പാതി കേടായ വയറിങ്ങ് പുറത്തുവന്ന പഴയ ഇസ്തിരിപ്പെട്ടിയും, പഴകിയ പ്ലഗ് ബോർഡുകളും, ഇൻസുലേഷൻ പോയ വയറുകളുമാണോ നിങ്ങളുടെ വീട്ടിലും ഉള്ളത്? മാറ്റാൻ ഇനിയും വൈകിയാൽ വലിയ "വില" കൊടുക്കേണ്ടി വരും. ജീവനേക്കാൾ വിലപ്പെട്ട മറ്റൊന്നുമില്ല എന്ന കാര്യം ഓർമയിലിരിക്കട്ടെ. പറഞ്ഞു വരുന്നത് വൈദ്യുതിയെ കുറിച്ചാണ്. ഉപകാരിയാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ അതീവ ഡേഞ്ചറാണ് "കറൻ്റ്".
വീട്ടിലെ വൈദ്യുതി സുരക്ഷയിൽ പലപ്പോഴും നമ്മൾ ശ്രദ്ധിക്കുന്നത് ഫ്യൂസും എം.സി.ബിയും പോലുള്ള സംരക്ഷണ സംവിധാനങ്ങളിലാണ്. എന്നാൽ വൈദ്യുതി ചോർച്ച മൂലമുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് മനുഷ്യജീവൻ സംരക്ഷിക്കാൻ മറ്റൊരു പ്രധാന സുരക്ഷാ സംവിധാനം കൂടിയുണ്ട്- RCCB. വൈദ്യുതാഘാതം സംഭവിക്കുന്നതിന് മുമ്പ് അപകടസാധ്യത തിരിച്ചറിഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കഴിയുന്ന സംവിധാനമാണിത്.
ഒരു വീട്ടിലെ വൈദ്യുതി സുരക്ഷ ഉറപ്പാക്കാൻ ഉപകരണങ്ങൾ ശരിയായി ഉപയോഗിക്കുന്നതും വയറിങ് കൃത്യമായിരിക്കുന്നതും മാത്രം പോരാ. വൈദ്യുതി ചോർച്ചയുണ്ടായാൽ അത് കൃത്യസമയത്ത് തിരിച്ചറിഞ്ഞ് വൈദ്യുതി വിച്ഛേദിക്കുന്ന സുരക്ഷാ സംവിധാനങ്ങളും ആവശ്യമാണ്.
വീട്ടിലെ ഇസ്തിരിപ്പെട്ടി മുതൽ വാട്ടർ ഹീറ്റർ, വാഷിങ് മെഷീൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ തുടങ്ങി നിരവധി വൈദ്യുത ഉപകരണങ്ങൾ നമ്മൾ ദിവസവും ഉപയോഗിക്കുന്നു. എന്നാൽ ഒരു ചെറിയ വയറിങ് തകരാർ, ഇൻസുലേഷൻ കേടാകൽ, വെള്ളവും വൈദ്യുതിയും തമ്മിലുള്ള സമ്പർക്കം, ഉപകരണത്തിന്റെ ലോഹഭാഗത്തേക്ക് കറന്റ് ലീക്ക് ചെയ്യൽ തുടങ്ങിയവ ഗുരുതര തകരാറിനും വൈദ്യുതാഘാതത്തിനും അതുവഴി ജീവഹാനിക്കും വരെ കാരണമാകാം.
അടുത്തിടെ ഇസ്തിരിയിടുന്നതിനിടെ പറവൂർ സ്വദേശിനിയായ 13 വയസ്സുകാരിക്ക് വൈദ്യുതാഘാതമേറ്റ് ജീവൻ നഷ്ടപ്പെട്ട സംഭവം പോലുള്ള ദുരന്തങ്ങൾ വീടുകളിലെ വൈദ്യുത സുരക്ഷ എത്ര പ്രധാനമാണെന്ന് ഓർമിപ്പിക്കുന്നു.
