കണ്ണാടി സ്ഥാപിക്കേണ്ടത് എവിടെ? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
വീടിന്റെ ഇന്റീരിയർ ഡിസൈനിൽ കണ്ണാടികൾക്ക് വലിയ സ്ഥാനമുണ്ട്. കാഴ്ചയിൽ ഭംഗി നൽകുന്നതിനൊപ്പം മുറി കൂടുതൽ വിശാലമായി തോന്നിക്കാനും പ്രകൃതിവെളിച്ചം പ്രതിഫലിപ്പിച്ച് ഇരുണ്ട ഇടങ്ങൾ പ്രകാശപൂരിതമാക്കാനും കണ്ണാടികൾക്ക് കഴിയും. പ്രത്യേകിച്ച് കിടപ്പുമുറിയിൽ കണ്ണാടി സ്ഥാപിക്കുമ്പോൾ അതിന്റെ വലുപ്പവും സ്ഥാനവും ഏറെ പ്രധാനമാണ്. സൗകര്യത്തിനും മുറിയുടെ ഭംഗിക്കും അനുസരിച്ച് കണ്ണാടി സ്ഥാപിക്കണമെന്നാണ് ഇന്റീരിയർ ഡിസൈനർമാർ നിർദേശിക്കുന്നത്.
കട്ടിലിന് നേരെ കണ്ണാടി വേണ്ടേ?
കിടപ്പുമുറിയിൽ കണ്ണാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പലർക്കുമുള്ള സംശയമാണ് കട്ടിലിന് നേരെ കണ്ണാടി വെക്കാമോ എന്നത്. വാസ്തു ശാസ്ത്രത്തിലും ഫെങ് ഷുയിയിലും കട്ടിലിൽ കിടക്കുന്നവരുടെ പ്രതിബിംബം കണ്ണാടിയിൽ കാണുന്ന രീതിയിൽ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് പറയാറുണ്ട്. ഇത്തരത്തിൽ കണ്ണാടി സ്ഥാപിക്കുന്നത് ഉറക്കത്തെ ബാധിക്കുമെന്നും മുറിയിൽ അസ്വസ്ഥതയുണ്ടാക്കുമെന്നും ചില വിശ്വാസങ്ങളുണ്ട്. എന്നാൽ, കണ്ണാടി കട്ടിലിന് നേരെ വെക്കുന്നത് ഉറക്കത്തെ ദോഷകരമായി ബാധിക്കുമെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളില്ല. എങ്കിലും രാത്രിയിൽ ഉറക്കമുണരുമ്പോൾ സ്വന്തം പ്രതിബിംബം പെട്ടെന്ന് കാണുന്നത് ചിലരിൽ ഭയമോ അസ്വസ്ഥതയോ ഉണ്ടാക്കിയേക്കാം. അതിനാൽ കട്ടിലിന് നേരെ കണ്ണാടി സ്ഥാപിക്കുന്നത് ഒഴിവാക്കുകയോ കിടക്കയിൽനിന്ന് പ്രതിബിംബം കാണാത്ത രീതിയിൽ ക്രമീകരിക്കുകയോ ചെയ്യാം.
ഡ്രസിങ് ഏരിയയിൽ കണ്ണാടി സ്ഥാപിക്കാം
കിടപ്പുമുറിയിൽ കണ്ണാടി സ്ഥാപിക്കാൻ അനുയോജ്യമായ ഇടങ്ങളിലൊന്നാണ് ഡ്രസിങ് ഏരിയ. വസ്ത്രങ്ങൾ ധരിച്ചശേഷം രൂപം പരിശോധിക്കാനും ഒരുങ്ങാനും ഇത് സഹായിക്കും. അലമാരയുടെ വാതിലിൽ തന്നെ മുഴുനീള കണ്ണാടി ഘടിപ്പിക്കുന്നതും നല്ലൊരു ആശയമാണ്. ഇതിലൂടെ പ്രത്യേകമായി കണ്ണാടിക്കായി സ്ഥലം കണ്ടെത്തേണ്ടിവരില്ല. ചെറിയ കിടപ്പുമുറികളിൽ സ്ഥലം ലാഭിക്കാനും ഇത് സഹായിക്കും. കണ്ണാടിക്ക് മുന്നിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
ജനലിന് എതിർവശത്ത് സ്ഥാപിക്കുമ്പോൾ
