കുവൈത്ത് സിറ്റി: 2025-26 സാമ്പത്തികവർഷത്തിൽ 1700 കോടി ദീനാർ ചെലവിൽ 90 പുതിയ പദ്ധതികൾ ഉൾപ്പെടുത്തി. റോഡുകൾ, ശുചിത്വം, വിദ്യാഭ്യാസം, സംസ്കാരം, ആരോഗ്യം, ജലം, വ്യോമയാനം തുടങ്ങി സുപ്രധാന മേഖലകൾ ഉൾക്കൊള്ളുന്ന പദ്ധതികൾ രാജ്യത്തെ ജീവിതനിലവാരം ഉയർത്തുന്നതിന് പുറമെ സമ്പദ് വ്യവസ്ഥക്കും ഉത്തേജനം പകരും. വിവിധ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും കീഴിൽ 69 പദ്ധതികളും അനുബന്ധ സ്ഥാപനങ്ങളുടെ കീഴിൽ 21 പദ്ധതികളും നടപ്പാക്കാൻ ബജറ്റിൽ തുക വകയിരുത്തി.
സമീപവർഷങ്ങളിൽ പത്തിൽ കൂടുതൽ പുതിയ പദ്ധതികൾ ഉൾപ്പെടുത്തിയിരുന്നില്ല. ബജറ്റിൽ 1900 കോടി ദീനാറിന്റെ മൂലധന ചെലവ് ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മന്ത്രാലയങ്ങൾക്ക് 150 കോടി ദീനാർ, അനുബന്ധ സ്ഥാപനങ്ങൾക്ക് 11.8 കോടി ദീനാർ, സ്വതന്ത്ര സ്ഥാപനങ്ങൾക്ക് 25.3 കോടി ദീനാർ എന്നിങ്ങനെ അനുവദിച്ചു.
നിലവിലുള്ള പദ്ധതികൾ സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കാൻ സാമ്പത്തിക, സാങ്കേതിക പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്ന് സാമ്പത്തിക കാര്യ-നിക്ഷേപ മന്ത്രിയായ നൂറ സുലൈമാൻ അൽ ഫസ്സാം അറിയിച്ചു. സർക്കാർ മൂലധന ചെലവ് വർധിപ്പിക്കുന്നത് വിപണിയിൽ കൂടുതൽ പണം എത്താനും സമ്പദ് വ്യവസ്ഥ കൂടുതൽ ചലനാത്മകമാകാനും ഉപകരിക്കും.
ആഗോളാടിസ്ഥാനത്തിൽ തന്നെയുള്ള സാമ്പത്തിക മുരടിപ്പിന് മറുമരുന്നായി വിവിധ രാജ്യങ്ങൾ മൂലധന ചെലവ് വർധിപ്പിക്കാനും ജനങ്ങളുടെ പക്കൽ കൂടുതൽ പണമെത്തിക്കാനും പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. ഈ ദിശയിൽ ശ്രദ്ധേയമായ ചുവടുവെപ്പാണ് കുവൈത്ത് നടത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.