ഇസ്തിരിപ്പെട്ടിയുടെ തകരാർ, വയറിന്റെ ഇൻസുലേഷൻ കേടാകൽ, പ്ലഗ്/സോക്കറ്റ് പ്രശ്നം, എർത്തിങ്ങ് തകരാർ, നനഞ്ഞ അന്തരീക്ഷം, ശരീരത്തിലൂടെ കറന്റ് ഒഴുകുന്ന സാഹചര്യം, RCD/RCCB സംരക്ഷണം ഇല്ലാത്തത് അല്ലെങ്കിൽ ശരിയായി പ്രവർത്തിക്കാത്തത് തുടങ്ങിയ പല കാരണങ്ങളും വൈദ്യുതാഘാതത്തിന് ഇടയാക്കാം.
അതിനാൽ അപകടം സംഭവിച്ചശേഷം കാരണം അന്വേഷിക്കുന്നതിനേക്കാൾ, വീട്ടിലെ വൈദ്യുത സുരക്ഷ മുൻകൂട്ടി ഉറപ്പാക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ഇസ്തിരിപ്പെട്ടിയിൽ നിന്ന് ഒരാൾക്ക് എങ്ങനെ ഷോക്കേൽക്കാം?
ഇസ്തിരിപ്പെട്ടി സാധാരണയായി അപകടകരമായ ഉപകരണമല്ല. എന്നാൽ അതിന്റെ വൈദ്യുത ഇൻസുലേഷനിലോ വയറിങ്ങിലോ തകരാർ സംഭവിച്ചാൽ സ്ഥിതി മാറാം.
ഉദാഹരണത്തിന് വയറിന്റെ ഇൻസുലേഷൻ കേടാകുന്നത്.
1. ഇസ്തിരിപ്പെട്ടിയുടെ വയറിന് കേടുപാടുകൾ:
ഇസ്തിരിപ്പെട്ടിയുടെ ഫ്ലെക്സിബിൾ കോർഡ് നിരന്തരം വളയ്ക്കുന്നതും വലിക്കുന്നതും ചൂടിൽപ്പെടുന്നതും മൂലം കാലക്രമേണ ഇൻസുലേഷൻ കേടാകാം. അകത്തെ കണ്ടക്ടർ പുറത്തേക്ക് വരുകയോ മറ്റുഭാഗങ്ങളുമായി ബന്ധപ്പെടുകയോ ചെയ്താൽ അപകടമുണ്ടാകാം.
2. ഉപകരണത്തിനുള്ളിലെ ഇൻസുലേഷൻ തകരാർ:
ഹീറ്റിങ്ങ് എലമെന്റ്, തെർമോസ്റ്റാറ്റ് അല്ലെങ്കിൽ ഇന്റേണൽ വയറിങ് എന്നിവയിൽ ഇൻസുലേഷൻ തകരാറിലായാൽ വൈദ്യുതി ഉപകരണത്തിന്റെ പുറംഭാഗത്തേക്ക് ലീക്ക് ചെയ്യാൻ സാധ്യതയുണ്ട്.
3. പ്ലഗ് അല്ലെങ്കിൽ സോക്കറ്റ് തകരാർ
ലൂസ് കോൺടാക്ട്, കത്തിയ സോക്കറ്റ്, പൊട്ടിയ പ്ലഗ്, മോശം കണക്ഷൻ തുടങ്ങിയവ ഓവർഹീറ്റിങ്ങിനും ഇലക്ട്രിക്കൽ ഫാൾട്ടിനും കാരണമാകാം.
4. എർത്തിങ് പ്രശ്നം
ക്ലാസ് 1 ഉപകരണങ്ങളിൽ പുറത്തേക്ക് തുറന്നുകാണുന്ന ലോഹഭാഗങ്ങൾ ശരിയായ പ്രൊട്ടക്റ്റീവ് എർത്തുമായി ബന്ധിപ്പിച്ചിരിക്കണം. ഈ സംരക്ഷണ സംവിധാനത്തിൽ തകരാറുണ്ടെങ്കിൽ ഫാൾട്ട് സംഭവിക്കുമ്പോൾ അപകടസാധ്യത വർധിക്കും.
