ഫാഷനിൽ ഉന്മാദരായി ലോകം; ഒപ്പം ഉയരുന്ന മലിനീകരണവും

ചേട്ടാ, ഓഫ് ഷോൾഡർ ടോപ്പുകളുണ്ടോ?, അതേ, ടോപ് ബെൽ സ്ലീവ് മതി, ഫ്ലോറൽ ടോപ്പുകളുണ്ടോ? ബെൽ സ്ലീവുള്ളതുണ്ടോ? ഡെനിമിന്‍റെ ഷർട്ട്? എന്തെല്ലാം തരം ട്രെന്‍റുകളാണ്! ഫാഷൻ രംഗത്തെ അതികായർ ഓരോ ആഴ്ചകളിലും ഓരോ പുതിയ ട്രെന്‍റുകൾ ഇറക്കാൻ മ‍ത്സരമാണ്. ട്രെന്‍റുകളിൽ കണ്ണുചിമ്മി നിങ്ങളുടെ വീട്ടിലെ അലമാരകൾ നിറഞ്ഞുകവിഞ്ഞിട്ടില്ലേ‍?

ഫാഷനോട് ഇന്ത്യക്കാർക്ക് അടങ്ങാത്ത ഭ്രമമാണ്. അതുപോലെ തന്നെ വലിച്ചെറിയപ്പെടുന്ന തുണിത്തരങ്ങളും. ആഗോളതലത്തിൽ ഇന്ത്യയുടെ ഫാഷൻ പ്രസ്താവനകൾക്ക് മികച്ച പ്രതികരണം കിട്ടുമ്പോഴും വസ്ത്രമാലിന്യം വേണ്ടവിധം കൈകാര്യം ചെയ്യപ്പെടാറില്ല. ഓരോ വർഷവും ഇന്ത്യ വലിച്ചെറിയുന്നത് ഒരു ദശലക്ഷം ടൺ വസ്ത്രമാലിന്യമാണ്-ഖരമാലിന്യത്തിൽ ഇന്ത്യയിൽ ഇത് മൂന്നാം സ്ഥാനം.


പഴകിയ തുണിത്തരങ്ങൾ മോഡിയാക്കി ആളുകളിലേക്ക് എത്തിക്കുവാൻ 'സീറോ വേസ്റ്റ്' എന്ന ആശയത്തിലൂന്നി മുംബൈയിൽ 'ആന്യ ഡിസൈൻസ്' തുടങ്ങിയ യുവസംരംഭകയാണ് നിത്യ ചന്ദ്രശേഖർ. നിത്യയെപ്പോലെ പല ഡിസൈനർമാരും ഇന്ന് ഈ ആശയം നടപ്പാക്കുന്നുണ്ട്.

"ആറോ ഏഴോ മീറ്റർ നീളം വരുന്നതാണ് ഒരു സാരി. ഉപയോഗിച്ചു മടുത്തു, അല്ലെങ്കിൽ ഇഷ്ടമല്ല എന്നുവെച്ച് വലിച്ചെറിഞ്ഞാൽ ഉണ്ടാകുന്ന മലിനീകരണം എത്ര വലുതാണ്, പുനരുപയോഗിക്കാൻ പാകത്തിനാക്കിയാൽ എത്ര കാലം ഉപയോഗിക്കാം" -നിത്യ ചോദിക്കുന്നു.

യു.എൻ പരിസ്ഥിതി സംഘടനയുടെ പ്രസ്താവന പ്രകാരം ആഗോള ഫാഷൻ വ്യവസായമാണ് ജലോപയോഗത്തിൽ രണ്ടാം സ്ഥാനത്ത്. ഒരു ജോഡി ജീൻസ് ഉണ്ടാക്കാൻ 3781 ലിറ്റർ ജലം വേണ്ടിവരുന്നുണ്ട്-ഒരു മനുഷ്യന് മൂന്ന് വർഷം കുടിക്കാനാവശ്യമായ വെള്ളത്തിന് തുല്യം!

കപ്പൽ വ്യവസായവും വ്യോമയാനവും ഒന്നിച്ച് പുറപ്പെടുവിക്കുന്ന ഹരിതഗൃഹവാതകത്തേക്കാൾ കൂടുതലാണ് വസ്ത്രവ്യാപാരമേഖല ഒറ്റക്ക് പുറന്തള്ളുന്നത്. ഓരോ വർഷവും ഫാ‍ഷൻ മേഖല ഉണ്ടാക്കുന്ന 53 ദശലക്ഷം ടൺ ഫൈബറുകളിൽ 70 ശതമാനവും പുറംതള്ളുകയാണ്. 2050 ഓടെ ഇത് 160 ദശലക്ഷം ടണ്ണുകളാകും എന്ന് യു.കെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എല്ലൻ മകാർതർ ഫൗണ്ടേഷൻ പറയുന്നു. പുറന്തള്ളപ്പെടുന്നതിന്‍റെ വെറും ഒരു ശതമാനം ഫൈബർ മാത്രമാണ് പുനരുപയോഗത്തിനെടുക്കുന്നത്.



