മീനു സ്റ്റെഫാൻ

ചായക്ക് റെസിപ്പി‍‍‍ ഉണ്ടാക്കി വൈറലായ മീനു സ്റ്റെഫാൻ

യൂറോപ്യൻ മലയാളികൾക്കിടയിൽ പാചക പ്രോഗ്രാമിലൂടെ ശ്രദ്ധ നേടിയ അവതാരകയും ഫുഡ് വ്ലോഗറുമായ കോട്ടയം സ്വദേശിനി മീനു സ്റ്റെഫാൻ തന്‍റെ പാചക അനുഭവങ്ങൾ 'മാധ്യമം' ഓൺലൈനുമായി പങ്കുവെക്കുന്നു.

ഒരു ചായ ഉണ്ടാക്കാനുള്ള റെസിപ്പിക്കായി യൂട്യൂബ് പരതണോ? വേണ്ട എന്നായിരിക്കും ഉത്തരം. പക്ഷേ, മീനു സ്റ്റെഫാൻ ചായ റെസിപ്പി യൂട്യൂബിൽ ഇട്ടപ്പോൾ കണ്ടത് മൂന്നു ലക്ഷത്തിലേറെ പേർ. പാകത്തിന് കടുപ്പവും മധുരവും പിന്നെ പശ്ചാത്തലത്തിൽ അൽപം സംഗീതവും കുറച്ച് ക്രിയേറ്റിവിറ്റിയും ചേർത്താലോ. ചായ ഉണ്ടാക്കുന്നതിലും ഒരു കലയുണ്ടെന്ന് ലണ്ടനിൽ താമസിക്കുന്ന ഈ കാഞ്ഞിരപ്പള്ളിക്കാരിയുടെ ചായ റെസിപ്പി കണ്ടാൽ ആരും പറയും. മീനു സ്റ്റെഫാനെ ഇവിടെ മലയാളികൾക്ക് നന്നേ പരിചയം കുറയും. പക്ഷേ, യൂറോപ്യൻ മലയാളികൾക്ക് തീൻമേശയിൽ രുചിക്കൂട്ട് പകർന്നു നൽകുന്ന പുതിയ താരമാണ് ഇപ്പോൾ മീനു. യൂറോപ്യൻ മലയാളി സമൂഹത്തിന്‍റെ ഇഷ്ട ചാനലായ ആനന്ദ് ടിവിയിലെ രുചിക്കൂട്ട് എന്ന പാചക പരിപാടിയിലൂടെയാണ് മീനു സ്റ്റെഫാൻ മറുനാട്ടിൽ താരമായത്.

വെജും നോൺ വെജും ഉൾപ്പെടെ ഗൃഹാതുരത്വമുണർത്തുന്ന ഒട്ടേറെ വിഭവങ്ങളുടെ റെസിപ്പിയാണ് മീനു സ്റ്റെഫാൻ രുചിക്കൂട്ട് എന്ന പാചക പരിപാടിയിലൂടെ പങ്കുവെക്കുന്നത്. ഒരു മിനിട്ട് മുതൽ 6 മിനിട്ട് വരെ ദൈർഘ്യമുള്ള വീഡിയോകൾ. ഏതു തിരക്കിലും ആർക്കും ചെയ്യാവുന്ന റെസിപ്പികൾ, പാചകത്തിൽ അത്ര താൽപര്യമില്ലാത്തവരെ പോലും ഒരു കൈ നോക്കാൻ പ്രേരിപ്പിക്കുന്ന ഒട്ടും മടുപ്പിക്കാത്ത അവതരണം. ഫോട്ടോഗ്രഫിയുടെ ആകർഷകത്വം. അങ്ങനെയങ്ങനെ മീനുവിന്‍റെ പാചക പരീക്ഷണങ്ങൾ യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിലും സൂപ്പർ ഹിറ്റ്.


