പ്രാർഥനാമുറി മുതൽ സ്വിമ്മിങ് പൂൾ വരെ; അറിയാം സാനിയ മിർസ ദുബൈയിൽ സ്വന്തമാക്കിയ ക്ലാസിക് വില്ലയുടെ വിശേഷങ്ങൾ...

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെന്നിസ് താരങ്ങളിൽ മുൻപന്തിയിലാണ് സാനിയ മിർസ. മിക്സഡ് ഡബ്ൾസിലും വനിതാ ഡബ്ൾസിലും മൂന്നുവീതം ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടി രാജ്യത്തിന്റെ അഭിമാനതാരമാണ് ഈ ഹൈദരാബാദുകാരി. 2016ൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ടൈംസ് മാഗസിൻ സാനിയയെ ഉൾ​പെടുത്തിയിരുന്നു. 2004ൽ ഇന്ത്യയിലെ പരമോന്നത കായിക ബഹുമതികളിലൊന്നായ അർജുന അവാർഡ് താരം സ്വന്തമാക്കിയിട്ടുണ്ട്.

പാക് ക്രിക്കറ്റ് താരം ശുഐബ് മാലികുമായുള്ള സാനിയയുടെ വിവാഹം നടന്നത് 2010ലാണ്. 2018ൽ മകൻ ഇസ്ഹാൻ മിർസ മാലിക് ജനിച്ചു. വിവാഹത്തിനുശേഷം ദുബൈയിലും ഹൈദരാബാദിലുമായാണ് സാനിയയുടെ ജീവിതം. ദുബൈയിൽ പാം ജുമൈറയിലെ ആഡംബര വില്ലയിൽ താമസിച്ചിരുന്ന സാനിയ 2022ൽ പുതിയ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.

ദുബൈയിൽ ക്ലാസിക് ഗ്രീക്ക് സ്റ്റൈൽ വില്ലയാണ് സാനിയയുടേത്. ഏഷ്യൻ പെയിന്റ്സാണ് ഈയിടെ സാനിയയുടെ വീടിന്റെ മനോഹര ദൃശ്യങ്ങൾ വിഡിയോയിലൂടെ പുറംലോക​ത്തെത്തിച്ചത്. വിഡി​യോയിൽ സാനിയ തന്നെയാണ് വീടിന്റെ ഇടങ്ങളെല്ലാം പരിചയപ്പെടുത്തുന്നത്.


മരങ്ങളും പച്ചപ്പും നിറഞ്ഞ പുറംകാഴ്ചകൾക്കൊപ്പംതന്നെ മനോഹരമാണ് വീടിന്റെ അകക്കാഴ്ചകളും. ആധുനിക ചാരുതക്കൊപ്പം ഗ്രീക്ക് ശൈലിയിൽ മനോഹരമായി അണിയിച്ചൊരുക്കിയ വീടകം ആരെയും ആകർഷിക്കും. വീടിന്റെ ഓരോ ഏരിയയും സാനിയയുടെ വ്യക്തിത്വവും കുടുംബ​ത്തോടുള്ള സ്നേഹവും പ്രതിഫലിപ്പിക്കു​ന്നതാണ്.


കണ്ണഞ്ചിക്കുന്ന വുഡൻ ഡോറുകൾ തുറന്ന് അകത്തുകയറിയാൽ ആദ്യം ദൃശ്യമാകുന്നത് മനോഹരമായ ലിവിങ് ഏരിയ. ഹരിതാഭയും ഊഷ്ളതയും മേളിക്കുന്ന ഇടം. വീട്ടിൽ തങ്ങൾ ഏറ്റവും സമയം ചെലവഴിക്കുന്ന ഇടം വിശാലവും ആകർഷകവുമായിരിക്കണമെന്ന് നിഷ്‍കർഷയുണ്ടായിരുന്നതായി സാനിയ. ഇവിടെ ചുമരുകൾക്ക് വെള്ളനിറം. ഒരുവശത്തെ ചുമരിനുമാത്രം പച്ച നിറമാണ് നൽകിയിട്ടുള്ളത്. ലിവിങ് ഏരിയയിൽ വലിയ ടി.വി. സ്ക്രീൻ. വിശാലമായ ഇടത്ത് ചെടികളുടെ ഭംഗിയുമൊന്നുവേറെ. ലിവിങ് സ്​പേസിലെ വലിയ ഗ്ലാസ് വിൻഡോ പുറത്തേക്കുള്ള മനോഹര കാഴ്ചകളിലേക്കാണ് തുറക്കുന്നത്.

