അകത്തളങ്ങളില്‍ നിറയട്ടെ, മുഗള്‍ രാജകീയത

മഹത്തായ മുഗള്‍ കാലഘട്ടത്തെ വാക്കുകള്‍കൊണ്ട് നിര്‍വചിക്കുക സാധ്യമല്ല. വാസ്തുകലയില്‍ വേറിട്ട ശൈലി ഭാരത്തിനു നല്‍കിയത് മുഗള്‍ സംസ്കാരമാണ്.  വാസ്തുശില്‍പ ശൈലിയില്‍ പ്രാദേശികത കൂടി കൊണ്ടുവരാന്‍ ഭരണാധികാരികള്‍ ശ്രമിച്ചിരുന്നു. ആധുനിക കാലത്തും ഇന്ത്യയുടെ പാരമ്പര്യമായി പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള വ്യത്യസ്ത ശൈലിയാണ് മുഗളന്‍മാര്‍ വാസ്തുശില്‍പകലയില്‍ ഉപയോഗിച്ചത്. നിറങ്ങളും വ്യത്യസ്ത രൂപാകൃതികളിലുള്ള കൊത്തുപണികളും പ്രത്യേക അലങ്കാര ശൈലികളും മുഗള്‍ വാസ്തുകലയെ അനശ്വരമാക്കി.

ആധുനിക കാലത്തും വാസ്തു ശില്‍പികളും ഡിസൈനര്‍മാരും അവലംബിക്കാന്‍ ആഗ്രഹിക്കുന്ന ശൈലിയാണ് മുഗള്‍ വാസ്തുകല. മുഗള്‍ വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് സമകാലിക ശൈലിയില്‍ രൂപകല്‍പന ചെയ്ത വീടുകളുടെ അകത്തളങ്ങളും ഒരുക്കുന്നുണ്ട്.

ജാലി ഡിസൈനാണ് മുഗള്‍ വാസ്തുവിലെ പ്രധാന ഘടകം. അകത്തളങ്ങളുടെ വ്യത്യസ്തത ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ലളിതമായ ഫര്‍ണിച്ചര്‍ ജാലിക ഡിസൈനില്‍ കാര്‍വ് ചെയ്ത് സെമി പ്രഷ്യസ് സ്റ്റോണുകള്‍ പതിച്ചോ ചെമ്പ്,വെള്ളി തകിടുകള്‍കൊണ്ട് അഗ്രങ്ങള്‍ അലങ്കരിച്ചോ വെച്ചാല്‍ അതുല്യമാകും. ഫര്‍ണിച്ചറിന് കുലീന ഭാവം നല്‍കാന്‍ ഇത്തരം അലങ്കാരങ്ങള്‍ക്ക് കഴിയും.

മുഗള്‍ ടച്ച് നല്‍കുന്നതും അകത്തളത്തിന് പ്രത്യേക മിഴിവു നല്‍കുന്നതുമായ ഒന്നാണ് മുഗള്‍ പാറ്റേണ്‍ വിളക്കുകളും വിളക്കു മൂടികളും. കണ്ണിനിമ്പമാര്‍ന്ന  നിറങ്ങളില്‍ മെറ്റല്‍ വര്‍ക്കോടു കൂടി വരുന്ന ഗ്ളാസ് ലൈറ്റുകളും ലൈറ്റ് സീല്ലിങ്ങുകളും അകത്തളത്തിന് വ്യത്യസ്ത മൂഡ് കൊണ്ടുവരും.
സമകാലികശൈലിയിലുള്ള വീടുകളിലെ സാധാരണ ചെയ്തു വരുന്ന രേഖീയ അലങ്കാരങ്ങളെ (ലീനിയര്‍ ഡെക്കോര്‍) മാറ്റി ഫ്യൂഷന്‍ ഡിസൈന്‍ കൊണ്ടുവരാന്‍ മുഗള്‍ അലങ്കാരങ്ങള്‍ക്ക് കഴിയും.

നിങ്ങളുടെ ഊണ്‍മേശക്കു മുകളില്‍ തൂങ്ങികിടക്കുന്ന ഷാഡ്ലിയര്‍, ഡൈനിങ് സ്പേസിലെ നീഷേ സ്പേസിലിരിക്കുന്ന പൂപാത്രങ്ങള്‍ എന്നിവ മുഗള്‍ കലയുടെ മികവുള്ളതാണെങ്കില്‍ എങ്ങനെയിരിക്കും? വ്യത്യസ്തത ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമ്മുക്ക് പരീക്ഷിക്കാം.

ജ്യാമിതീയ രൂപാകൃതികളുള്ളതും എന്നാല്‍ ഏതൊരു ശൈലിയില്‍ നിന്നും സ്വതന്ത്രമായ ഡിസൈനാണ് മുഗള്‍കലയുടെ പ്രത്യേകത. മുഗള്‍ വംശം ഭാരതത്തിന് കലയുടെയും സൗന്ദര്യ ശാസ്ത്രത്തിന്‍റെയും നിധി നല്‍കിയാണ് കടന്നുപോയത്.

മുഗള്‍ ചിത്രകലയിലെ നിറങ്ങളുടെ വിന്യാസത്തെ പ്രകീര്‍ത്തികാതെ വയ്യ. അലങ്കാരത്തിനായി നിങ്ങള്‍ വെക്കുന്ന എത്ര വിലപിടിപ്പുള്ള വസ്തുവിനെയും കലാചാതുര്യംകൊണ്ട് മറികടക്കാന്‍ ഒരു മുഗള്‍ ചിത്രത്തിനാകും. സ്റ്റെയര്‍ കേസിനഭിമുഖമായ ചുവരോ ലിവിങ് സ്പേസോ അലകൃതമാക്കാന്‍ മുഗള്‍ ചിത്രകലയെ കൂട്ടുപിടിക്കാം.

അലങ്കാരങ്ങള്‍ക്ക്  മുഗള്‍ ശൈലിയിലുള്ള  ക്ളോക്ക്, ആഭണപ്പെട്ടികള്‍, ലോഹ പാത്രങ്ങള്‍, ജാലിക ശൈലിയിലുള്ള കിളിവാതിലുകള്‍, നിറപകിട്ടാര്‍ന്ന മുഗള്‍ റാന്തലുകള്‍ എന്നിങ്ങനെയുള്ള വസ്തുകള്‍ തെരഞ്ഞെടുത്താല്‍ നിങ്ങളുടെ അകത്തളത്തിനെ രാജകീയമാക്കാന്‍ കഴിയും.


 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.