ഇന്ത്യൻ സ്‌കൂൾ ഭരണസമിതിക്കെതിരെ ഇൻഡക്സ് ബഹ്‌റൈൻ; പിന്തുണ പിൻവലിച്ചു

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ഇൻഡക്സ് ബഹ്‌റൈൻ രംഗത്ത്. കഴിഞ്ഞ മൂന്ന് വർഷമായി സ്‌കൂൾ ഭരണസമിതിയായ പി.പി.എക്ക് നൽകി വന്നിരുന്ന പിന്തുണ പിൻവലിക്കുന്നതായി സംഘടന പ്രഖ്യാപിച്ചു. സ്‌കൂളിന്റെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ക്ഷേമം മുൻനിർത്തിയാണ് തങ്ങൾ സഹകരിച്ചിരുന്നതെന്നും, എന്നാൽ നിലവിലെ ഭരണസമിതിയുടെ പിടിപ്പുകേട് സ്‌കൂളിനെ അതീവ പരിതാപകരമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണെന്നും സംഘടന ആരോപിക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ അവഗണിച്ച് രക്ഷിതാക്കളല്ലാത്ത മുൻ ഭരണസമിതി മേധാവിയും ചില പി.പി.എ നേതാക്കളും ചേർന്ന് നിക്ഷിപ്ത താല്പര്യങ്ങൾക്കുവേണ്ടിയാണ് സ്‌കൂളിനെ നിയന്ത്രിക്കുന്നതെന്ന് ഇൻഡക്സ് ആരോപിക്കുന്നു. ഇപ്പോഴത്തെ പ്രിൻസിപ്പാളിനെ നോക്കുകുത്തിയായി നിർത്തി മറ്റാരോ ആണ് സ്‌കൂൾ ഭരിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ പ്രേരിതമായി കഴിവും അർപ്പണബോധവുമുള്ള നിരവധി സീനിയർ അധ്യാപകരെ പിരിച്ചുവിടുകയോ രാജി വെപ്പിക്കുകയോ ചെയ്തു. പകരം അധ്യാപകരെ കൃത്യമായ അനുപാതത്തിൽ നിയമിക്കാത്തതിനാൽ പല പ്രധാന വിഷയങ്ങളും പഠിപ്പിക്കാൻ അധ്യാപകരില്ലാത്ത അവസ്ഥയാണുള്ളത്. പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും പല പുസ്തകങ്ങളും വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

ഫീസടക്കാത്ത രക്ഷിതാക്കളെ കുറ്റപ്പെടുത്തി ഭരണസമിതിയുടെ അമിത ചെലവുകളും കഴിവില്ലായ്മയും മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും, ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഇൻഡക്സ് ആരോപിക്കുന്നു. ഫീസ് കൃത്യമായി വാങ്ങിയെടുക്കാനുള്ള കഴിവ് ഭരണസമിതിക്കില്ല. കഴിഞ്ഞ 12 വർഷമായി സ്‌കൂൾ ഭരിക്കുന്നവർ സംഘടിപ്പിച്ച മെഗാഫെയറുകളിൽ നിന്നും ലഭിച്ച ഫണ്ടുകളുടെ കണക്കുകൾ പോലും സുതാര്യമായി അവതരിപ്പിക്കാൻ ഭരണസമിതി തയ്യാറാകുന്നില്ല.

കണക്കുകൾ ചോദിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയാണ് ഭരണസമിതി പിന്തുടരുന്നത്. കഴിഞ്ഞ 12 വർഷമായി ഭരണം നടത്തുന്നവർ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ യാതൊരു ശ്രദ്ധയും നൽകിയിട്ടില്ലെന്നും സംഘടന കുറ്റപ്പെടുത്തി. ട്യൂഷൻ കേന്ദ്രങ്ങളെ ആശ്രയിക്കാതെ സ്‌കൂളിൽ തന്നെ മികച്ച അക്കാദമിക് നിലവാരം ഉറപ്പുവരുത്തണമെന്നും, ജീവനക്കാരുടെ ശമ്പളം മുടങ്ങാതെ നൽകണമെന്നും രാഷ്ട്രീയ പകപോക്കലുകൾ അവസാനിപ്പിക്കണമെന്നും ഇൻഡക്സ് ബഹ്‌റൈൻ ആവശ്യപ്പെട്ടു.

Tags:    
News Summary - index bahrain withdraw support for indian school administration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.