തെളിനീർ ഒഴുക്കാൻ പദ്ധതികൾ വേണം !

1992ൽ ബ്രസീൽ റിയോവിൽ ചേർന്ന യു.എൻ കോൺഫറൻസ് ഓൺ എൻവിയോൺമെന്റ് ആന്റ് ഡെവലപ്പ്മെന്റ് (ഇൻസഡ്) ൽ ആണ് ലോക ജലദിനം എന്ന ആശയം നാന്നി കുറിക്കുന്നത്. 1993 മാർച്ച് 22 മുതൽ എല്ലാ വർഷവും ഇന്നെ ദിവസം ഐക്യരാഷ്ട്ര സഭ ലോക ജലദിനമായി ആചരിച്ച് പോരുന്നു.

ഓരോ വർഷവും ലോക ജലദിനത്തിൽ ഓരോ സന്ദേശങ്ങളാണ് ഐക്യരാഷ്ട്ര സഭ മുമ്പോട്ട് വെക്കുന്നത് 2022ലെ സന്ദേശം ഭൂഗർഭ ജല സംരക്ഷണമാണ്. നമ്മുടെ ഉപരിതല മണ്ണിന് കീഴെ ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന വിലമതിക്കാനാവാത്ത വിഭവമാണ് ഭൂഗർഭജലം. വലിയ തോതിലുള്ള ഭൂഗർഭ ജല വിനിയോഗം ഭൂമിയുടെ പാരിസ്തിക സന്തുലിതാവസ്തയെ താറുമാറാകി കൊണ്ടിരിക്കും. മേൽ മണ്ണിൽ ജലാംശത്തിന്റെ തോത് കുറയുകയും ഉപരിതല ജലം ഗണ്യമായിതന്നെ ഇല്ലാതാകുകയും കൊടുംവരൾച്ചക്ക് കാരണമാകുകയും ചെയ്യും. കുടിവെള്ളത്തിന് പുറമെ കൃഷി ആവശ്യങ്ങൾക്കും വ്യവസായാവശ്യങ്ങൾക്കും കുഴൽകിണറുകൾ വഴി ഭൂഗർഭ ജലം അമിതമായി ഉപയോഗിക്കുന്നത് ഇന്ന് സർവ സാധാരണമാണ്. ഇന്ത്യയിൽ കൃഷിക്ക് ഉപയോഗിക്കുന്ന 70 ശതമാനം ജലവും ഭൂഗർഭ ജലമാണ്.

കേരളത്തിലെ ജല സ്രോതസുകളുടെ ഏറ്റവും പുതിയ വിഭവ ഭൂപടം പരിശോധിച്ചാൽ നമുക്ക് മനസിലാക്കാൻ കഴിയുന്നത് കണ്ടൽ കാടുകളുടെ നശീകരണവും, തീരതടങ്ങൾ നശിപ്പിക്കൽ, നദികളുടെയും തോടുകളുടെയും തീരങ്ങളുടെ കൈയേറ്റം, നദികളുടെ ശോചനീയാവസ്ഥ, പശ്ചിമഘട്ട നശീകരണം, കുളങ്ങൾ കിണറുകൾ തോടുകൾ എന്നിവയുടെ തിരോധാനം എന്നിവ മൂലം ജലക്ഷാമം അപകടകരമാംവിധം വർധിച്ചു എന്നതാണ്. കേരളത്തിൽ നിലവിലുള്ള ഉപരിതല ജല സ്രോതസുകളായ നദികളും തോടുകളും കുളങ്ങളും മറ്റു തണ്ണീർ തടങ്ങളുടെയും സംരക്ഷണവും ക്യഷി വ്യാവസായിക ആവശ്യങ്ങൾക്ക് പരമാവധി ഉപരിതല ജലം ഉപയോഗപെടുത്തി അപകടകരമാംവിധത്തിലുള്ള ഭൂഗർഭ ജല വിതാന താഴ്ചയെ തടയുകയുമാണ് വേണ്ടത്.

