പണവും പ്ലാനും മാത്രം പോരാ! നിയമക്കുരുക്കുകൾ ഒഴിവാക്കാൻ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കാം

വീട് നിർമാണത്തിന് ആവശ്യമായ പണവും പ്ലാനും മാത്രം പോരാ. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കൃത്യമായി അറിഞ്ഞിരിക്കണം. നിയമങ്ങൾ പാലിക്കാതെയുള്ള നിർമാണം പിഴക്കും നിയമനടപടികൾക്കും ഭാവിയിൽ വീട് വിൽക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തടസ്സങ്ങൾക്കും കാരണമായേക്കാം. കേരളത്തിൽ വീടുകൾ നിർമിക്കുമ്പോൾ കേരള പഞ്ചായത്ത് കെട്ടിടനിർമാണ ചട്ടങ്ങളോ കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമാണ ചട്ടങ്ങളോ ആണ് ബാധകമാകുന്നത്.

2019ലെ ചട്ടങ്ങൾക്ക് 2025ലും 2026ലും ഭേദഗതികൾ വന്നിട്ടുണ്ട്. നിർമാണം ആരംഭിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽനിന്ന് ആവശ്യമായ പെർമിറ്റ് നേടണം. ഇതിനായി ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ, കെട്ടിടത്തിന്റെ പ്ലാൻ, സൈറ്റ് പ്ലാൻ തുടങ്ങിയ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. കെ-സ്മാർട്ട് സംവിധാനത്തിലൂടെ കെട്ടിട പെർമിറ്റ് നടപടികൾ ഓൺലൈനായി നടത്താനുള്ള സൗകര്യവുമുണ്ട്. വീട് നിർമാണത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് സെറ്റ്ബാക്ക്. റോഡിൽനിന്നും അയൽവസ്തുക്കളുടെ അതിർത്തികളിൽനിന്നും കെട്ടിടത്തിലേക്ക് പാലിക്കേണ്ട കുറഞ്ഞ അകലമാണിത്.

സ്ഥലത്തിന്റെ വിസ്തീർണം, റോഡിന്റെ വീതി, കെട്ടിടത്തിന്റെ ഉയരം, ബാധകമായ ചട്ടങ്ങൾ എന്നിവയനുസരിച്ച് അകലത്തിൽ വ്യത്യാസമുണ്ടാകും. അതിനാൽ എല്ലാവർക്കും ഒരേ സെറ്റ്ബാക്ക് ബാധകമാണെന്ന് കരുതരുത്. ഭൂമി വാങ്ങുമ്പോൾ അത് വീടുനിർമാണത്തിന് അനുയോജ്യമാണോയെന്ന് പരിശോധിക്കണം. നിലത്തിന്റെ സ്വഭാവം, ഡേറ്റാബാങ്കിലെ സ്ഥിതി, മാസ്റ്റർപ്ലാനിലെ നിയന്ത്രണങ്ങൾ, തീരദേശ പരിപാലന നിയമങ്ങൾ എന്നിവ ആവശ്യമായിടത്ത് പരിശോധിക്കേണ്ടതാണ്. റോഡ് വികസനത്തിനായി സ്ഥലം വിട്ടുനൽകേണ്ട സാഹചര്യമുണ്ടോയെന്നും ഉറപ്പാക്കണം.

അംഗീകരിച്ച പ്ലാനിൽനിന്ന് വ്യത്യസ്തമായി നിർമാണം നടത്തുന്നതും നിയമപ്രശ്നങ്ങൾക്ക് കാരണമാകും. നിർമാണത്തിനിടെ മാറ്റങ്ങൾ വരുത്തേണ്ടിവന്നാൽ ആവശ്യമായ അനുമതികൾ നേടണം. നിർമാണം പൂർത്തിയായശേഷം നടപടിക്രമങ്ങൾ പാലിച്ച് ഒക്യുപ്പൻസി സർട്ടിഫിക്കറ്റും കെട്ടിട നമ്പറും നേടേണ്ടതുണ്ട്. വീട് നിർമാണത്തിലെ ആദ്യ നിക്ഷേപം നിയമങ്ങളെക്കുറിച്ചുള്ള അറിവായിരിക്കണം. യോഗ്യതയുള്ള ആർക്കിടെക്ടിന്റെയോ എൻജിനീയറുടെയോ സഹായത്തോടെ പ്ലാൻ തയാറാക്കുകയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽനിന്ന് ചട്ടങ്ങൾ സ്ഥിരീകരിക്കുകയും ചെയ്താൽ അനാവശ്യ ചെലവുകളും നിയമക്കുരുക്കുകളും ഒഴിവാക്കാം.

Tags:    
News Summary - Building a Home? Know These Rules to Avoid Legal Trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.