5. വെള്ളവും വൈദ്യുതിയും ഒരുമിക്കുന്നത്
നനഞ്ഞ കൈകൾ, ഈർപ്പമുള്ള തറ, വെള്ളം വീണ ഉപകരണം തുടങ്ങിയ സാഹചര്യങ്ങളിൽ ശരീരത്തിലൂടെ കറന്റ് ഒഴുകാനുള്ള സാധ്യത വർധിക്കുന്നു. ഈർപ്പം വൈദ്യുതാഘാതത്തിന്റെ അപകടം വർധിപ്പിക്കുന്ന ഘടകമാണെന്ന് സുരക്ഷാ മാർഗനിർദേശങ്ങളും വ്യക്തമാക്കുന്നു.
6. RCCB/RCD സംരക്ഷണം ഇല്ലാതിരിക്കുകയോ പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുന്നത്
വൈദ്യുതി തകരാർ മൂലം കറന്റ് ഭൂമിയിലേക്ക് ചോർന്നാൽ, ശരിയായ രീതിയിൽ സ്ഥാപിച്ചിട്ടുള്ള RCCB/RCD വളരെ വേഗത്തിൽ വൈദ്യുതി വിതരണം വിച്ഛേദിക്കാൻ സഹായിക്കും. എന്നാൽ RCCB ഉണ്ടെന്നതുകൊണ്ട് വൈദ്യുതാഘാതം ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പില്ല.
എന്താണ് RCCB?
RCCB (റെസിഡ്വൽ കറന്റ് സർക്യൂട്ട് ബ്രേക്കർ) വീട്ടിലെ വൈദ്യുത വിതരണ സംവിധാനത്തിൽ സ്ഥാപിക്കുന്ന പ്രധാന സുരക്ഷാ ഉപകരണമാണ്. സാധാരണയായി ഫേസ് വയറിലൂടെ ഉപകരണത്തിലേക്ക് പോകുന്ന കറന്റും ന്യൂട്രൽ വയറിലൂടെ തിരിച്ചുവരുന്ന കറന്റും തമ്മിൽ വലിയ വ്യത്യാസമുണ്ടാകാൻ പാടില്ല.
ഒരു ഉപകരണത്തിൽ നിന്ന് കറന്റ് ഭൂമിയിലേക്ക് ചോർന്നുപോകുകയോ, ഒരാൾ ലൈവ് ഭാഗവുമായി സമ്പർക്കത്തിൽ വരികയും ശരീരത്തിലൂടെ ഭൂമിയിലേക്ക് കറന്റ് ഒഴുകുകയും ചെയ്താൽ ഈ കറന്റുകളുടെ അളവിൽ വ്യത്യാസമുണ്ടാകും.
ഈ റെസിഡ്വൽ കറന്റ് (ചോർച്ചാ കറന്റ്) തിരിച്ചറിയുമ്പോൾ RCCB വൈദ്യുതി സർക്യൂട്ട് വിച്ഛേദിക്കാൻ പ്രവർത്തിക്കുന്നു.
ഇതിന്റെ പ്രധാന ലക്ഷ്യം വൈദ്യുതാഘാതം ഗുരുതരമാകും മുമ്പ് ശരീരത്തിലൂടെയോ മറ്റേതെങ്കിലും അപകടകരമായ വഴിയിലൂടെയോ കറന്റ് ഒഴുകുന്ന സമയം കുറയ്ക്കുക എന്നതാണ്. അതായത്, RCCB/RCD ഒരു അധിക സുരക്ഷാ പാളി മാത്രമാണ്. എല്ലാത്തരം വൈദ്യുതാഘാതങ്ങളും 100 ശതമാനം തടയാൻ ഇതിന് കഴിയില്ല.