ഇത്തരത്തിൽ അതി പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടതും മലിനീകരണം കൊണ്ടും കൈയേറ്റം കൊണ്ടും പാർശ ഭിത്തികളുടെ ഇടിച്ചിൽ കൊണ്ടും നശിച്ചു കൊണ്ടിരിക്കുന്ന കോഴിക്കോട് ജില്ലയിലെ മുക്കം മുൻസിപ്പാലിറ്റിയുടെയും ചാത്തമംഗലം പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന 6 കിലോമീറ്റർ നീളിൽ ഒഴുകുന്ന വട്ടോളിപ്പറമ്പ് - പുൽപ്പറമ്പ് ഇരുവഴിഞ്ഞിപ്പുഴ തോട്

മുക്കം മുൻസിപ്പാലിറ്റിയിലെ മുത്താലം വട്ടോളിപറമ്പിൽ നിന് ഉത്ഭവിച്ച് മണാശ്ശേരി, കുറ്റീരിമ്മൽ, പൊറ്റശ്ശേരി പുൽപ്പറമ്പ് വഴി ചാത്തമംഗലം പഞ്ചായത്തിന്റെ അതിർത്തി പങ്കിട്ട് ഇരുവഴിഞ്ഞിപ്പുഴയിൽ ചേരുന്നതാണ് 6 കിലോമീറ്റർ നീളമുള്ള ഈ തോട്. മുക്കം മുൻസിപ്പാലിറ്റിയിലെ പത്ത് ഡിവിഷനുകളിലെ (ഡിവിഷൻ - 20, 21, 22, 23, 24, 25, 26, 27,28,11) പ്രധാന ജലസേചന മാർഗമാണ് ഈ തോട്. ഈ തോട് കടന്ന് പോകുന്നതിനെ സമീപത്തുള്ള 200 ഹെക്ടറോളം കൃഷി ഭൂമിയിലെ കാർഷിക വിളകളും ആയിരത്തോളം കുടുംബങ്ങളുടെ കുടിവെള്ളവും ഈ തോടിലെ ജലലഭ്യതയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.

നിലവിൽ 200 ഹെക്ടറിൽ നെല്ല്, വാഴ, പച്ചക്കറികൾ, മറ്റു ഇടക്കാല വിളകളുമാണ് കൃഷി ചെയ്യുന്നത്. നേരത്തെ നെൽകൃഷി മാത്രം ചെയ്തു കൊണ്ടിരുന്ന വയലുകളായിരുന്നു ഇതെല്ലാം. കഴിഞ് 20 വർഷത്തോളമായി ജലലഭ്യത കുറഞ്ഞത് കൊണ്ട് നെൽകൃഷിയിൽ നിന്ന് മാറി കർഷകർ വാഴ, കമുങ്ങ് എന്നിവ കൃഷിചെയ്യാൻ തുടങ്ങി. വാഴകൃഷിയിലെയും, കവുങ്ങ് കൃഷിയിലെയും അമിതമായ രാസവളപ്രയോഗവും, രാസ കീടനാശിനി ഉപയോഗവും ഈ തോടിനെ അന്ത്യശ്വാസത്തിലേക്ക് നയിക്കുന്നത് കണ്ടപ്പോൾ

ഈ നാട്ടിലെ പരിസ്ഥിതി പ്രവർത്തകരുടെയും നെൽ കർഷക കൂട്ടായ്മയുടെയും കഠിന പരിശ്രമം കൊണ്ട് കഴിഞ്ഞ 3 വർഷങ്ങളായി നെൽകൃഷി തിരിച്ച് പിടിച്ച് കൊണ്ടിരിക്കുകയാണ്.

ഈ തോട്ടിൽ വർഷത്തിൽ ഏഴ് മാസം മാത്രമെ സുലഭമായി ജലം ലഭ്യമാവുന്നുള്ളു. ഈ കാലയളവിൽ തന്നെ ശക്തമായ മഴയിൽ വെള്ളം കുത്തി ഒലിച്ച് തോട്ടിന്റെ വശഭിത്തികൾ തകർന്ന് കൃഷിയിടത്തിലേക്ക് വെള്ളം കയറി കൃഷി നശിക്കൽ സർവ്വസാധാരണമാണ്. തോട്ടിൽ ജലലഭ്യത തീരെ കുറവായ 5 മാസങ്ങളിലും 200 ഹെക്ടർ കൃഷിഭൂമിയും 5 മാസവും തരിശിടാറാണ് പതിവ്. വർഷം മുഴുവൻ ജലലഭ്യത ഉറപ്പാക്കിയാൽ നിലവിൽ വർഷത്തിൽ ഒറ്റ തവണ മാത്രം നെൽകൃഷി ഇറക്കുന്നതിന് പകരം മൂന്ന് തവണ കൃഷി ഇറക്കാനും കാർഷികോത്പാദനം 3 ഇരട്ടി വർധിപ്പിക്കാനും കഴിയും. കൂടാതെ മുക്കം മുൻസിപ്പാലിറ്റിയിലെ 75 % വരുന്ന ജനങ്ങൾക്കും മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ കൊടും വരൾച്ചയെ പ്രതിരോധിക്കാൻ ജലലഭ്യത ഉറപ്പാക്കാനും ജലക്ഷ്യമത്തിന് ശാശ്വത പരിഹാരം കാണാനും കഴിയും.