മുറിയിൽ പ്രകൃതിവെളിച്ചം കുറവാണെങ്കിൽ ജനലിൽനിന്നുള്ള വെളിച്ചം പ്രതിഫലിക്കുന്ന രീതിയിൽ കണ്ണാടി സ്ഥാപിക്കാം. ജനലിന് എതിർവശത്തോ സമീപത്തോ അനുയോജ്യമായ സ്ഥാനത്ത് കണ്ണാടി വെക്കുന്നത് വെളിച്ചം മുറിയുടെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കും. ഇതിലൂടെ മുറി കൂടുതൽ തെളിച്ചമുള്ളതായി തോന്നും. പുറത്തുള്ള പച്ചപ്പിന്റെയോ മനോഹരമായ കാഴ്ചകളുടെയോ പ്രതിഫലനം ലഭിക്കുന്ന രീതിയിൽ കണ്ണാടി ക്രമീകരിച്ചാൽ മുറിയുടെ ഭംഗിയും വർധിക്കും. എന്നാൽ, നേരിട്ട് കണ്ണിലേക്ക് സൂര്യപ്രകാശം പ്രതിഫലിക്കുന്ന വിധത്തിൽ കണ്ണാടി സ്ഥാപിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ചെറിയ മുറികൾക്ക് വലിയ കണ്ണാടികൾ
വിസ്തീർണം കുറഞ്ഞ കിടപ്പുമുറികൾ കൂടുതൽ വിശാലമായി തോന്നിക്കാൻ വലിയ കണ്ണാടികൾക്ക് കഴിയും. ചുമരിൽ മുഴുനീള കണ്ണാടി സ്ഥാപിക്കുകയോ അലമാരയുടെ സ്ലൈഡിങ് വാതിലുകളിൽ കണ്ണാടി ഉപയോഗിക്കുകയോ ചെയ്യാം. കണ്ണാടിയിൽ മുറിയുടെ ഭംഗിയുള്ള ഭാഗങ്ങൾ പ്രതിഫലിക്കുന്ന തരത്തിൽ സ്ഥാനം ക്രമീകരിക്കുന്നതാണ് നല്ലത്. എന്നാൽ, മുറിയിലെ അലങ്കോലമായ ഭാഗങ്ങൾ പ്രതിഫലിക്കുന്ന രീതിയിൽ കണ്ണാടി വെക്കുന്നത് ഒഴിവാക്കാം. ഇത് മുറി കൂടുതൽ ക്രമരഹിതമായി തോന്നാൻ കാരണമാകും.
കണ്ണാടിയുടെ വലുപ്പവും ഫ്രെയിമും പ്രധാനമാണ്
കിടപ്പുമുറിയുടെ വലുപ്പത്തിനും ഇന്റീരിയർ ഡിസൈനിനും അനുയോജ്യമായ കണ്ണാടി തിരഞ്ഞെടുക്കണം. ചെറിയ മുറികളിൽ കട്ടിയുള്ള ഫ്രെയിമുകളേക്കാൾ ലളിതമായ ഫ്രെയിമുകളുള്ള കണ്ണാടികൾ കൂടുതൽ ഭംഗി നൽകും. മിനിമലിസ്റ്റിക് ഡിസൈനുള്ള മുറികളിൽ ഫ്രെയിമില്ലാത്ത കണ്ണാടികളും അനുയോജ്യമാണ്. പരമ്പരാഗത ശൈലിയിലുള്ള മുറികളിൽ തടികൊണ്ടുള്ള ഫ്രെയിമുകൾ ഉപയോഗിക്കാം. കണ്ണാടിയുടെ അരികുകൾ സുരക്ഷിതമാണെന്നും ചുമരിൽ ഉറപ്പിച്ച് ഘടിപ്പിച്ചിട്ടുണ്ടെന്നും പരിശോധിക്കണം.
വെളിച്ചത്തിനും സൗകര്യത്തിനും മുൻഗണന
കണ്ണാടി സ്ഥാപിക്കുമ്പോൾ വാസ്തു വിശ്വാസങ്ങൾ മാത്രം അടിസ്ഥാനമാക്കേണ്ടതില്ല. മുറിയുടെ വലുപ്പം, ജനലുകളുടെ സ്ഥാനം, വെളിച്ചത്തിന്റെ ലഭ്യത, ഉപയോഗസൗകര്യം എന്നിവയും പരിഗണിക്കണം. രാത്രിയിൽ അനാവശ്യമായ പ്രതിഫലനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ കണ്ണാടിയുടെ സ്ഥാനം മാറ്റുകയോ ആവശ്യമില്ലാത്ത സമയങ്ങളിൽ മൂടിവെക്കുകയോ ചെയ്യാം. കണ്ണാടിയിൽ പൊടിയും കറയും അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ വൃത്തിയാകണം.
കിടപ്പുമുറിയിൽ കണ്ണാടി സ്ഥാപിക്കുന്നതിന് കൃത്യമായ ഒരു നിയമമില്ല. മുറിയുടെ സൗകര്യവും വ്യക്തികളുടെ ഇഷ്ടവും പരിഗണിച്ച് അനുയോജ്യമായ സ്ഥാനം കണ്ടെത്തുകയാണ് പ്രധാനം. ശരിയായ സ്ഥാനത്ത് സ്ഥാപിച്ച കണ്ണാടി മുറിയുടെ ഭംഗി വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.