപകരം തൊട്ടടുത്ത ദിവസങ്ങളിൽ പകരം സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവർത്തനപരമായ കാരണങ്ങളാലാണ് സർവിസുകളിൽ മാറ്റമെന്നാണ് സൂചന.
സീസൺ സമയത്ത് ടിക്കറ്റിന് വലിയ വില നൽകേണ്ടി വരുമെന്നതിനാൽ പ്രവാസികളിൽ നിരവധി പേർ മാസങ്ങൾക്കുമുമ്പേ ചെറിയ നിരക്കിൽ ടിക്കറ്റ് എടുക്കുന്നത് പതിവാണ്.
എന്നാൽ, വിമാനം പുറപ്പെടുന്നതിന്റെ ദിവസങ്ങൾക്കു മുമ്പ് റദ്ദാക്കുന്നതിലൂടെ പെട്ടെന്ന് പുതിയ ടിക്കറ്റ് എടുക്കാൻ വലിയ തുകയാണ് നൽകേണ്ടി വരുന്നത്. ചെറിയ ലീവിന് പോകുന്നവരെ ഇത് പ്രതികൂലമായി ബാധിക്കുന്നു. റദ്ദാക്കിയവർക്ക് മുഴുവൻ റീഫണ്ട് ലഭിക്കുമെങ്കിലും അന്നേ ദിവസം മറ്റൊരു വിമാനത്തിന് നേരത്തെ നൽകിയ തുകക്ക് ടിക്കറ്റ് ലഭിക്കുക അസാധ്യമാണ്.
കുവൈത്ത് സിറ്റി: വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കുന്നത് പ്രവാസികൾക്കുണ്ടാക്കുന്ന നഷ്ടവും ദുരിതവും ചെറുതല്ല. നാട്ടിലെ അത്യാവശ്യ പരിപാടികൾ, സാമ്പത്തിക നഷ്ടം, ലീവ് എന്നിവയെല്ലാം ഒരു വിമാനം റദ്ദാക്കുന്നതോടെ അട്ടിമറിക്കപ്പെടും.
ഈയാഴ്ച ചില വിമാനങ്ങൾ റദ്ദാക്കിയതോടെ കുവൈത്ത് പ്രവാസിക്ക് നേരിടേണ്ടിവന്നത് വലിയ പ്രയാസങ്ങളാണ്. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം എറവക്കാടിലുള്ള കുഞ്ഞഹമ്മദിന് ഈമാസം ആറിന് നാട്ടിൽ പോകാനായി മൂന്ന് ടിക്കറ്റാണ് എടുക്കേണ്ടിവന്നത്.
ഡിസംബറിൽ ടിക്കറ്റ് നിരക്ക് ഉയരും എന്നതിനാൽ ഈ മാസം ആറിന് നാട്ടിൽ പോകാൻ കുഞ്ഞഹമ്മദ് രണ്ട് മാസംമുമ്പ് അർശ് ട്രാവൽസിൽ നിന്ന് ടിക്കറ്റ് എടുത്ത് കാത്തിരിക്കുയായിരുന്നു. കൊച്ചിയിലേക്ക് ശ്രീലങ്കൻ എയർവേഴ്സിനാണ് ടിക്കറ്റ് എടുത്തത്. നേരത്തെ ടിക്കറ്റ് എടുത്തതിനാൽ 37 ദീനാറിന് 40 കിലോ ബാഗേജുള്ള ടിക്കറ്റ് ലഭിച്ചു.
എന്നാൽ, വിമാനം റദ്ദാക്കിയെന്ന് രണ്ടാഴ്ച മുമ്പ് ശ്രീലങ്കൻ ഓഫിസിൽ നിന്ന് അറിയിച്ചു. ഉടനെ അദ്ദേഹം എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്തു. ഏതാണ്ട് 15 ദീനാർ അധികം നൽകിയാണ് ടിക്കറ്റ് രണ്ടാമത് എടുത്തത്.
ഇതിനിടെ, ബുധനാഴ്ചയിലെ എയർ ഇന്ത്യ എക്സ്പ്രസും റദ്ദാക്കിയെന്ന വിവരം ലഭിച്ചു. ഇപ്പോൾ കൊച്ചിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ പുതിയ ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയാണ് കുഞ്ഞഹമ്മദ്. ഇതിനും അഞ്ച് ദീനാറോളം കൂടുതൽ ചെലവായി. നാട്ടിൽ പോകാനായി ഇദ്ദേഹത്തിന് കമ്പനിയിൽനിന്ന് ലഭിച്ച ലീവിനെയും വിമാനമാറ്റം ബാധിച്ചു. മൂന്നാമത്തെ റദ്ദാക്കൽ അറിയിപ്പ് വരരുതെന്ന പ്രാർഥനയിലാണ് ഇപ്പോൾ കുഞ്ഞഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.