തവവട്ടോളിപറമ്പ് - പുൽപറമ്പ് ഇരുവഴിഞ്ഞിപ്പുഴ തോട് ഇരുവഴിഞ്ഞിപ്പുഴയിലേക്ക് ചേരുന്ന ദർസി ഭാഗം മുതൽ ചക്കാലം കുന്ന് ഭാഗം വരെ 250 മീറ്ററോളം വർഷത്തിൽ 12 മാസവും സുലഭമായ ജലം ലഭിക്കാറുണ്ട്. ചാലിയാർ പുഴയിലെ കവണകല്ല് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ താഴ്ത്തുന്നത് കൊണ്ട് ചാലിയാറിലെയും, ഇരുവഴിഞ്ഞിപ്പുഴയിലേയും ജലനിരപ് ഉയിരിക്കുന്നത് കൊണ്ടാണ് തോടിന്റെ ഈ ഭാഗത്ത് ജലനിരപ്പ് വർഷം മുഴുവൻ ഉയർന്നിരിക്കാൻ കാരണമാവുന്നത്.

തോടിന്റെ ഈ ഭാഗം (പുൽപറമ്പ് - നായർ കുഴി റോഡിന്റെ) മുതൽ മുകളിലോട്ട് തോടിന്റെ ലവലിൽ ചെറിയ മാറ്റം വരുത്തി ആഴം വർധിപ്പിച്ചാൽ ഒരു യാന്ത്രിക ശക്തിയുടെ സഹായവും കൂടാതെ 2 കിലോമീറ്ററോളം പൊറ്റശ്ശേരി വരെ ഇരുവഴിഞ്ഞിപ്പുഴയിലെ ജല നിരപ്പിനെ എത്തിക്കാൻ കഴിയും. ഇവിടെ തടയണകൾ നിർമ്മിച്ച് ലിഫ്റ്റ് ഇറിഗേഷൻ വഴി രണ്ടോ മൂന്നോ സ്റ്റേജുകളിലായി തോടിന്റെ 6 കിലോമീറ്റർ ദൂരം വട്ടോളി പറമ്പ് വരെ പുൽപറമ്പ് ഇരുവഴിഞ്ഞിപ്പുഴയിലെ ജലം എത്തിക്കാൻ കഴിയും. കൂടാതെ തോടിന്റെ ഇരു ഭിത്തികളും കെട്ടി സംരക്ഷിക്കുക വഴി കാലവർഷ കാലത്ത് തോട്ടിലെ കുത്തൊഴുക്ക് വഴി ഉണ്ടാവുന്നു ഭിത്തി ഇടിയലും കൃഷി നാശവും ഇല്ലാതാക്കാനും തോടിന്റെ കൈയേറ്റങ്ങൾ തിരിച്ച് പിടിക്കാനും കഴിയും.

തോട് സംരക്ഷത്തിന്ന് വേണ്ടി നാട്ടുകാരുടെ കൂട്ടായ്മകളും എൻ.എസ്.എസ് വിദ്യാർഥികളും സ്റ്റുഡന്റ്സ് പൊലീസ് ടീമുകളും നാട്ടിലെ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും എല്ലാ വർഷങ്ങളിലും ജല നടത്തവും തടയണ നിർമാണങ്ങളും മാലിന്യ ശുചീകരണവും തോടിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കലും നടത്തി വരുന്നുണ്ട്. നാട്ടുകാരുടെ സഹകരണത്തോടെ തോടിന്റെ സർവെ നടപടികളും പൂർത്തിയാക്കിയതാണ്. സർക്കാറിലേക്ക് പലതവണയായി തോട് നവീകരണ പദ്ധതികൾ സമർപ്പിച്ച് കാത്തിരിക്കുകയാണ് ഈ നാട്ടുകാരും കർഷകരും.

തെളിനീരൊഴുക്കും നവകേരളം പദ്ധതികൾക്കായി കേരള സർക്കാർ ഒരുങ്ങുമ്പോൾ ലോക ജലദിനത്തിൽ വട്ടോളിപറമ്പ് - പുൽപറമ്പ് ഇരുവഴിഞ്ഞിപ്പുഴ തോട് നവീകരണം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഈ കുറിപ്പ് സമർപ്പിക്കുന്നു.

Tags:    
News Summary - World Water Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.