വീട് പണിയുകയാണോ? ഈ 10 അനാവശ്യ കാര്യങ്ങൾ ഒഴിവാക്കണം

മനസ്സിൽ വീടെന്ന ആശയം മുളപൊട്ടുമ്പോൾ മുതൽ പൂർത്തിയാകുന്ന സ്വപ്ന ഗൃഹത്തെകുറിച്ചുള്ള ചിന്തയിലായിരിക്കും നമ്മൾ. സ്ഥലംവാങ്ങൽ, പ്ലാൻ, ഡിസൈൻ, നിർമാണം, മെറ്റീരിയൽ, മര ഉരുപ്പടി, ഫ്ലോറിങ് തുടങ്ങി സകല കാര്യങ്ങളിലും ആശയും ആശങ്കയും ആധിയും മനസ്സിൽ നിറച്ചായിരിക്കും ഇടപെടുക. ഇതിൽ പാളിച്ചകൾ ഇല്ലാതിരിക്കാൻ ഏറ്റവും നല്ലത് അതത് രംഗത്തെ വിദഗ്ധരോട് അഭിപ്രായം ആരായുന്നതായിരിക്കും.

വീടിന്റെ വാർപ്പ്, തേപ്പ് ജോലിക്കിടയിലും റൂഫിങ്ങിലും ഒഴിവാക്കേണ്ട 10 കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് സ്വദേശത്തും വിദേശത്തും ഈ മേഖലയിൽ അനുഭവ പരിചയമുള്ള ലൈസൻസ്ഡ് സിവിൽ എൻജിനീയർ അനൂപ്. വീട് നിർമിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഭാവിയിലുള്ള പാഴ്ചെലവ് ഒഴിവാക്കാൻ സഹായിക്കും.

കൺസ്ട്രക്ഷൻ സൈറ്റുകളിൽ കണ്ടുവരുന്ന 10 അനാവശ്യ കാര്യങ്ങൾ:

1). ഒരുദിവസത്തേക്ക് ആവശ്യമായ മുഴുവൻ ചാന്തും രാവിലെ തന്നെ വെള്ളം ഒഴിച്ച് കുഴച്ച് ഇടുക, തലേ ദിവസത്തെ ചാന്ത് വെള്ളം ഒഴിച്ചിട്ട് അടുത്ത ദിവസം എടുക്കൽ

ഈ രണ്ടുകാര്യങ്ങളും ഒരുകാരണവശാലും ചെയ്യരുത്. കൂടി വന്നാൽ അടുത്ത മണിക്കൂറിൽ ഉപയോഗിക്കാവുന്ന ചാന്ത് മാത്രമേ വെള്ളം ഒഴിച്ച് ഇടാവൂ... കാരണം, സിമന്റ് സെറ്റാവാൻ കുറച്ച് സമയം മതി എന്നതുതന്നെ.

2.) കട്ടകൾക്ക് ഇടയിലെ ഗ്യാപ്പ് വർധിപ്പിച്ച് ചാന്തിന്റെ കനം കൂട്ടുന്നത്.

ചുമര് കെട്ടുമ്പോൾ കട്ട/കല്ല്/ഹോളോബ്രിക്സ് തമ്മിൽ ഒരു ഇഞ്ചൂ മുതൽ 2 ഇഞ്ച് ഗ്യാപ്പ് വരെ ഇട്ട് ചെയ്യുന്ന പ്രവണത ഇപ്പോൾ കണ്ടുവരുന്നു. ഓർക്കുക, കട്ടയുടെ ബലം ചാന്തിന് ഇല്ല. അതുകൊണ്ട് ഗ്യാപ്പ് 1/2 ഇഞ്ചിൽ നിർത്താൻ ശ്രമിക്കുക.

 

3.) വാർപ്പിന് കമ്പി കെട്ടുമ്പോൾ കെട്ടുകമ്പിയുടെ വാൽ നീളത്തിൽ ഇട്ടുകെട്ടുക

ഇത് ഒരു കാരണവശാലും ചെയ്യരുത്. കെട്ടുകമ്പി ചുരുട്ടി കെട്ടി വെക്കുക. നീളത്തിൽ വാൽ ആയി കിടക്കുന്ന കമ്പി കോൺക്രീറ്റിന് ഉള്ളിൽ പെട്ടെന്ന് ദ്രവിച്ചു പോകുകയും അതുവഴി സ്ലാബിൽ ലീക്ക് ഉണ്ടാവുകയും ചെയ്യും.

4.) രണ്ടാം നില പണിയുമ്പോൾ ഒന്നാം നിലയുടെ സ്ലാബിൽ ഇട്ടു എട്ട് ഇഞ്ച് കട്ട/കല്ല്/ഹോളോബ്രിക്സ് തല്ലി പൊട്ടിക്കുക

ഇതും ചെയ്യാൻപാടില്ലാത്ത കാര്യമാണ്. കാരണം, ഫ്രഷ് കോൺക്രീറ്റ് സ്ലാബിന് അതുണ്ടാക്കുന്ന ആഘാതം ചെറുതല്ല. ഒന്നുകിൽ കട്ടർ ഉപയോഗിച്ച് മുറിക്കുക. അല്ലങ്കിൽ സ്ലാബിന് ആഘാതം ഇല്ലാത്ത സ്ഥലത്ത് കൊണ്ടുപോയി തല്ലിപൊട്ടിക്കുക

5) കോൺക്രീറ്റ് ചെയ്യാൻ തട്ടുകൾ അടിക്കുമ്പോൾ വലിയ വിടവുകൾ ഇട്ടാൽ എന്തു സംഭവിക്കും?

