അമ്മ ഉറങ്ങാത്ത വീട്

തിരുവനന്തപുരത്തെ മുടവന്‍മുഗളിലെ എന്‍െറ കുടുംബവീട് ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. ഇരുപതുവയസ്സുവരെ എന്‍െറ ജീവിതം തളിരിട്ടത് ഇവിടെയായിരുന്നു. മോഹന്‍ലാല്‍ എന്ന നടനെ കണ്ടത്തെി വളര്‍ത്തിക്കൊണ്ടുവന്നത് ഈ വീടും പരിസരവുമാണ്. ‘തിരനോട്ടം’ എന്ന എന്‍െറ ആദ്യ സിനിമക്കായി ഇവിടെവെച്ച് മൂവി കാമറയെ അഭിമുഖീകരിച്ചത് ഒരിക്കലും മറക്കാനാവില്ല. അച്ഛനും അമ്മയും ജ്യേഷ്ഠനും ഞാനുമടങ്ങുന്ന കുടുംബം എത്രയോ സന്തോഷത്തോടെയാണ് ഇവിടെ കഴിഞ്ഞത്.
ഈ വീട്ടില്‍നിന്ന് ഞാനിറങ്ങിപ്പോയത്  മലയാള സിനിമയുടെ തിരക്കിലേക്ക് ഊളിയിടാനാണ്.

ലൊക്കേഷനുകളില്‍നിന്ന് ലൊക്കേഷനുകളിലേക്കുള്ള എന്‍െറ ജീവിതയാത്രയില്‍ വീട്ടിലേക്കുള്ള വരവ് അമ്മയെ കാണാനായിരുന്നു.

എത്ര ദിവസം കണ്ടില്ളെങ്കിലും അതിന്‍െറ പരിഭവമൊന്നുമില്ലാതെ നിറഞ്ഞ ചിരിയോടെ എന്നെ സ്വീകരിക്കാന്‍ പൂമുഖത്ത് കാത്തുനില്‍ക്കും അമ്മ. ലോകത്തിന്‍െറ ഏത് കോണില്‍ പോയൊളിച്ചാലും മലയാളിയെ നാട്ടിലേക്ക് പിടിച്ചുവലിക്കുന്നത് അമ്മയും ഭാര്യയും സഹോദരിയും അടങ്ങുന്ന സ്ത്രൈണ ഭാവങ്ങളുടെ ഈ കാന്തക്കല്ലുകളായിരിക്കും. ഒരു വര്‍ഷത്തിലേറെയായി അസുഖം ബാധിച്ച് അമ്മ എന്‍െറ എറണാകുളത്തെ വീട്ടിലാണ്. അതുകൊണ്ടുതന്നെ അമ്മയില്ലാതെ മുടവന്‍മുഗളിലെ വീട്ടിലേക്ക് അതിനുശേഷം ഒന്നോ രണ്ടോ തവണ മാത്രമേ ഞാന്‍ പോയിട്ടുള്ളൂ. ഒരു കെട്ടിടത്തിന് ഒരിക്കലും വീടാകാന്‍ കഴിയില്ല.  അതിലൊരു കുടുംബം വേണം, സ്നേഹം വേണം. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ ഞാനോര്‍ക്കാറുണ്ട്; നമ്മള്‍ മലയാളികള്‍ എത്ര മാറിപ്പോയെന്ന്.

ഞങ്ങളുടെ കുടുംബത്തില്‍നിന്ന് ആദ്യം എന്‍െറ ജ്യേഷ്ഠനും പിന്നീട് അച്ഛനും നിത്യതയിലേക്ക് യാത്രയായി. മുടവന്‍മുകളിലെ വീട്ടില്‍ അമ്മ തനിച്ചായി. ഞാന്‍ പലതവണ അഭ്യര്‍ഥിച്ചിട്ടും വരാതെ അവര്‍ വീട്ടില്‍തന്നെ കഴിയുകയായിരുന്നു. ഒടുവില്‍ എറണാകുളത്തെ എന്‍െറ വീട്ടിലേക്ക് അമ്മ വന്നു. അങ്ങനെയൊരു തീരുമാനം എടുക്കാന്‍ കഴിഞ്ഞത്, ദൈവാനുഗ്രഹമായി ഞാന്‍ കാണുന്നു. പൊടുന്നനെയുണ്ടായ സ്ട്രോക്കില്‍നിന്ന് അമ്മക്ക് നല്ല ചികിത്സ കൊടുക്കാനായത് എറണാകുളത്തായതിനാല്‍ മാത്രമാണ്.