ഫാസ്റ്റ് ഫാഷൻ ബ്രാൻഡുകൾ

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ തുണിത്തരമേഖലയുടെ സംഭാവന രണ്ട് ശതമാനമാണ്. 2018 ലെ കണക്കുപ്രകാരം ഒരാൾ പ്രതിവർഷം 3900 രൂപയാണ് വസ്ത്രത്തിനായി ചിലവാക്കിയിരുന്നതെങ്കിൽ 2023ൽ ഇത് 6,400 ആയി വർധിക്കുമെന്ന് ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സ് പറയുന്നു.

ലൈഫ് സ്റ്റൈൽ, ഫ്യൂച്ചർ ഗ്രൂപ്പ്, ആദിത്യ ബിർള തുടങ്ങിയ ഇന്ത്യയിലെ വമ്പൻ ബ്രാൻഡുകൾ ഉപഭോഗത്തിൽ സുസ്ഥിര-അസംസ്കൃത വസ്തുക്കളിലേക്ക് തിരിയുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഫാഷനോടുള്ള ആളുകളുടെ താത്പര്യം വർധിക്കുന്നത് തിരിച്ചടിയുണ്ടാക്കി.

വർഷത്തിൽ രണ്ട് തവണ മാത്രം പുതിയ ഫാഷൻ ആവിഷ്കരിച്ചിരുന്ന രീതി 2000ങ്ങളോടെ മാറി. അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകളായ സാറയും എച്ച് ആൻഡ് എമ്മും ഒരു വർഷം മാത്രം 52 ഫാഷൻ ഇനങ്ങൾ ഇറക്കിയതും ഈ പതിറ്റാണ്ട് സാക്ഷ്യം വഹിച്ചിട്ടുണ്ട്.


ഇവരുടെ രംഗപ്രവേശനത്തോടെ ഫാഷൻ മേഖല ത്വരിതഗതിയിൽ (ഫാസ്റ്റ് ഫാഷൻ) ആയിമാറി. വസ്ത്രധാരണത്തിൽ തുടർച്ചയായി പുതുമ വേണമെന്ന തെറ്റിദ്ധരിപ്പിക്കലാണ് ഫാസ്റ്റ് ഫാഷൻ മുന്നോട്ടുവെക്കുന്ന ആശയം. വസ്ത്രങ്ങളുടെ അതിപ്രസരവും ഗുണനിലവാരക്കുറവും പരിസ്ഥിതി മലിനീകരണവും കൂട്ടുകയാണ്.

ഗുചി, എച്ച് ആൻഡ് എം തുടങ്ങിയ ബ്രാൻഡുകൾ നൈലോൺ, അക്രിലിക്, ഇലാസ്റ്റേൻ എന്നിവയാണ് വസ്ത്രനിർമാണത്തിനായി ഉപയോഗിക്കുന്നത്. 165 ഓളം ഫാസ്റ്റ് ഫാഷൻ ബ്രാൻഡുകൾ വസ്ത്രമേഖലയിൽ ഗുരുതര പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. താരതമ്യേന കൂടുതൽ മാലിന്യം ഉണ്ടാകുന്നത് ഫാക്റ്ററി നിലങ്ങളിൽ നിന്നുമാണ്, സി കൈനറ്റിക്സ് അസോസിയേറ്റ് ഡയറക്റ്റർ രേഖ റാവത് പറയുന്നു.

"ഫാസ്റ്റ് ഫാഷന്‍റെ വരവോടുകൂടി ആളുകൾ ദീർഘനാൾ നിൽക്കുന്ന തുണിത്തരങ്ങൾ വാങ്ങുന്നത് വളരെ കുറച്ചിട്ടുണ്ട്. ഓരോ ദിവസത്തെയും ഫാഷനനുസരിച്ച് പുതിയവ മേടിക്കുന്നു, ഉപേക്ഷിക്കുന്നു," റാവത് കൂട്ടിച്ചേർത്തു.

Tags:    
News Summary - By creating a false demand for fresh looks, fast fashion is hurting the environment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.