വീടുകളിൽ 30 mA RCCBയുടെ പ്രാധാന്യം:
ഇന്ത്യയിലെ സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ (CEA) ‘മെഷേഴ്സ് റിലേറ്റിങ് ടു സേഫ്റ്റി ആൻഡ് ഇലക്ട്രിക് സപ്ലൈ റെഗുലേഷൻസ്, 2023’ പ്രകാരം, ഗാർഹിക വൈദ്യുത ഇൻസ്റ്റലേഷനുകളിൽ 30 mA-യിൽ കൂടാത്ത റേറ്റഡ് റെസിഡ്വൽ ഓപ്പറേറ്റിങ് കറന്റുള്ള RCD ഉപയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.
അതിനാൽ വീട്ടിലെ വൈദ്യുത സുരക്ഷയിൽ, പ്രത്യേകിച്ച് മനുഷ്യജീവന് അധിക സംരക്ഷണം നൽകുന്നതിനായി 30 mA RCCB/RCD വളരെ പ്രധാനമാണ്.
30 mAയും 40A, 63Aയും ഒരുപോലെയല്ല.
30 mA എന്നത് RCCBയുടെ ലോഡ് കപ്പാസിറ്റി അല്ല.
ഒരു RCCBയിൽ 40A, 63A തുടങ്ങിയ റേറ്റിങ് കാണാം. ഇത് ആ RCCBയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന റേറ്റഡ് കറന്റിനെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം 30 mA എന്നത് RCCB പ്രവർത്തിച്ച് വൈദ്യുതി വിച്ഛേദിക്കേണ്ട റെസിഡ്വൽ കറന്റ് സെൻസിറ്റിവിറ്റിയെയാണ് സൂചിപ്പിക്കുന്നത്.
അതുകൊണ്ട് RCCB തിരഞ്ഞെടുക്കുമ്പോൾ 30 mA എന്നത് മാത്രം നോക്കരുത്. കറന്റ് റേറ്റിങ്, RCCBയുടെ ടൈപ്പ്, പോൾ കോൺഫിഗറേഷൻ, ബ്രേക്കിങ് കപ്പാസിറ്റി, വീട്ടിലെ വൈദ്യുത സംവിധാനത്തിന്റെ രൂപകൽപ്പന തുടങ്ങിയ കാര്യങ്ങളും യോഗ്യതയുള്ള ഇലക്ട്രീഷ്യൻ പരിശോധിച്ചശേഷം അനുയോജ്യമായ RCCB തിരഞ്ഞെടുക്കണം.
ELCBയും RCCBയും ഒന്നാണോ?
അല്ല. സാധാരണ സംസാരത്തിൽ രണ്ടിനെയും "ELCB" എന്ന് വിളിക്കാറുണ്ടെങ്കിലും സാങ്കേതികമായി വ്യത്യാസമുണ്ട്.
പഴയ Voltage-operated ELCB ഭൂമിയുമായി ബന്ധപ്പെട്ട voltage വ്യത്യാസം അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന പഴയ സാങ്കേതികവിദ്യയാണ്.
RCCB ഫേസ്-ന്യൂട്രൽ കറന്റിലെ വ്യത്യാസം അളന്ന് residual current കണ്ടെത്തുന്ന ആധുനിക സംവിധാനമാണ്.
MCB, RCCB, RCBO ഇവ തമ്മിലുള്ള വ്യത്യാസം എന്ത്?
വീട്ടിൽ MCB ഉണ്ടെന്നതുകൊണ്ട് മാത്രം വൈദ്യുതാഘാതത്തിൽ നിന്ന് പൂർണ സുരക്ഷ ലഭിക്കില്ല. ഓരോ സുരക്ഷാ ഉപകരണത്തിനും ഓരോ ജോലിയാണുള്ളത്.
MCB - അമിത വൈദ്യുതി പ്രവാഹവും ഷോർട്ട് സർക്യൂട്ടും ഉണ്ടായാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നു.
RCCB - വൈദ്യുതി ചോർച്ചയുണ്ടായാൽ അത് തിരിച്ചറിഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നു. അതുവഴി വൈദ്യുതാഘാതത്തിന്റെ അപകടം കുറയ്ക്കുന്നു.
