representational image

പയ്യന്നൂർ നഗരസഭ യോഗം; ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം പുനരാരംഭിക്കും

പയ്യന്നൂർ: നഗരസഭയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണമാരംഭിച്ച ലൈഫ്മിഷൻ ഫ്ലാറ്റിന്റെ പണി സാങ്കേതികപ്രശ്നങ്ങൾ കാരണം നിലച്ചതായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയതായി ചെയർപേഴ്സൻ കെ.വി. ലളിത അറിയിച്ചു. പ്രവൃത്തി അടുത്തമാസം 15ന് മുമ്പ് പുനരാരംഭിക്കും. ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ കോൺഗ്രസിലെ എ. രൂപേഷിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.

നഗരസഭയിലെ 44 പാവപ്പെട്ടവർക്ക് ലഭിക്കേണ്ടിയിരുന്ന ഫ്ലാറ്റ് നിർമാണം നിലച്ചതായി എ. രൂപേഷ് പറഞ്ഞു. 2020ൽ ഓൺലൈൻവഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് എവിടെയും എത്താതെ പോയത്.

ചെയർപേഴ്സന്റെ മറുപടി തൃപ്തികരമല്ലെന്നും ഇതുപോലെ പല പദ്ധതികളുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിക്കുമ്പോൾ ഇപ്പോൾ തുടങ്ങും എന്ന മറുപടിയാണ് ലഭിക്കാറുള്ളതെന്നും അത് ശരിയല്ലെന്നും കോൺഗ്രസിലെ മണിയറ ചന്ദ്രൻ പറഞ്ഞത് യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിൽ കലാശിച്ചു.

ഫ്ലാറ്റ് നിർമാണം എത്രയുംപെട്ടെന്ന് ആരംഭിക്കണമെന്നും പയ്യന്നൂരിൽ മിക്ക പദ്ധതികളും ഉദ്ഘാടനം കഴിഞ്ഞ് പാതിവഴിയിൽ നിർത്തിയതുപോലെ ഫ്ലാറ്റ് നിർമാണവും നിലച്ചുപോവരുതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയതോടെയാണ് ഭരണപക്ഷാംഗങ്ങൾ പ്രതിരോധിച്ചത്.

ഇതാണ് ബഹളത്തിൽ കലാശിച്ചത്. അപേക്ഷിച്ച ഒരാൾക്ക് അവിവാഹിത പെൻഷനും 14 പേർക്ക് വിധവ പെൻഷനും രണ്ട് പേർക്ക് വിവാഹ ധനസഹായവും 33 പേർക്ക് വാർധക്യകാല പെൻഷനും നൽകാൻ യോഗം അനുമതി നൽകി. നഗരസഭയുടെ 1999ലെ വിശദമായ നഗരവികസന പദ്ധതി പുതുക്കി സമർപ്പിക്കാൻ തീരുമാനമായി. നഗരത്തിന്റെ 170 ഹെക്ടർ ചുറ്റളവിലെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്.

തുളുവനടുക്കം കോറോം എൻജിനീയറിങ് കോളജ് റോഡ്, ആയുർവേദ ആശുപത്രി കെട്ടിടം തുടർപ്രവൃത്തി, പെരുമ്പതോട് നവീകരണം തുടങ്ങിയവക്ക് അംഗീകാരം നൽകി. തെരുവുനായ് നിയന്ത്രണം, കാട്ടുപന്നി നിർമാർജനം സംബന്ധിച്ച നിർദേശങ്ങൾ നടപ്പാക്കാൻ കൗൺസിൽ തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്സൻ കെ.വി. ലളിത അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Payyannur Municipal Council meeting-Life Mission Flat will resume construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.