കാഞ്ഞിരപ്പള്ളി നെടുങ്ങാട് കരുവേലിൽ ജോഷിയുടെയും ബിനുവിന്‍റെയും മകളായ മീനു, വിവാഹ ശേഷം ഭർത്താവിനൊപ്പമാണ് യു.കെയിലെത്തിയത്. കൊച്ചിയിൽ ടാറ്റാ കൺസൾട്ടൻസി സർവീസസിൽ ഐ.ടി അനലിസ്റ്റായി ജോലി ചെയ്യുന്നതിനിടെ 2020ലായിരുന്നു ചങ്ങനാശേരി കരിങ്ങനാമറ്റം കുടുംബാംഗമായ സ്റ്റെഫാൻ ജോസഫുമായുള്ള വിവാഹം. യു.കെ പൗരത്വമുള്ള സ്റ്റെഫാന്‍റെ മാതാപിതാക്കൾ 20 വർഷത്തിലേറെയായി ലണ്ടനിലാണ് താമസിക്കുന്നത്. സ്റ്റെഫാൻ ജോസഫ് അവിടെ ഒരു കമ്പനിയിൽ മാർക്കറ്റിങ് മാനേജരാണ്.


യു.കെയിൽ ഐ.ടി മേഖലയിൽ ജോലി അന്വേഷിച്ചു തുടങ്ങിയ നാളുകളിലായിരുന്നു കോവിഡിന്‍റെ ആദ്യവരവ്. ജോലി അന്വേഷണങ്ങൾക്ക് താൽകാലിക വിരാമമിട്ട് ലോക് ഡൗണിന്‍റെ ആകുലതകളിൽപെട്ട് വീട്ടിൽ ഒതുങ്ങിക്കൂടിയപ്പോൾ മീനുവിന് മുന്നിൽ രുചി വൈവിധ്യങ്ങളുടെ കലവറ തുറക്കുകയായിരുന്നു. എന്താ ഇന്നത്തെ സ്പെഷ്യൽ എന്ന ഭർത്താവ് സ്റ്റെഫാന്‍റെ ചോദ്യങ്ങൾക്ക് രുചിക്കൂട്ടുകൾ കൊണ്ട് ഉത്തരമേകിയ ദിനങ്ങൾ. പുതിയ വിഭവങ്ങൾ ട്രൈ ചെയ്യുമ്പോൾ കുടുംബത്തിന്‍റെ അകമഴിഞ്ഞ പിന്തുണ. തയാറാക്കിയ കൊതിയൂറുന്ന വിഭവങ്ങളുടെ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിറഞ്ഞ പ്രോത്സാഹനം. ഏതാനും മാസങ്ങൾ കൊണ്ടു തന്നെ പേജിന് എണ്ണായിരത്തിലേറെ ഫോളോവേഴ്സ്. ഒപ്പം റെസിപ്പിയെ കുറിച്ചുള്ള അന്വേഷണവും. പലരും ചോദിച്ചു തുടങ്ങി യൂട്യൂബിൽ ഇതൊക്കെ പങ്കുവച്ചു കൂടെയെന്ന്. അങ്ങനെ മീനൂസ് മെനു (https://www.youtube.com/c/Meenu'sMenuOrg) (https://instagram.com/meenus_menu?r=nametag) എന്ന പേരിൽ യൂട്യൂബ് ചാനലും തുടങ്ങി.


ഇതിനിടയിൽ യു.കെയിലെ പ്രമുഖ ബ്രാന്‍റുകളായ കോക്കനട്ട് ഓർഗാനിക്, വിക്കഡ് കുക്കീസ്, ജാക്ക് ആന്‍റ് ചിൽ തുടങ്ങിയ കമ്പനികൾ പ്രോഡക്റ്റ് പ്രൊമോഷന് സമീപിക്കുകയും ചെയ്തപ്പോഴാണ് ലോക് ഡൗണിൽ നേരംപോക്കിന് തുടങ്ങിയ പരിപാടി തന്‍റെ ജീവിതത്തിൽ വഴിത്തിരിവാകുകയാണെന്ന് മീനുവിന് ബോധ്യമായത്. ഒരു മിനിറ്റിൽ താഴെയുള്ള ആദ്യ വിഡിയോയുടെ പ്രതികരണവും പ്രതീക്ഷയ്ക്കപ്പുറമായിരുന്നു. മുപ്പതിനായിരത്തിലേറെപ്പേർ ആ വിഡിയോ കണ്ടത് മീനുവിന് ആവേശമായി. തുടർന്ന് നാടൻ വിഭവങ്ങളും ചൈനീസ്, മെക്സിക്കൻ ഡിഷസും ഉൾപ്പെടെയുള്ളവയുടെ വിഡിയോക്ക് പതിനായിരക്കണക്കിന് പേർ വ്യൂവേഴ്സായി എത്തി. കോവിഡ് പ്രതിസന്ധിയുടെ ഒന്നര വർഷങ്ങൾക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോൾ മീനു സെലിബ്രിറ്റി കുക്കിന്‍റെ താരപരിവേഷം ആസ്വദിക്കുകയാണ്. സോഷ്യൽ മീഡിയയിലെ വ്യൂവേഴ്സും ഫോളോവേഴ്സും മീനുവിന്‍റെ സ്വാദൂറുന്ന പുതിയ റെസിപ്പികൾക്കായി കാത്തിരിക്കുകയാണ്.


