പത്രസമ്മേളനത്തിൽനിന്ന്
മനാമ: ബഹ്‌റൈൻ കേരളീയ സമാജം കഴിഞ്ഞ രണ്ട് മാസമായി പ്രവാസി മലയാളി സമൂഹത്തിന് ഉത്സവപ്രതീതി സമ്മാനിച്ച ബി.കെ.എസ് ജി.സി.സി കലോത്സവം 2026ന്റെ മഹാസംഗമത്തിന് നാളെ, ജൂൺ 5 വെള്ളിയാഴ്ച സമാപനമാകും. വൈകീട്ട് ആറിന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും. ജയദീപ് ഭരത്ജി വിശിഷ്ടാതിഥിയായിരിക്കും. സമാജത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
ഗായത്രി സുധീർ, നേഹൽ നിബിൻ, സംവൃത് സതീഷ്
സമ്മാനദാന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും അവാർഡുകളും വിതരണം ചെയ്യും. മേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന പ്രതിഭകൾക്ക് നൽകുന്ന കലാപ്രതിഭ, കലാതിലകം, ബാലതിലകം, എന്നീ അഭിമാനകരമായ ടൈറ്റിലുകൾ ചടങ്ങിൽ വെച്ച് പ്രഖ്യാപിച്ച് ആദരിക്കും. കൂടാതെ 'ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്' ട്രോഫികളും വിതരണം ചെയ്യുന്നതാണ്. ഇതിനൊപ്പം സാഹിത്യ രത്ന, കലാ രത്ന, നാട്യ രത്ന, സംഗീത രത്ന, പ്രത്യേക ജിസിസി സീനിയർ ചാമ്പ്യൻഷിപ്പ് പുരസ്‌കാരം എന്നീ പ്രത്യേക പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിക്കും. കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗായത്രി സുധീർ കലാതിലകമായും, സംവൃത സതീഷ് കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
കുട്ടികളുടെ വിഭാഗത്തിൽ നേഹൽ നിബിൻ ആണ് 'ബാലതിലകം' പുരസ്കാരം സ്വന്തമാക്കിയത്. പ്രധാന പുരസ്കാര ജേതാക്കൾ- കലാതിലകം: ഗായത്രി സുധീർ, കലാപ്രതിഭ: സംവൃത ് സതീഷ്, ബാലതിലകം: നേഹൽ നിബിൻ, നാട്യരത്ന: നക്ഷത്ര രാജ്, സംഗീതരത്ന: എയ്ഡൻ ഷിബു ജോൺ, സാഹിത്യരത്ന: പ്രിയംവദ എൻ. എസ്, കലാരത്ന: ഒയിൻഡ്രില ഡേ. വിവിധ മത്സര ഗ്രൂപ്പുകളിൽ മികച്ച പോയിന്റുകൾ നേടി ചാമ്പ്യന്മാരായവരുടെ വിവരങ്ങളും സംഘാടകർ പുറത്തുവിട്ടു.
കലോത്സവത്തിന്റെ വൻ വിജയത്തിനായി ജനറൽ കൺവീനർ രേണു ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർ സുമി ജിജോ എന്നിവരുടെ നേതൃത്വത്തിൽ അഹോരാത്രം പ്രവർത്തിച്ച 150 ഓളം വരുന്ന കമ്മിറ്റി അംഗങ്ങളെ സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു. കലോത്സവത്തിന്റെ സമാപന ചടങ്ങുകളിലേക്ക് എല്ലാ പ്രവാസികളെയും കലാസ്വാദകരെയും ഭാരവാഹികൾ ഹൃദയപൂർവ്വം ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.