 

ജാലകങ്ങളിലെ പ്രിന്റഡ് കർട്ടനുകൾ സ്​പേസിന്റെ മൊത്തത്തിലുള്ള കാഴ്ചയെ ഉത്കൃഷ്ടമാക്കുന്നു. മനോഹരമായ ദീപങ്ങളും ലിവിങ് സ്​പേസിന്റെ സവിശേഷതയാണ്. രാജകീയമായ ഡൈനിങ് ഏരിയയാണ് മറ്റൊരു ആകർഷണം. വുഡൻ ​ഫ്ലോറിങ്ങും ഗ്ലാസ് വിൻഡോയും കണ്ണാടികൊണ്ട് അലംകൃതമായ ഭിത്തിയും എല്ലാംകൊണ്ടും പെർഫക്ടായ കാഴ്ചകളാണ് നിറയ്ക്കുന്നത്. മനോഹരമായ തീൻമേശക്കുചുറ്റും നീലക്കളറിലുള്ള വെൽവറ്റ് ചെയറുകൾ. ഡൈനിങ് ടേബിളിനു പിന്നിലെ പ്ലാറ്റ്ഫോമിൽ വേറിട്ട ഷോപീസുകളുടെ അലങ്കാരം.

 

വെള്ളയും ചാരനിറവും പോലെ ന്യൂട്രൽ നിറങ്ങളാൽ അലങ്കരിച്ച വീട്ടിൽ വൈബ്രന്റായ നിറങ്ങൾ നൽകിയിരിക്കുന്നത് ഡ്രോയിങ് റൂമിനാണ്. ഇളം തവിട്ടുനിറത്തിലാണ് ഇവിടെ ചുമരുകൾ ഒരുക്കിയിരിക്കുന്നത്. പേസ്റ്റൽ പിങ്ക് നിറത്തിലുള്ള കർട്ടനുകളു ചുമരിലെ അലങ്കാര വസ്തുക്കളും മുറിയ്ക്ക് ഒരു ​ഗ്രാൻ്റ് ലുക്ക് തന്നെ നൽകുന്നുണ്ട്. ഡൈനിംഗ് സ്‌പെയ്‌സിൽ കടും നീല, പാസ്തൽ പിങ്ക്, ബീജ് കൗച്ചുകളും അവയിലേക്ക് ​ഗോൾഡൻ നിറത്തിലുള്ള കുഷ്യനുകളുമാണ് സജ്ജീകകരിച്ചിരിക്കുന്നത്. മുറിയുടെ നടുവിലായി ​ഗോൾഡൻ നിറത്തിലുള്ള ചെറിയ മേശ. മുറിയുടെ ഇൻ്റീരിയറിനോട് ചേർന്ന് നിൽക്കും വിധം സ്വർണനിറത്തിലുള്ള അലങ്കാര വസ്തുക്കളാണ് മുറിയിൽ ഒരുക്കിയിരിക്കുന്നത്.

വീടിന്റെ ഓരോ കോണുകളും സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല അത്തരം ഇടങ്ങളെ കോസിയായ സ്പേസാക്കി മാറ്റാനും പ്രത്യേകം സാനിയ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പലരും അവഗണിക്കുന്ന സ്റ്റെയർകെയ്‌സിന് താഴെയുള്ള ഭാ​ഗത്തായാണ് സാനിയ സിറ്റ്ഒട്ട് ഒരുക്കിയിരിക്കുന്നത്. തവിട്ട് നിറമുള്ള കസേരകൾക്കൊപ്പം മനോഹരമായ മരത്തിൻ്റെ മേശയും ഒരുക്കിയിട്ടുണ്ട്. ചെടികൾ, ടേബിൾ ആക്‌സസറികൾ, സുതാര്യമായ കർട്ടനുകൾ എന്നിവ കൊണ്ട് ഈ സ്ഥലത്തെ ഭം​ഗിയായി അലങ്കരിച്ചിട്ടുണ്ട്.

 

വെള്ള നിറത്തിലാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. കിച്ചണിൻ മുഴുവനായും സ്റ്റോറിങ് സ്പേസുകളുള്ളത് അടുക്കള കൂടുതൽ വിശാലയും വൃത്തിയുള്ളതുമാക്കി മാറ്റുന്നു. അടുക്കളയുടെ മധ്യഭാ​ഗത്തായി സ്ഥാപിച്ചിട്ടുള്ള ഫുസ്ബാൾ ടേബിളാണ് മുറിയുടെ പ്രധാന ആകർഷണം.