RCBO - RCCBയുടെ വൈദ്യുതി ചോർച്ചാ സംരക്ഷണത്തോടൊപ്പം MCB നൽകുന്ന അമിത വൈദ്യുതി പ്രവാഹത്തിൽനിന്നുള്ള സംരക്ഷണവും നൽകുന്ന ഉപകരണം.
RCCB, MCBയ്ക്ക് പകരമുള്ള ഉപകരണമല്ല. രണ്ടും വ്യത്യസ്ത തരത്തിലുള്ള അപകടങ്ങളിൽനിന്നാണ് സംരക്ഷണം നൽകുന്നത്.
ഏത് RCCB തിരഞ്ഞെടുക്കണം?
ഇന്ന് വീടുകളിൽ ഫാൻ, ബൾബ്, ഹീറ്റർ എന്നിവ മാത്രമല്ല ഉപയോഗിക്കുന്നത്. ഇൻവെർട്ടർ എ.സി, വാഷിങ് മെഷീൻ, ഇൻഡക്ഷൻ കുക്കർ, കമ്പ്യൂട്ടർ, എൽ.ഇ.ഡി. ലൈറ്റുകൾ, ചാർജറുകൾ തുടങ്ങിയ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളുണ്ട്.
ഇത്തരം ഉപകരണങ്ങളിൽ നിന്നുണ്ടാകുന്ന വൈദ്യുതി ചോർച്ചയുടെ സ്വഭാവം വ്യത്യസ്തമായിരിക്കാം. അതിനാൽ വീട്ടിലെ ഉപകരണങ്ങൾക്കനുസരിച്ച് അനുയോജ്യമായ RCCB തിരഞ്ഞെടുക്കണം.
ടൈപ്പ് എ പോലുള്ള RCCBകൾ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുള്ള വീടുകളിൽ സാധാരണയായി പരിഗണിക്കാവുന്നതാണ്. എന്നാൽ എല്ലാ വീടുകൾക്കും ഒരേ തരത്തിലുള്ള RCCB മതിയാകണമെന്നില്ല.
പ്രത്യേക ഉപകരണങ്ങൾ ഉപയോഗിക്കുന്ന വീടുകളിൽ ടൈപ്പ് എഫ്, ടൈപ്പ് ബി തുടങ്ങിയ RCCBകളും ആവശ്യമായി വരാം. അതിനാൽ RCCB വാങ്ങുമ്പോൾ പേരോ വിലയോ മാത്രം നോക്കാതെ, വീട്ടിലെ വൈദ്യുത ഉപകരണങ്ങൾക്ക് അനുയോജ്യമായത് ഏതാണ് എന്ന് യോഗ്യതയുള്ള ഇലക്ട്രീഷ്യനോട് ചോദിച്ച് തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതം.
RCCB ഉണ്ടെങ്കിൽ എർത്തിങ് വേണ്ടേ?
RCCB ഉണ്ടെങ്കിൽ ഷോക്കടിക്കില്ലേ?
അങ്ങനെ കരുതരുത്. ഒരാൾ ലൈവ് വയറിലോ വൈദ്യുതി പ്രവഹിക്കുന്ന ഭാഗത്തോ നേരിട്ട് തൊട്ടാൽ ശരീരത്തിലൂടെ കറന്റ് ഒഴുകാൻ തുടങ്ങാം. ഇത് RCCB തിരിച്ചറിഞ്ഞ് വൈദ്യുതി ബന്ധം പെട്ടെന്ന് വിച്ഛേദിക്കാൻ സഹായിക്കും. എന്നാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കും മുമ്പ് ചെറിയ തോതിലെങ്കിലും കറന്റ് ശരീരത്തിലൂടെ കടന്നുപോകാൻ സാധ്യതയുണ്ട്.
അപകടത്തിന്റെ ഗുരുതരത കുറയ്ക്കാൻ സഹായിക്കുന്ന ഒരു അധിക സുരക്ഷാ സംവിധാനമാണ് RCCB എന്നു പറയാം.
