ഇനി മാധ്യമങ്ങള്‍ വഴി തര്‍ക്കങ്ങള്‍ക്കില്ളെന്ന്  ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി 

മനാമ: ഇന്ത്യന്‍ സ്കൂള്‍ പൊതുയോഗവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നടക്കുന്ന വാഗ്വാദങ്ങളില്‍ നിന്നും ഏകപക്ഷീയമായി  പിന്മാറുന്നതായി ഭരണ പക്ഷം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ കോലാഹങ്ങള്‍ സ്കൂളിന്‍െറ സല്‍പ്പേരിനെ ബാധിക്കുന്നു എന്ന രക്ഷിതാക്കളുടെ ഉത്കണ്ഠ മാനിച്ചാണ് തീരുമാനം. ചില ദുരാരോപണങ്ങള്‍ക്ക് മറുപടിയും വിശദീകരണവും നല്‍കാതിരിക്കാനാകില്ല. പക്ഷേ, ‘വിവാദ വ്യവസായ’വുമായി നടക്കുന്നവരോട് തര്‍ക്കിച്ച് സമയം കളയാനില്ല. ആരോഗ്യകരമായ ഭരണത്തിന് ക്രിയാത്മകമായി ഇടപെടുന്ന ഒരു പ്രതിപക്ഷം വേണം. 
നിഭാഗ്യവശാല്‍, നിലവില്‍ രക്ഷിതാവല്ലാത്ത ഒരാളെ തുടര്‍ച്ചാഅംഗമായി നിയമിക്കുക എന്ന വിഷയത്തിനപ്പുറത്ത് അക്കാദമിക കാര്യങ്ങളില്‍ താല്‍പര്യമുള്ള  പ്രതിപക്ഷം ഇപ്പോള്‍ ഇന്ത്യന്‍സ്കൂളില്‍ ഇല്ല.   സാമൂഹിക പ്രവര്‍ത്തകര്‍ എന്നു സ്വയം വിളിക്കുന്ന നേതാക്കന്മാര്‍ രക്ഷിതാക്കള്‍ക്കുവേണ്ടി സംസാരിച്ചുകൊള്ളും  എന്ന ധാരണയിലാണ് മിക്ക  രക്ഷിതാക്കളും  പൊതുയോഗത്തിന് വരാതിരിക്കുന്നത്.  സ്കൂളിന്‍െറ ഭാവിയെക്കുറിച്ചും വിദ്യാഭ്യാസത്തിന്‍െറ നവീകരണത്തെക്കുറിച്ചും  ദീഘമായ ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഒരൊറ്റ പ്രതിപക്ഷ അംഗം പോലും ഹാളില്‍ ഇല്ലായിരുന്നു. ബഹ്റൈനിലെ ഒരു സാംസ്കാരിക വേദിയിലും കാണാത്ത അവര്‍  ആ സമയത്ത് അടുത്ത വാര്‍ത്താസമ്മേളനത്തിന് കോപ്പു കൂട്ടുകയായിരുന്നു. 
രക്ഷിതാക്കള്‍ ഭരണപരവും അക്കാദമികവുമായ കാര്യങ്ങളില്‍ നേരിട്ട് ഇടപെടണം എന്ന് ഭരണപക്ഷം ആവശ്യപ്പെടുന്നു.  രക്ഷിതാക്കള്‍ മാറി നില്‍ക്കുന്നിടത്തേക്കാണ് സ്വയം പ്രഖ്യാപിത നേതാക്കള്‍ കയറിവരുന്നത്.  
ഫീസ് വര്‍ധന പൊതുയോഗത്തിന്‍െറ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ സാമ്പത്തിക നിലയും അതിനു പിന്നിലെ കാരണങ്ങളും  രക്ഷിതാക്കളെ അറിയിക്കുന്നതിനായി വിഷയം സഭയില്‍ ചര്‍ച്ചക്ക് വക്കുകയാണുണ്ടായത്.  സ്കൂളിനെ വന്‍കടത്തിലാക്കിയ പ്രതിപക്ഷത്തെ ഒരംഗം പോലും ഒരു നിര്‍ദ്ദേശവും  മുന്നോട്ട് വച്ചില്ല. യോഗത്തില്‍ നിന്നും ഒളിച്ചോടിയവര്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പറയുവാനുള്ള അവകാശം ഇല്ല.ഫീസ് വര്‍ധനവിനുള്ള  നിര്‍ദ്ദേശം വച്ചതും അംഗീകരിച്ചതും രക്ഷിതാക്കളാണ്. വളരെ ഗഹനമായ ചര്‍ച്ചയാണ് പൊതുയോഗത്തില്‍ ഇക്കുറി നടന്നത്. നൂറു കണക്കിന് രക്ഷിതാക്കള്‍ നിശ്ചിത സമയത്തേക്കാള്‍ രണ്ടു മണിക്കൂറോളം അധികം ഇത്തവണ സ്കൂള്‍ പൊതുയോഗത്തിന് വേണ്ടി ചെലവഴിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.  വാര്‍ഷിക യോഗത്തില്‍ ഗൗരവകരമായ ചര്‍ച്ചകള്‍ നടന്നതിലുള്ള സംതൃപ്തി മന്ത്രാലയ പ്രതിനിധികളും രേഖപ്പെടുത്തിയതായി ഭരണസമിതി അറിയിച്ചു.   
പൊതുയോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ നിന്നും പിന്നോട്ട് പോകുവാന്‍ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് അധികാരമില്ല. എങ്കിലും നിലവിലെ സാഹചര്യങ്ങളും, രക്ഷിതാക്കളുടെ ആശങ്കകളും കണക്കിലെടുത്ത് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം, മന്ത്രാലയത്തിന്‍െറ അനുമതിയോടു കൂടി  മാത്രമേ ഫീസ് വര്‍ധന നടപ്പാക്കുകയുള്ളൂ എന്ന് ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ അറിയിച്ചു. 
വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത എല്ലാ  രക്ഷിതാക്കള്‍ക്കും നടത്തിപ്പില്‍ സഹായിച്ച സ്റ്റാഫ് അംഗങ്ങള്‍ക്കും നിരീക്ഷകരായി പങ്കെടുത്ത വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികള്‍ക്കും ഭരണസമിതി അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനുള്ള പ്രയത്നത്തില്‍ ഏവരുടേയും സഹായ സഹകരണങ്ങള്‍ ഭരണസമിതി അഭ്യര്‍ഥിച്ചു. 
ആധുനിക വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സ്മാര്‍ട് ക്ളാസ് റൂമുകള്‍ സജ്ജീകരിക്കുക, ക്ളാസ് റൂമുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം മന്ത്രാലയ നിര്‍ദ്ദേശങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി  പരിമിതപ്പെടുത്തുക, വിദ്യാഭ്യാസ ഓഡിറ്റ് പ്രകാരമുള്ള  അധ്യാപക പരിശീലന പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ പൊതുയോഗതീരുമാനങ്ങളുമായി ഭരണ സമിതി മുന്നോട്ടു പോകുമെന്ന് പ്രിന്‍സ് നടരാജന്‍ വ്യക്തമാക്കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.