ജനാലക്കരികിലെ മാമ്പഴച്ചില്ല

‘എന്‍െറ മുറിയുടെ ജനലിലേക്ക് പടര്‍ന്നു കിടക്കുന്ന ചില്ലകളിലെ മാമ്പഴക്കാലമാണ് എനിക്കേറ്റവും മധുരം തരുന്ന വീടോര്‍മ. മാമ്പഴം നിറഞ്ഞ ചില്ലയും നോക്കി എത്ര നേരം വേണമെങ്കിലും ഞാനിരിക്കും.’ - ‘മലര്‍വാടി ആര്‍ട്സ് ക്ളബി’ലെ നായികയായി മലയാളികളുടെ മനം കവര്‍ന്ന നടി മാളവിക വെയില്‍സ് വീടിനെക്കുറിച്ചുള്ള ഓര്‍മകള്‍ പറയുന്നത് ഇങ്ങനെ.

‘വെറുമൊരു സ്പേസ് മാത്രമല്ല, സുഹൃത്തു കൂടിയാണ് സ്വന്തം മുറി. ഓര്‍മ വിടരും തൊട്ടുള്ള ആത്മബന്ധം. മേശക്കും കസേരക്കും മാത്രമല്ല; ചുവരിലെ ഭഗവാന്‍െറ ചിത്രത്തെക്കുറിച്ചു പോലും ഒരായിരം ഓര്‍മകളുണ്ട്’ -മാളവിക പറയുന്നു. തൃശൂര്‍ പൂങ്കുന്നം സുധിന്‍ അപാര്‍ട്മെന്‍റ്സിലെ മൂന്നാം നിലയിലാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പി.ജി. വെയില്‍സിന്‍െറ അപാര്‍ട്മെന്‍റ്. മകള്‍ മാളവികക്ക് ഒമ്പതു വയസ്സുള്ളപ്പോഴാണ് വെയില്‍സ് ഭാര്യ സുധിനക്കും മകന്‍ മിഥുനുമൊപ്പം ഇവിടെ താമസമാക്കിയത്. ‘അന്ന് എനിക്ക് സ്വന്തമായതാണ് മുറി. നൃത്തമെന്ന വികാരം എന്നിലേക്ക് ആവാഹിപ്പിച്ചത് എന്‍െറ മുറിയായിരുന്നു. ചുവരിലെങ്ങും നൃത്ത· അരങ്ങേറ്റത്തിന്‍െറ ചിത്രങ്ങളാണ്. പിതാവിന്‍െറ ആഗ്രഹമാണ് നൃത്തിലേക്ക് അടുപ്പിച്ചത്. നൃത്താഭ്യസനം ഇപ്പോഴും തുടരുന്നു. എവിടെപോയാലും തിരിച്ചുവിളിക്കുന്ന ഒരുവല്ലാത്ത· ഫീലിങ് ആണ് വീട്. നാട്യങ്ങളില്ലാതെ ഇന്നര്‍ ഫീലിങ്സ് പ്രകടിപ്പിക്കാനുള്ള ഇടം കൂടിയാണ് സ്വന്തം മുറി’ -മാളവിക പറഞ്ഞു നിര്‍ത്തി.

അനുപം ഖേറിന്‍െറ മുംബൈ ജുഹുവിലെ ‘ആക്ടര്‍ പ്രിപയേഴ്സ്’ അക്കാദമിയില്‍ നിന്ന് മാളവിക ഡിപ്ളോമ നേടിയത് ‘ബെസ്റ്റ് ആക്ട്രസ്’ബഹുമതിയോടെയായിരുന്നു. 2010 ലിറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ളബിന് ശേഷം മകരമഞ്ഞ്, ആയിഷ, ആട്ടക്കഥ, ഇന്നാണ് ആ കല്യാണം എന്നിങ്ങനെ നിരവധി സിനിമകള്‍. തമിഴ് സിനിമയിലും തിളങ്ങി. ഇപ്പോള്‍ ‘പൊന്നമ്പിളി’ എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്ക്രീനിലും നിറസാന്നിധ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.