ഫെല്‍പ്സിന്‍റെ സ്വപ്ന സൗധം

 ഇതിഹാസ താരം മൈക്കല്‍ ഫെല്‍പ്സ് പുതിയ ജീവിതം ചെലവഴിക്കാന്‍ തെരഞ്ഞെടുത്തത് നീന്തല്‍ കുളങ്ങളേക്കാള്‍ ഗോള്‍ഫ് ക്ളബ്ബുകളുള്ള അരിസോണയാണ്.  കൂട്ടുകാരി നികോള്‍ ജോണ്‍സിനും മൂന്നുമാസം പ്രായമായ മകന്‍ ബൂമറിനുമൊപ്പം കഴിയാന്‍ അരിസോണയില്‍ അദ്ദേഹമൊരു വീടൊരുക്കി. അരിസോണ സ്റ്റേറ്റ് യൂനിവേഴ്സിറ്റിക്ക് സമീപം തന്‍റെ സ്വപ്നം സൗധം പണിതത് വെറും   16.7 കോടി രൂപ ചെലവഴിച്ച്.

അഞ്ച് ഒളിമ്പിക്സുകളില്‍ നീന്തല്‍കുളങ്ങള്‍ അടക്കി വാണ സുവര്‍ണമത്സ്യം 23 സ്വര്‍ണമടക്കം  28 മെഡലുകളാണ് നേടിയത്. സ്വര്‍ണ മെഡലുകള്‍ മാത്രം ചേര്‍ത്താല്‍ 368 കോടിയോളം രൂപയുടെ മൂല്യം വരും. എന്നാല്‍ ഇതിന്‍റെ കാല്‍ ഭാഗം പോലും വീടിനു വേണ്ടി ചെലവഴിക്കാന്‍ ഫെല്‍പ്സ് തയാറായിട്ടില്ളെന്നത് അദ്ദേഹത്തിന്‍റെ മിതത്വം വ്യക്തമാക്കുന്നതാണ്.

6010 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു എക്കറോളം സ്ഥലത്തായാണ് വീട് പണികഴിപ്പിച്ചിരിക്കുന്നത്. കൂടുതലും ഓപണ്‍ സ്പേസിന് പ്രധാന്യം നല്‍കികൊണ്ടാണ് വീടിന്‍റെ രൂപ കല്‍പന. യൂറോപ്യന്‍ സ്റ്റോണും ഹാര്‍ഡ് വുഡും ഉപയോഗിച്ചാണ് ഫ്ളോറിങ് ചെയ്തിരിക്കുന്നത്. ഓപണ്‍ കിച്ചണും കിച്ചനോടു ചേര്‍ന്ന് മാര്‍ബിള്‍ ടോപ്പ് ഡൈനിങ് ടേബിളും നല്‍കിയിട്ടുണ്ട്. ഫോര്‍മല്‍ ഡൈനിങ് റൂമും ലിവിങ്ങ് റൂം ഓപണ്‍ സ്പേസായി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഇത് പുറത്തുള്ള ലോണിലേക്ക് തുറക്കുന്നവയാണ്.

അരിസോണയില്‍ തണുത്ത കാലാവസ്ഥ ആയതിനാല്‍ തന്നെ മാസ്റ്റര്‍ ബെഡ്റൂമിലും വീടിന്‍റെ പിറകു വശത്തുമടക്കം തീ കായാനുള്ള നാല് നെരിപ്പോടുകളും സജീകരിച്ചിട്ടുണ്ട്. വീടിനു ചുറ്റും വിശാലമായ പുല്‍ത്തകിടിയും അതിനിടയിലൂടെ നടപാതകളും ഒരുക്കിയിട്ടുണ്ട്.

കാമല്‍ ബാക് മൗണ്ടന്‍റെ പാശ്ചാത്തലത്തില്‍ അതിമനോഹരമായ ഒരു നീന്തല്‍കുളവും വീടിന്‍റെ ഭാഗമായി പണികഴിപ്പിച്ചിട്ടുണ്ട്. നീന്തല്‍ കുളം തന്‍റെ  ടീമിനെ പരിശീലിപ്പിക്കാന്‍ കൂടിയുള്ളതാണെന്നാണ് ഫെല്‍പസ് പറയുന്നത്. നീന്തല്‍ കുളത്തിനടുത്ത് ഒൗട്ട് ഡോര്‍ ഷവറിനുള്ള സൗകര്യവും ബാര്‍ബിക്യൂ സ്പേസുമുണ്ട്.

മെഡലുകളും റെക്കോഡുകളും ആരാധകരുടെ തിരക്കുമില്ലാതെ സ്വസ്ഥമായി മകനൊപ്പം ചെലവഴിക്കാനുള്ള ഇടമെന്ന നിലയില്‍ ഫെല്‍പ്സ് ഏറെ ഇഷ്ടപ്പെടുന്ന പുതിയ വീടിന്‍റെ വിശേഷങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാം വഴി പങ്കുവച്ചിരുന്നു. ഇവിടെ മകന്‍ ബൂമര്‍ക്കൊപ്പം സന്തോഷത്തില്‍ നീന്തിതുടിക്കുകയാണ് ഇതിഹാസ താരം.

കൂടുതല്‍ ചിത്രങ്ങള്‍

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.