യൂട്യൂബിൽ 100ൽ അധികം റെസിപ്പികൾ

അമ്മ നന്നായി പാചകം ചെയ്യുമായിരുന്നു. വീട്ടിൽ അമ്മ സ്വാദൂറുന്ന വിഭവങ്ങൾ ഉണ്ടാക്കുന്നത് കണ്ടാണ് മീനുവിനും ഇതിൽ അഭിരുചി ഉണ്ടാകുന്നത്. അമ്മ ചെയ്യുന്നത് ഓർത്തെടുത്താണ് പല റെസിപ്പികളും തയാറാക്കുന്നത്. പിന്നെ സെർച് ചെയ്ത് കണ്ടെത്തുന്ന പാചകവിധികളിൽ തന്‍റേതായ മാറ്റം വരുത്തിയും ചെയ്യാറുണ്ട്. നാട്ടിൽ നിന്ന് ഇത്രയും അകലെ താമസിക്കുന്നതിനാൽ നാടൻ വിഭവങ്ങൾ തയാറാക്കുമ്പോൾ പ്രത്യേക സന്തോഷം. ചൈനീസ് റെസിപ്പികളും നാടനും ഒരു മിനിറ്റിൽ താഴെയുള്ളതും ഉൾപ്പെടെ നൂറോളം വിഡിയോകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്.


ഒരു മിനിറ്റ് നൊസ്റ്റാൾജിക് ഫീൽ

ഒരു മിനിറ്റിൽ താഴെയുള്ള ഷോർട്ട് വീഡിയോസിനെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്. അധികം സമയം എടുക്കാത്തതും പ്രസന്‍റേഷൻ സ്റ്റൈലും ഏവർക്കും ഇഷ്ടം. ഇത് ഒരു നൊസ്റ്റാൾജിക് ഫീൽ നൽകുന്നതായി പലരും കമന്‍റ് ചെയ്യുന്നുണ്ട്. ഏറ്റവും അധികം പേർ കാണുന്നതും വൺ മിനിറ്റ് വിഡിയോ ആണ്. ഗ്രീൻ ടീയും സൗത്ത് ഇന്ത്യൻ മസാല ടീയും മൂന്ന് ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. റെസിപ്പികൾ വളരെ ലളിതവും ഏത് തിരക്കിനിടയിലും ആർക്കും തയാറാക്കാവുന്നതുമാണ്. ഇത്തരം വീഡിയോകൾ കണ്ടാൽ കുക്കിങ്ങിൽ താൽപര്യം ഇല്ലാത്തവർക്ക് പോലും താൽപര്യം തോന്നുമെന്ന് പലരും കമന്‍റ് ചെയ്യുന്നുണ്ട്.


മാജിക്ക് ഓവനും മാസ്റ്റർ ഷെഫും

കുട്ടിക്കാലം മുതലേ കുക്കിങ് പ്രോഗ്രാമുകൾ കാണാനും ചെയ്യാനും താൽപര്യമായിരുന്നു. ലക്ഷ്മി നായരുടെ മാജിക് ഓവനും ബി.ബി.സിയിലെ മാസ്റ്റർ ഷെഫും സ്ഥിരമായി കാണുമായിരുന്നു. പിന്നെ പഠിത്തത്തിന്‍റെ തിരക്ക് വന്നപ്പോൾ ഇതൊക്കെ വിട്ടു പോയി. പിന്നീട് ഇൻഫോ പാർക്കിൽ ടി.സി.എസിൽ ജോലി കിട്ടിയ ശേഷമാണ് കുക്കിങ് ചെയ്തു തുടങ്ങിയത്. അന്ന് ജോലി സ്ഥലത്ത് ഒറ്റയ്ക്കായിരുന്നു താമസം. അങ്ങനെ കുക്കിങ് ഏറ്റെടുക്കുകയും പുതിയ വിഭവങ്ങൾ പരീക്ഷിക്കുകയും ചെയ്തു തുടങ്ങി.


