ബെനഫിറ്റ് വഴി മെസേജ് അയച്ച് ദുരുപയോഗം ചെയ്യുന്നതായി പരാതി
മനാമ: രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ എളുപ്പമാക്കാൻ ഉപയോഗിക്കുന്ന ബെനഫിറ്റ് പേ ആപ്പ് ദുരുപയോഗം ചെയ്യുന്നതായി പരാതി. സോഷ്യൽ മീഡിയയിലും ഫോണിലും ബ്ലോക്ക് ചെയ്ത ആളുകൾ ബെനഫിറ്റ് പേയിലെ ‘ഫൗരി പ്ലസ്‘, ‘സ്പ്ലിറ്റ് ബിൽ’ എന്നീ ഫീച്ചറുകൾ ഉപയോഗിച്ച് തുടർച്ചയായി സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബഹ്റൈൻ പാർലമെന്റിലെ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
മറ്റ് പ്ലാറ്റ്‌ഫോമുകളിൽ ബ്ലോക്ക് ചെയ്യപ്പെട്ടവരുമായി മെസേജ് അയക്കാനും അവരെ ശല്യപ്പെടുത്താനും കണ്ടെത്തിയ പുതിയ വഴിയാണിത്. ഒരാൾക്ക് പേയ്‌മെന്റ് റിക്വസ്റ്റ് അയക്കുമ്പോൾ അതിനൊപ്പം മെസ്സേജ് നൽകാനുള്ള സൗകര്യമാണ് ഇവിടെ ദുരുപയോഗം ചെയ്യുന്നത്.
പാർലമെന്റിന്റെ ധനകാര്യ സാമ്പത്തിക കാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സല്ലൂം, വൈസ് ചെയർപേഴ്സൺ സൈനബ് അബ്ദുൽ അമീർ എന്നിവരടങ്ങുന്ന എം.പിമാർ ഈ വിഷയത്തിൽ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി, ബെനഫിറ്റ് കമ്പനി, ആഭ്യന്തര മന്ത്രാലയം എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
ബ്ലോക്ക് ചെയ്ത വ്യക്തികളിൽ നിന്ന് ബെനഫിറ്റ് പേ വഴിയും റിക്വസ്റ്റുകൾ വരുന്നത് തടയണമെന്നും, വരുന്ന റിക്വസ്റ്റുകൾ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിന് പുറമെ അവ 'ഡിലീറ്റ്' ചെയ്തു കളയാനുള്ള ഓപ്ഷൻ ഉപഭോക്താക്കൾക്ക് നൽകണമെന്നുമാണ് എം.പിമാർ ആവശ്യപ്പെടുന്നത്.
നിലവിൽ സിസ്റ്റത്തിൽ വരുന്ന എല്ലാ ട്രാൻസാക്ഷൻ റിക്വസ്റ്റുകളും റിക്കോർഡുകളായി നിലനിൽക്കുമെന്നും ഡിലീറ്റ് ചെയ്യാൻ കഴിയില്ലെന്നുമാണ് ബെനഫിറ്റ് കമ്പനി വ്യക്തമാക്കിയത്. എന്നാൽ ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി എം.പിമാർ മുന്നോട്ടുവെച്ച ഈ പ്രശ്നത്തിന് അനുയോജ്യമായ സാങ്കേതിക പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് കമ്പനി അറിയിച്ചു. വരും ദിവസങ്ങളിൽ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.