‘ബ്രെഡ് ഫോർ ഓൾ’ പദ്ധതിയുടെ മെഷീൻ

ഇവിടെ ഇനി വിശപ്പില്ല...! സൗജന്യ ബ്രഡ് നൽകാൻ മെഷീനുകൾ

ദുബൈ: 'യു.എ.ഇയിൽ ആരും വിശന്നുറങ്ങേണ്ടിവരില്ല' എന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പ്രഖ്യാപിച്ചത് കോവിഡ് കാലത്താണ്. കോവിഡ്കാലത്തെന്ന പോലെ കോവിഡാനന്തര കാലത്തും വിശക്കുന്നവരിലേക്ക് അന്നമെത്തിക്കാൻ സംവിധാനമൊരുക്കിയിരിക്കുകയാണ് രാജ്യത്തെ ഭരണകൂടം. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയ മെഷീനുകൾ വഴിയാണ് 'ബ്രെഡ് ഫോർ ഓൾ' (എല്ലാവർക്കും അന്നം) പദ്ധതി ഇതിനായി നടപ്പാക്കുന്നത്.

ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്‍റെ കീഴിലുള്ള മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ സെന്‍റർ ഫോർ എൻഡോവ്‌മെന്‍റ് കൺസൾട്ടൻസിയാണ് 'ബ്രെഡ് ഫോർ ഓൾ' സംരംഭം പ്രഖ്യാപിച്ചത്. ഓരോ ദിവസവും വിവിധ സമയങ്ങളിൽ പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും സൗജന്യ റൊട്ടി നൽകുന്ന സംവിധാനമാണിത്.

വിവിധ ഔട്ട്‌ലറ്റുകളിൽ വിന്യസിക്കുന്ന സ്മാർട്ട് മെഷീനുകൾ വഴിയാണ് ആവശ്യക്കാർക്ക് ഫ്രഷ് ബ്രഡുകൾ നൽകുക. പദ്ധതിയിലൂടെ ചാരിറ്റി പ്രവർത്തനത്തിന്‍റെ ആധുനികവും സുസ്ഥിരവുമായ മാതൃക കാണിച്ചുകൊടുക്കുക കൂടിയാണ് ഇമാറാത്ത്. അൽമിസ്ഹാർ, അൽവർഖ, മിർദിഫ്, നാദ് അൽ ഷെബ, നദ്ദ് അൽ ഹമർ, അൽഖൗസ്, അൽ ബദാഅ എന്നിവിടങ്ങളിലെ സൂപ്പർമാർക്കറ്റുകളിലാണ് സ്‌മാർട്ട് മെഷീനുകൾ സ്ഥാപിക്കുക. മെഷീനിലെ 'ഓർഡർ' ബട്ടൻ അമർത്തിയാൽ അൽപസമയത്തിനകം ബ്രഡ് ലഭിക്കുന്ന രീതിയിലാണ് ഇതിലെ സംവിധാനം.

പദ്ധതിയിലേക്ക് സംഭാവന നൽകാനും മെഷീനിൽ സൗകര്യമുണ്ട്. ഇതിനുപുറമെ 'ദുബൈ നൗ' ആപ് വഴിയും എസ്.എം.എസ് ചെയ്തും സംഭാവന നൽകാവുന്നതാണ്. 10 ദിർഹം സംഭാവന ചെയ്യാൻ 3656 നമ്പറിലേക്കും 50 ദിർഹമിന് 3658, 100 ദിർഹമിന് 3659, 500 ദിർഹമിന് 3679 എന്നതിലേക്കുമാണ് എസ്.എം.എസ് ചെയ്യേണ്ടത്. സംരംഭത്തിന്‍റെ സംഘാടകരെ info@mbrgcec.ae ഇ-മെയിൽ വഴിയോ 0097147183222 ഫോൺ വഴിയോ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - No more hunger here...! Machines to give out free bread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.