RCCBയിലെ TEST ബട്ടൺ എന്തിന്?
RCCBയുടെ മുൻവശത്ത് സാധാരണയായി TEST എന്ന ബട്ടൺ ഉണ്ടാകും.
ഇത് അമർത്തുമ്പോൾ ശരിയായി പ്രവർത്തിക്കുന്ന RCCB വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഓഫ് ആകണം.
നിർമാതാവിന്റെ നിർദേശപ്രകാരം ഈ പരിശോധന ഇടയ്ക്കിടെ നടത്തണം. TEST ബട്ടൺ അമർത്തിയിട്ടും RCCB ഓഫ് ആകുന്നില്ലെങ്കിൽ അത് അവഗണിക്കരുത്. യോഗ്യതയുള്ള ഇലക്ട്രീഷ്യനെക്കൊണ്ട് പരിശോധിപ്പിക്കണം.
RCCB ഇടയ്ക്കിടെ ഓഫ് ആകുന്നുണ്ടോ?
ഇത് വളരെ പ്രധാനപ്പെട്ട മുന്നറിയിപ്പാണ്. RCCB ഇടയ്ക്കിടെ ഓഫ് ആകുന്നത് ഉപകരണം കേടായതുകൊണ്ട് മാത്രമാകണമെന്നില്ല. വീട്ടിലെ ഏതെങ്കിലും ഉപകരണത്തിൽ വൈദ്യുതി ചോർച്ചയോ വയറിങ്ങിൽ തകരാറോ ഉണ്ടായിരിക്കാം.
കാരണങ്ങൾ ഇവ:
ഏതെങ്കിലും വൈദ്യുത ഉപകരണത്തിലെ വൈദ്യുതി ചോർച്ച,
കേടായ വയർ, വെള്ളം കയറിയത്, ഇൻസുലേഷൻ തകരാറ്, ഹീറ്ററിലെ തകരാർ, വീട്ടിലെ വയറിങ്ങിലെ പ്രശ്നം.
കാരണം കണ്ടെത്താതെ RCCB ഒഴിവാക്കുകയോ നിർബന്ധിച്ച് ഓൺ ആക്കി വയ്ക്കുകയോ ചെയ്യരുത്.
ചെറിയ സോക്കറ്റ് ടെസ്റ്റർ ഉപയോഗിച്ചാൽ എല്ലാം അറിയാമോ?
വീട്ടിലെ സോക്കറ്റിൽ ചില അടിസ്ഥാന വയറിങ് പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ ചെറിയ സോക്കറ്റ് ടെസ്റ്റർ സഹായിക്കും.
എന്നാൽ അതുകൊണ്ട് വീട്ടിലെ മുഴുവൻ വൈദ്യുത സംവിധാനവും സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാകില്ല.
എർത്തിങ് ശരിയാണോ, RCCB കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ, വയറുകളുടെ ഇൻസുലേഷൻ ശരിയാണോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ വിദഗ്ധ പരിശോധന ആവശ്യമാണ്. അതിനാൽ ഇത്തരം ടെസ്റ്ററുകളെ ഒരു പ്രാഥമിക പരിശോധനയ്ക്കുള്ള ഉപകരണം മാത്രമായി കാണുക.
ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:
വീട്ടിലെ വൈദ്യുത സുരക്ഷിതമാക്കാം: അറിയേണ്ടവ
പ്ലഗോ സോക്കറ്റോ കറുത്തുപോകുന്നത്, കത്തിയ മണം, പൊട്ടുന്ന പോലുള്ള ശബ്ദം, തീപ്പൊരി,സ്വിച്ചോ സോക്കറ്റോ അമിതമായി ചൂടാകുന്നത്,
വയറിന്റെ പുറംഭാഗം പൊട്ടുന്നത്, RCCB ഇടയ്ക്കിടെ ഓഫ് ആകുന്നത്.
ഇത്തരം ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്, വൈദ്യുതാഘാതം സംഭവിച്ചാൽ ആദ്യം ചെയ്യേണ്ടത്:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.