കോൺക്രീറ്റിന് പലക/ തട്ട് (Shuttering) അടിക്കുമ്പോൾ ഗ്യാപ്പ് കൂടുന്നത് ഭാവിയിൽ കെട്ടിടത്തിന് ചോർച്ച ഉൾപ്പെടെയുള്ള ദോഷം ചെയ്യും. കോൺക്രീറ്റ് ഫിൽ ചെയ്യാൻ വൈബ്രേറ്റർ ഉപയോഗിക്കുമ്പോൾ ഈ ഗ്യാപ്പ് വഴി സിമന്റ് ചോർന്ന് പോകും. അതോടെ, കോൺക്രീറ്റിനുള്ള M20 മിശ്രിതം ഫലത്തിൽ M10 ആകുകയും അവിടെ തേനീച്ച കൂട് പോലെ ആവുകയും ചെയ്യും. ഫലമോ ധനനഷ്ടവും കെട്ടിടത്തിന് ബലക്ഷയവും. അതിനാൽ, തട്ടുകൾ വിടവില്ലാതെ പൂർണമായും സീൽ ചെയ്യുക.

6. കട്ടകൾ നനക്കാതെ ചുമർ കെട്ടിയാൽ...

കെട്ടുന്നതിന് മുമ്പ് കട്ടകൾ നനച്ചിരിക്കണം. അല്ലെങ്കിൽ, ചാന്തിലെ വെള്ളം കട്ടകൾ വലിച്ചെടുക്കും, ചാന്ത് സെറ്റ് ആകാനുള്ള ഹൈഡ്രേഷൻ പ്രോസസ് നടക്കാതെ വരികയും ചെയ്യും. ഇതുമൂലം ബലക്ഷയം ഉണ്ടാകാൻ ഇടയുണ്ട്.

7. ചെറുവീടുകൾക്ക് ഫൗണ്ടേഷൻ കുഴിക്കാൻ മണ്ണുമാന്തി യന്ത്രം നല്ലതാണോ?

ചെറുവീടുകൾക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഫൗണ്ടേഷൻ കുഴിക്കുന്നത് ചിലപേപാൾ വിപരീത ഫലം ചെയ്യും. തൊഴിലാളികൾ കുഴിച്ചാൽ തുടക്കത്തിൽ കൂടുതൽ ചിലവ് വരുമെങ്കിലും ഫൈനൽ കോസ്റ്റ് കുറവാകും. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുമ്പോൾ വീതിയും ആഴവും കൂടുകയും പണിക്കാർ അവരുടെ എളുപ്പത്തിന് അത് കല്ല് വെച്ച് നിറക്കുകയും ചെയ്യും. അപ്പോൾ, 100 ക്യൂബിക് അടി വേണ്ടിടത്ത്, 150 ക്യൂബിക് അടി കല്ല് വേണ്ടി വരും. 50 ക്യൂബിക് അടി പാഴാകും.

8. കമ്പി കൂടിയാൽ ബലം കൂടുമോ?

വാർപ്പിൽ കമ്പി കൂടിയാൽ ബലം കൂടും എന്ന തെറ്റിധാരണ പലർക്കുമുണ്ട്. ആവശ്യത്തിൽ കൂടുതൽ കമ്പി അയാൽ വിപരീത ഫലമാണുണ്ടാക്കുക. ഭക്ഷണത്തിൽ ഉപ്പ് ചേർക്കുന്നത് പോലെയാണ് വാർപ്പിൽ കമ്പിയും ഇടേണ്ടത്, ആവശ്യത്തിന് മാത്രം.

9. മോശം സിമന്റിന്റെ പേര് പറയാമോ?

ഐ.എസ്.ഐ മുദ്രയിൽ വരുന്ന ഒരു സിമന്റും മോശമല്ല. ഇവയെ വിശ്വസിക്കാം. കട്ടകളെ തമ്മിൽ ബന്ധിപ്പിക്കാനും കോൺക്രീറ്റ് ചേരുവകൾ കൂട്ടിയോജിപ്പിക്കുവാനും ഉള്ള പശ മാത്രമാണ് സിമന്റ് എന്ന സത്യം മനസ്സിലാക്കുക. മുഴുവൻ സിമന്റ് ആക്കിയത് കൊണ്ട് ഒരു ഗുണവും ഇല്ല. അതും ഉപ്പ് പോലെ ആവശ്യത്തിന് മാത്രം.

10. മേൽക്കൂരയിൽ ഷീറ്റ് പാകുമ്പോൾ

ബ്യൂട്ടി പാർലറിൽ പോയി ഒരുങ്ങിവരുന്ന വധുവിനെ മഴക്കോട്ടും ഹെൽമെറ്റും അണിയിക്കുന്നത് പോലെയാണ് ചില വീടുകളുടെ മേൽക്കൂരയിൽ ഷീറ്റ് പാകുന്നത്. വീടിന്റെ ഭംഗിക്ക് ചേരുന്ന രീതിയിൽ റൂഫിങ് ഷീറ്റ് പാകുക.







വിവരങ്ങൾക്ക് കടപ്പാട്:

ആർ.എസ്. അനൂപ്

ലൈസൻസ്ഡ് സിവിൽ എൻജിനീയർ

ചങ്ങനാശ്ശേരി

Tags:    
News Summary - 10 Mistakes to Avoid When Building a New Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.