കുക്കറി ഷോയുടെ വീഡിയോഗ്രഫിയെ കുറിച്ചും ഫുഡ് ഫോട്ടോഗ്രഫിയെ കുറിച്ചുമെല്ലാം നല്ല അഭിപ്രായം വരുന്നതിൽ സന്തോഷമുണ്ട്. ഫോട്ടോഗ്രഫിയും വിഡിയോഗ്രഫിയൊന്നും ഞാൻ പഠിച്ചിരുന്നില്ല. ഭർത്താവാണ് ആദ്യം ഇതിലൊക്കെ സഹായിച്ചിരുന്നത്. പിന്നീട് ഞാൻ ഇതേകുറിച്ച് പഠിച്ച് മനസിലാക്കി അങ്ങനെ ഇംപ്രൂവ് ചെയ്തു. ഇപ്പോൾ ഫോട്ടോസും വീഡിയോ എഡിറ്റിങ്ങുമെല്ലാം തനിയെ ചെയ്യാമെന്നായിട്ടുണ്ടെന്ന് മീനു പറയുന്നു.

മീനുവും ഭർത്താവ് സ്റ്റെഫാൻ ജോസഫും

മാരത്തൺ മോഹം

കുക്കിങ്ങിന്‍റെ തിരക്കുകൾ കഴിഞ്ഞാൽ പോട്ട് ക്രാഫ്റ്റിലാണ് മീനു സമയം ചെലവഴിക്കുന്നത്. അലങ്കാര വസ്തുക്കൾ നിർമിക്കാൻ താൽപര്യമാണ്. ഇനിയും പൂർത്തീകരിക്കാത്ത മോഹം ഫുൾ മാരത്തണിൽ പങ്കെടുക്കുക എന്നതാണ്. ടി.സി.എസിൽ ജോലി ചെയ്യുന്ന സമയത്ത് ഹാഫ് മാരത്തൺ കംപ്ലീറ്റ് ചെയ്തിരുന്നു. വിവാഹ ശേഷം യു.കെയിലേക്ക്‌ പോന്നതിനാൽ പിന്നീട് പങ്കെടുക്കാനായില്ല. ഇപ്പോൾ മത്സരങ്ങൾ വെർച്വലുമാണല്ലോ. എങ്കിലും ഭാവിയിൽ ആഗ്രഹം നിറവേറ്റാനാകും എന്നു തന്നെയാണ് വിശ്വാസം. കഴിഞ്ഞ ഒന്നര വർഷങ്ങൾക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ ഏറെ സന്തോഷമുണ്ട്. ഐ.ടി ജോലിയും കുക്കിങ്ങും ഒന്നിച്ചു കൊണ്ടു പോകണമെന്നാണ് ആഗ്രഹം. എങ്കിലും അൽപം കൂടുതൽ പ്രിയം കുക്കിങ്ങിനോടില്ലേ എന്ന് സംശയം. സ്വാദിന്‍റെ മായാലോകത്ത് ഇനിയുമേറെ ദൂരം പോകാനുണ്ട് -മീനു പറഞ്ഞു.

മീനുവിന്‍റെ റെസിപ്പിയിൽ വിഭവങ്ങൾ തയാറാക്കാം

1. പീനട്ട് ലഡു


ചേരുവകൾ:

  • കപ്പലണ്ടി - 1 1/4 കപ്പ്
  • ഏലക്ക - 7 എണ്ണം
  • ശർക്കര - 1/2 കപ്പ് (പൊടിച്ചത്)

തയാറാക്കേണ്ടവിധം:

കപ്പലണ്ടി പാനിൽ നന്നായി വറുത്തെടുക്കുക. അത് ഒരു പ്ലെയ്റ്റിലേക്ക് മാറ്റി തണുപ്പിച്ചെടുക്കുക. കപ്പലണ്ടി തൊലികളഞ്ഞ് വൃത്തിയാക്കുക. 10 ഏലക്ക പൊടിച്ച് മാറ്റിവെക്കുക. മിക്സർ ഗ്രൈന്‍ററിൽ കപ്പലണ്ടി നന്നായി പൊടിച്ച് ഇതിലേക്ക് ഒരു സ്പൂൺ ഏലക്ക പൊടിയും ശർക്കരയും ചേർത്ത് മിക്സിയിൽ നന്നായി യോജിച്ചിച്ചെടുക്കുക. ഇത് പ്ലെയ്റ്റിലേക്ക് മാറ്റി ആവശ്യമുള്ള വലുപ്പത്തിൽ ഉരുളകളാക്കിയെടുക്കുക. പീനട്ട് ലഡു റെഡി.

2. പൈനാപ്പിൾ പായസം


ചേരുവകൾ:

  • പൈനാപ്പിൾ - 2 കപ്പ് (അരിഞ്ഞത്)
  • ശർക്കര - 350 ഗ്രാം
  • തേങ്ങ - 2 1/2 കപ്പ്
  • ഏലക്ക - 1 ടേബിൾ സ്പൂൺ (പൊടിച്ചത്)
  • നെയ്യ് - 3 ടേബിൾസ്പൂൺ
  • തേങ്ങാ കൊത്ത് - 2 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
  • അണ്ടിപ്പരിപ്പ് -ആവശ്യത്തിന്
  • കിസ്മിസ് -ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

കഷണങ്ങളാക്കിയ പൈനാപ്പിൾ മിക്സിയിൽ ചെറുതായി ക്രഷ് ചെയ്തെടുക്കുക. ചൂടാക്കിയ പാനിലേക്ക് 2 ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. നെയ്യ് ഉരുകിയ ശേഷം നേരത്തേ ക്രഷ് ചെയ്തുവെച്ച പൈനാപ്പിൾ ചേർക്കുക. നെയ്യിൽ ചൈനാപ്പിൾ നന്നായി വഴറ്റിയെടുക്കുക. ശർക്കര ഒരു കപ്പ് വെള്ളം ചേർത്ത് വെറൊരു പാനിൽ മീഡിയം ഫ്ലേമിൽ ഇട്ട് പാനിയാക്കി എടുക്കുക. വഴറ്റിയ പൈനാപ്പിളിലേക്ക് ഉരുക്കിയ ശർക്കര അരിച്ച് ഒഴിക്കുക. മീഡിയം ഫ്ലേമിൽ നന്നായി കുറുകി വരുന്നതു വരെ ഇളക്കുക. തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് തിളച്ച് പാകത്തിന് കുറുകി വരുമ്പോൾ ഒരു കപ്പ് കട്ടിയുള്ള ഒന്നാം പാൽ ഒഴിച്ച് ഇളക്കി യോജിപ്പിച്ചെടുക്കുക.

ഒന്നാം പാൽ ഒഴിച്ച ശേഷം തിളപ്പിക്കേണ്ട ആവശ്യമില്ല. ഒന്നു ചൂടായി വന്നാൽ മതി. ഏലക്ക പൊടിച്ചത് ചേർത്ത് ലോ ഫ്ലെയ്മിൽ ഇളക്കി യോജിപ്പിക്കുക. ചുക്ക് പൊടിച്ചത് വേണമെങ്കിൽ ചേർക്കാം. ചവ്വരിയുടെ ടേസ്റ്റ് ഇഷ്ടമുള്ള വർക്ക് വേവിച്ച ശേഷം അതും ചേർക്കാം. ഫ്ലയിം ഓഫാക്കി മാറ്റിവയ്ക്കുക. ചൂടായ മറ്റൊരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ഇതിലേക്ക് തേങ്ങാക്കൊത്ത് അരിഞ്ഞത് ചേർത്ത് ഗോൾഡൻ ബ്രൗൺ നിറം ആകുന്നതുവരെ ഇളക്കി വറുത്ത് മാറ്റിവെക്കുക. പാനിൽ അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ വറുത്തെടുക്കുക. റെഡിയാക്കി വച്ചിരിക്കുന്ന പായസത്തിലേക്ക് നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും കിസ്മിസും ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക.

Tags:    
News Summary - Meenu Stephan the Celebrity Vloger in UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.