നമസ്കാര മുറിയാണ് സാനിയയുടെ വീടിൻ്റെ മറ്റൊരു ആകർഷണം. വീട്ടിലെ ഏറ്റവും ശാന്തമായാണ് ഇടം ഒരുക്കിയിരിക്കുന്നത്. ഐസ് ബ്ലൂ ടോണാണ് ചുരുകൾക്ക് നൽകിയിരിക്കുന്നത്. വെൽവെറ്റ് പരവതാനി കൊണ്ട് മുറിയെ ഭം​ഗിയായി അലങ്കരിച്ചിട്ടുണ്ട്. ഐസ് ബ്ലൂ ടോണിലുള്ള ചുമരുകൾക്ക് ചേരും വിധം ചെറിയ സോഫയും നമസ്കാര മുറിയിൽ ഒരുക്കിയിട്ടുണ്ട്. ഖുറാൻ സൂക്തങ്ങൾ, നിലവിളക്ക്, പ്രാർത്ഥിക്കുമ്പോൾ ആവശ്യമായ സാധനങ്ങൾ നിറച്ച കാരിയറുകളും എന്നിവയും പ്രാർത്ഥനാമുറിയിലുണ്ട്.


വീട്ടിലെ തന്റെ ഏറ്റവും പ്രിയപ്പെട്ടയിടം ഡ്രസിങ് റൂം ആണെന്ന് സാനിയ പറയുന്നുണ്ട്. ന്യൂട്രൽ നിറങ്ങളാണ് ഡ്രസിങ് റൂിനും നൽകിയിരിക്കുന്നത്. മുറിയുടെ ചുമരുകളിൽ അലമാരകളും കണ്ണാടികളും ഘടിപ്പിച്ചിട്ടുണ്ട്. മുറിയുടെ നടുവിലായി ​ഗ്ലാസ് ടേബിൾ. മകന്റെ ഇഷാൻ്റെ മുറിയും കോസിയും ക്ലാസിയുമായാണ് സാനിയ ഒരുക്കിയിരിക്കുന്നത്. അതിമനോഹരവും സ്പേഷ്യസുമായ മുറിയെ നീലയും ചാരനിറവും ചേർത്താണ് ഒരുക്കിയിരിക്കുന്നത്. നീല ചുവരുകളോട് ചേർന്ന് വരുന്ന വെള്ള നിറത്തിലുള്ള കട്ടിൽ മുറിയുടെ ഭം​ഗി കൂട്ടുന്നുണ്ട്. മുറിയിൽ വർണ്ണാഭമായ ചെറിയ കസേരകളും മേശയും സാനിയ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ വെളിച്ചം കയറുന്ന വിധത്തിൽ വലിയ ജനലുകളാണ് മുറിയ്ക്ക് നൽകിയിരിക്കുന്നത്.


ഇഷാന്റെ മുറിയോട് ചേർന്നാണ് വീട്ടിലെ മാസ്റ്റർ ബെഡ്റൂം ഒരുക്കിയിരിക്കുന്നത്. കോസിയും ക്ലാസിയുമാണ് മാസ്റ്റർ ബെഡ്റൂം. ബോട്ടിൽ ​ഗ്രീൻ‍ നിറത്തിലും വെള്ളയും ചേർന്ന കർട്ടനുകൾ മുറിയ്ക്ക് രാജകീയമായ പ്രൗഢി നൽകുന്നു. ചുമരുകൾ കൂടുതൽ കണ്ണാടികളും സ്ഥാപിച്ചത് മുറിയെ കൂടുതൽ സ്വീകാര്യമാക്കി മാറ്റുന്നു. ബോട്ടിൽ ​ഗ്രീൻ വൈറ്റ് കളർ പാലറ്റാണ് മുറിയിൽ സാനിയ ഉപയോ​ഗിച്ചിരിക്കുന്നത്.


കറുപ്പും വെളുപ്പും ചേർന്ന് ഭംഗിയുള്ള മനോഹരമായ മുറിയാണ് വീട്ടിലെ മറ്റൊരു ആകർഷണം. മുറിയുടെ ചുവരുകളിൽ കറുപ്പും വെള്ളയും സ്ട്രൈപ്സ് ആണ് നൽകിയിരിക്കുന്നത്. ചുമരുകൾക്ക് ചേരുന്ന വെളുത്ത ഫർണിച്ചറുകളും പ്രിൻ്റഡ് കർട്ടനുകളും കറുത്ത ബെഡ്ഷീറ്റും മുറിയെ കൂടുതൽ രസകരമാക്കുന്നുണ്ട്. 

Tags:    
News Summary - Home tour of Sania Mirza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.