1. ബ്രിഗേഡിയർ ജനറൽ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ ആൽ ഖലീഫ 2. ഓപൺ എം.ആർ.ഐ മെഷീൻ
രോഗനിർണയം എളുപ്പമാകും; ബി.ഡി.എഫ് ഹോസ്പിറ്റലിൽ ആധുനിക ഓപൺ എം.ആർ.ഐ മെഷീനെത്തി
മനാമ: രോഗനിർണയത്തിൽ കുതിച്ചുചാട്ടത്തിന് വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആധുനിക ഓപൺ എം.ആർ.ഐ (മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ്) മെഷീൻ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ഹോസ്പിറ്റലിനായി റോയൽ മെഡിക്കൽ സർവിസസ് (ആർ.എം.എസ്) സ്വന്തമാക്കി.
1.2 ടെസ്ലയുടെ കാന്തിക ശക്തിയുള്ളതും ഫ്യൂജി-ഫിലിം ഒയാസിസ് വെലോസിറ്റി 1.2 ടി ഉള്ളതുമാണ് ഓപൺ എം.ആർ.ഐ. മസ്തിഷ്ക രോഗങ്ങൾ, മുഴകൾ, അർബുദം, ഇ.എൻ.ടി ഡിസോർഡറുകൾ, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, ഒടിവുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ രോഗാവസ്ഥകൾ കൃത്യമായി നിർണയിക്കുന്നതിന് പുതിയ മെഷീൻ സഹായകമാകും.
മെഡിക്കൽ സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ സ്വായത്തമാക്കുന്നതിനുള്ള ആശുപത്രിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ആധുനിക മെഷീൻ സ്വന്തമാക്കിയതെന്ന് ആർ.എം.എസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു.
കൃത്യമായതും വേഗത്തിലുള്ളതുമായ രോഗനിർണയവും ചികിത്സയും ഇതുവഴി സാധ്യമാകും. ഉയർന്ന കാന്തിക ശക്തിയുള്ള ഓപൺ എം.ആർ.ഐ കുട്ടികൾക്കും ഒബിസിറ്റി, ക്ലോസ്ട്രോഫോബിയ, കടുത്ത ഉത്കണ്ഠ എന്നിവയുള്ള രോഗികൾക്ക് അനുയോജ്യമാണ്.
ഉപകരണം നിശ്ശബ്ദമായി പ്രവർത്തിക്കുന്നതിനാൽ ശബ്ദവുമായി ബന്ധപ്പെട്ട ഉത്കണ്ഠ കുറക്കും. പെട്ടെന്ന് രോഗനിർണയം സാധ്യമാകുന്നതിനാൽ ചികിത്സക്കായുള്ള കാലതാമസം ഒഴിവാക്കാനാകും.
ബഹ്റൈനിലെ രോഗികൾക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ മാർഗങ്ങൾ നൽകുക, രാജ്യത്തെ മെഡിക്കൽ ടൂറിസത്തിന്റെ മുൻനിര കേന്ദ്രമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നത്. റോബോട്ട് ഉപയോഗിച്ച് മാരകമായ മുഴകളുള്ള രോഗികളിൽ അഞ്ച് ശസ്ത്രക്രിയകൾ അടുത്തിടെ വിജയകരമായി ബി.ഡി.എഫ് ആശുപത്രിയിൽ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.