സ്ഥിരമായി ഒരു വീട്ടില്‍ കിടന്നാല്‍ മാത്രം ഉറക്കംവരുന്ന ആളല്ല ഞാന്‍. വീട് കിടക്കേണ്ടത് നമ്മുടെ മനസ്സിലാണ്. എത്ര പണമുണ്ടെങ്കിലും  വീട്ടില്‍ സ്വസ്ഥതയില്ളെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. തിരുവനന്തപുരത്തെയും എറണാകുളത്തെയും വീടുകള്‍പോലെ എനിക്ക് പ്രിയപ്പെട്ടതാണ് ചെന്നൈയിലെ വീടും. അവിടെനിന്ന് നോക്കിയാല്‍ കാണുന്ന സമുദ്രദൃശ്യം ഉണ്ടാക്കുന്ന അനിര്‍വചനീയമായ മനശ്ശാന്തി പറഞ്ഞറിയിക്കാനാവില്ല.


ധാരാളം കാറ്റും വെളിച്ചവുമുള്ള പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാവുന്ന ഒരിടത്താണ് വീട് വെക്കുന്നതെങ്കില്‍, അതില്‍ ഏറെ സന്തോഷിക്കുന്ന ഒരാളാണ് ഞാന്‍. പഴമയോടും പൗരാണികതയോടും അല്‍പം കമ്പമുള്ളതിനാല്‍ വീടിന്‍െറ ഇന്‍റീരിയര്‍ അങ്ങനെ ചെയ്യുന്നതിലാണ് താല്‍പര്യം.
ഇത്രയിത്ര സൗകര്യങ്ങള്‍ ഉണ്ടായാലേ ഉറക്കംവരൂ എന്ന അവസ്ഥ എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. വിവിധ  ഷൂട്ടിങ് ലൊക്കേഷനുകളിലായി മരബെഞ്ചിലും പാറയിലും വെറും തറയിലുമൊക്കെ കിടന്ന് ഞാന്‍ സുഖമായി ഉറങ്ങിയിട്ടുണ്ട്.  അങ്ങനെ നോക്കുമ്പോള്‍ നമുക്ക് സ്വസ്ഥത തരുന്ന എവിടവും വീടാകുന്നു.

വരിക്കാശ്ശേരി മന
 

വീടുവിട്ടാല്‍ മറ്റൊരു വീടായി എനിക്ക് തോന്നിയത് പാലക്കാട്ടെ വരിക്കാശ്ശേരി മനയാണ്.  അതിന്‍െറ പ്രൗഢിയും നിര്‍മാണത്തിലെ വാസ്തുപാഠങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്.
ജനപ്രിയമായ ഒട്ടേറെ സിനിമകള്‍ ഞങ്ങള്‍ ഈ മനയില്‍ നിന്നുണ്ടാക്കി. ‘വരിക്കാശ്ശേരി മന കാണുമ്പോള്‍ ലാലിനെ ഓര്‍മ വരുന്നു’ എന്ന് പറയുന്നവരുണ്ട്. പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ക്കായി നിരവധി തവണ ഊട്ടിയിലത്തെിയതിന്‍െറ ഫലമായി അവിടുത്തെ ചില ടൂറിസ്റ്റ്ബംഗ്ളാവുകളോടും  എനിക്ക് സ്വന്തം വീടിനോടുള്ള മമത തോന്നിയിട്ടുണ്ട്.

അമ്മയിലേക്കുതന്നെ തിരിച്ചു വരട്ടെ. എന്‍െറ അമ്മ അതിവേഗം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഓരോ സിനിമ കഴിയുമ്പോഴും ഞാന്‍ ആ മരത്തണലിലേക്ക് ഓടിയടുക്കുന്നു. എന്‍െറ ഏറ്റവും പ്രിയപ്പെട്ട വീടേതാണെന്ന് ചോദിച്ചാല്‍ എന്‍െറ അമ്മയുള്ള വീട് എന്ന ഒറ്റ മറുപടിയേ ഉള്ളൂ.

തയാറാക്കിയത്:
മനോജ് ഭാസ്ക്കര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.