ജലകേളിയൊരുക്കാൻ ബോട്ട് ഷോ

ദുബൈയുടെ ആഘോഷമാണ് ഇന്‍റർനാഷനൽ ബോട്ട് ഷോ. മഹാമാരി നൽകിയ ഇടവേളക്ക് ശേഷം പൂർവാധികം ശക്തിയോടെ മാർച്ച് ഒമ്പതിന് ബോട്ട് ഷോ തിരികെയെത്തുകയാണ്. ദുബൈ ഹാർബറിൽ ആദ്യമായി ബോട്ട് ഷോ നടക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. 13 വരെ അഞ്ച് ദിനങ്ങളിലായി ബോട്ടുകൾ ദുബൈയുടെ ജലപാതകൾ കൈയടക്കും.

400 ബോട്ടുകളാണ് ഇക്കുറി അണിനിരക്കുന്നത്. കോവിഡ് തുടങ്ങിയ ശേഷം ലോകം കാണാൻ പോകുന്ന ഏറ്റവും വലിയ ബോട്ട് ഷോയായിരിക്കും ഇത്. ജലഗതാഗത മേഖലയിലെ നൂതന ആശയങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും പ്രദർശനം കൂടിയായിരിക്കും ഇത്. കപ്പിത്താൻമാർ, കപ്പൽ ഉടമകൾ, സാങ്കേതിക വിദഗ്ദർ തുടങ്ങിയവർ പങ്കെടുക്കും.

ഒഴുകുന്ന 'സൗധങ്ങളായ' ഫെഡ്ഷിപ്പ്, മജസ്റ്റി, നൊമാഡ്, ക്രാഞ്ചി, ലർസെൻ തുടങ്ങി ഈ ഇനത്തിൽപെട്ട 50ഓളം ബോട്ടുകളുണ്ടാകും. ചെറിയ മത്സ്യ ബന്ധന ബോട്ടുകളുമുണ്ടാകും. പായ്വഞ്ചി, തുഴച്ചിൽ വള്ളം, ജെറ്റ്സ്കീ, വിൻഡ് സർഫിങ് എന്നിവയെ കുറിച്ചുള്ള അറിവും ലഭിക്കും. ലോകപ്രശസ്തമായ ബോട്ടുകളുടെ സംഗമത്തിനാണ് ദുബൈ വേദിയൊരുക്കുന്നത്. സൺറീഫിന്‍റെ 80 എക്കോലൈൻ, പ്രിൻസസ് വൈ 85, സാൻ ലോറൻസോയുടെ എസ്.എക്സ് 88 തുടങ്ങിയവ ആകർഷണ കേന്ദ്രങ്ങളാണ്. യു.എ.ഇയിലെ ആഭ്യന്തര ബോട്ടുകളെ പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിട്ട് 'പ്രൗഡ്ലി യു.എ.ഇ' ഇക്കുറിയുണ്ടാവും. അൽ റുബ്ബാൻ മറൈൻ, ജുൾഫാർ ക്രാഫ്റ്റ്, അൽ മസ്റൂയി ബോട്ട് തുടങ്ങിയ പ്രാദേശിക ബ്രാൻഡുകൾ വരവറിയിക്കും. ഗൾഫ് ക്രാഫ്റ്റിന്‍റെ നിരവധി യാനങ്ങൾ അഞ്ച് ദിവസത്തിനിടെ വെള്ളത്തിലിറങ്ങും.

ലോകത്തെ ഏറ്റവും മികച്ച പത്ത് നോട്ടിക്കൽ തലസ്ഥാനങ്ങളിൽ ഒന്നാണ് ദുബൈ. 15 മറീനകളിലായി 3000 ബോട്ടുകൾക്ക് ഇവിടെ ഇടമുണ്ട്.

ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് ദുബൈ ഹാർബർ. ലോകത്തിലെ സൂപ്പർ യാനങ്ങളുടെ ഉടമകളിൽ 12.6 ശതമാനവും മിഡ്ൽ ഈസ്റ്റിലാണ്. ഇവരുടെ ഏറ്റവും പുതിയ യാനങ്ങൾ പുറത്തിറക്കുന്നതിനും ബോട്ട് ഷോ സാക്ഷ്യം വഹിക്കും.

Tags:    
News Summary - Boat show for water sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.