കുവൈത്ത് സിറ്റി: ഇരട്ട പൗരത്വം കണ്ടുപിടിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പരിശോധന കാമ്പയിൻ ആരംഭിച്ചു. മറ്റൊരു രാജ്യത്തിെൻറ പൗരത്വം സൂക്ഷിക്കുമ്പോൾ തന്നെ കുവൈത്ത് പൗരത്വവും സംരക്ഷിച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തടയാൻ നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് മന്ത്രാലയം.
അയൽരാജ്യങ്ങളിൽ താമസിക്കുന്ന ഇത്തരം ആളുകൾ വർഷത്തിൽ കുറച്ചുദിവസം മാത്രം ഇവിടെ തങ്ങി പൗരന്മാർക്ക് കുവൈത്ത് നൽകുന്ന ആനുകൂല്യങ്ങളെല്ലാം പറ്റുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ നിരീക്ഷണം. വ്യാജരേഖകൾ സമർപ്പിച്ച് പൗരത്വം സമ്പാദിച്ചവരെ പിടികൂടാൻ പരിശോധന ശക്തമാക്കുമെന്നാണ് മന്ത്രാലയം നൽകുന്ന സൂചന.
'പോയി വരുന്നവരുടെ' യാത്രാരേഖകൾ പരിശോധിച്ചതിൽനിന്ന് ഇവർ കുവൈത്തിൽ അധികകാലം താമസിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിന് വ്യക്തമായിട്ടുണ്ട്. കുഞ്ഞായിരിക്കുമ്പോൾ രാജ്യം വിട്ട പലരും മുതിർന്നശേഷം ഇവിടെയെത്തി സിവിൽ സർവിസ് കമീഷനിൽ ജോലിക്കായി രജിസ്റ്റർ ചെയ്യുന്നു.
കുവൈത്തിൽ നിയമം ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. കര അതിർത്തി, വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ആഭ്യന്തര മന്ത്രാലയം സർക്കുലർ അയച്ചിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരാണ് കുവൈത്തിെൻറകൂടി പൗരത്വം കൈവശം വെച്ചിട്ടുള്ളത്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം തുടങ്ങിയിട്ട് വർഷങ്ങളായി.
നേരേത്ത നിരവധി പേരുടെ പൗരത്വം ഇത്തരത്തിൽ റദ്ദാക്കിയിട്ടുണ്ട്. ഇനിയും ആയിരങ്ങൾ ഇരട്ട പൗരത്വവുമായി രാജ്യത്ത് കഴിയുന്നതായാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.