തമിഴ് സിനിമക്കിത് സുവർണ്ണ വർഷം; ബോക്സോഫീസിൽ ആധിപത്യം സ്ഥാപിച്ച് കോളിവുഡ്

തമിഴ് സിനിമാ ലോകത്തിന് കഴിഞ്ഞ വർഷം വലിയ നിരാശയുടേതായിരുന്നുവെങ്കിൽ, 2026 തികച്ചും വ്യത്യസ്തമായ ഒരു ചരിത്രമാണ് രചിച്ചിരിക്കുന്നത്. വമ്പൻ താരപ്പൊലിമയുള്ള ചിത്രങ്ങൾക്കൊപ്പം തന്നെ പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലർത്തിയ ചെറിയ സിനിമകളും ബോക്സോഫീസിൽ വൻ വിജയങ്ങൾ നേടുകയുണ്ടായി. ഒരേസമയം സൂപ്പർതാരങ്ങളുടെ ആക്ഷൻ ചിത്രങ്ങളും സ്ത്രീ കേന്ദ്രീകൃതമായ കഥകളും ഒരുപോലെ സ്വീകാര്യത നേടിയ വർഷമാണിത്. റീറിലീസുകൾ മാത്രം കൊട്ടക കയ്യടക്കിവെച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു തമിഴ് സിനിമക്ക്. വമ്പൻ താരങ്ങളുടെയടക്കം സിനിമകൾ കൂപ്പുകുത്തി വീണ സമയം. പ്രമേയത്തിലും ആഖ്യാനത്തിലും കൊണ്ടുവന്ന പുതുമകൾ കൊണ്ടും മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും തമിഴ് സിനിമ പഴയ ആധിപത്യം തിരിച്ചു പിടിച്ചിരിക്കുകയാണ്.

ഈ വർഷം തമിഴ് സിനിമാപ്രേമികൾ ഏറ്റവും അധികം ഏറ്റെടുത്തത് സാധാരണക്കാരുടെ ജീവിതവും പുതിയ പരീക്ഷണങ്ങളുമാണ്. ശിവകുമാർ മുരുകൻ സംവിധാനം ചെയ്ത തായ് കിഴവി എന്ന ചിത്രം ഇതിന് മികച്ച ഉദാഹരണമാണ്. മുതിർന്ന ഒരു സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കി എത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. രാധിക ശരത്കുമാർ നടത്തിയ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. പരമ്പരാഗത നായകസങ്കൽപ്പങ്ങളെയും റൊമാൻസ് ഫോർമുലകളെയും മാറ്റിനിർത്തിക്കൊണ്ട് ശക്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രം സമ്മാനിച്ചത്.

മദൻ സംവിധാനം ചെയ്ത വിത് ലവ്, വിവാഹാലോചനകളിലെ ആശങ്കകളെ നർമ്മത്തിലൂടെ അവതരിപ്പിച്ച രാജാ കരുപ്പസാമിയുടെ മൊധ രാത്രി തുടങ്ങിയ ചെറിയ ചിത്രങ്ങളും മികച്ച അഭിപ്രായം നേടി മുന്നേറി. ബാലാജി തരണിധരന്റെ ബത്ത തിയേറ്ററുകളിലും ഒടിടിയിലും പ്രശംസ നേടി. വിജയ് സേതുപതിയുടെ അഭിനയ മികവും ചിത്രത്തിന് മുതൽക്കൂട്ടായി.

വൻ താരനിര അണിനിരന്ന ചിത്രങ്ങളും ബോക്സോഫീസിൽ റെക്കോർഡുകൾ ഭേദിച്ചു. രജനീകാന്ത് നായകനായ ജയിലർ 2 900 കോടിയിലധികം രൂപയാണ് കലക്ഷൻ വാരിക്കൂട്ടിയത്. ടൈഗർ മുത്തുവേൽ പാണ്ഡ്യന്റെ തിരിച്ചുവരവ് തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറി.

സൂര്യയുടെ കറുപ്പ് ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ നിന്ന് 300 കോടിയിലധികം രൂപ നേടി വലിയ വാണിജ്യ വിജയമായി. വെങ്കട് അറ്റ്ലിയുടെ സംവിധാനത്തിലെത്തിയ വിശ്വനാഥ് ആൻഡ് സൺസ്, സൂരി നായകനായ മാതിമാരന്റെ മണ്ടാടി എന്നിവയും ശ്രദ്ധേയമായി. വിജയ് നായകനായ ജന നായകൻ റിലീസിന് മുമ്പുള്ള വിവാദങ്ങൾക്കും ചോർച്ചക്കും ഇടയിലും 300 കോടിയിലധികം കലക്ഷൻ നേടി.

തമിഴ് സിനിമയിലെ നായക സങ്കൽപ്പങ്ങളിലും വലിയ മാറ്റങ്ങളുണ്ടായ വർഷമാണ് 2026. സൂര്യ താൻ ഇതുവരെ പുലർത്തിയിരുന്ന സ്ഥിരം പ്രതിച്ഛായയിൽ നിന്ന് മാറി വ്യത്യസ്തവും പക്വതയുള്ളതുമായ കഥാപാത്രങ്ങളെ തിരഞ്ഞെടുത്തു. ലോകേഷ് കനകരാജ് കാമറക്ക് മുന്നിലെത്തിയ ഡിസി എന്ന ചിത്രവും റിഷികാന്ത്, സനന്ത് എന്നിവർ പ്രധാന വേഷത്തിലെത്തിയ ദൊറോത്തിയും പരമ്പരാഗത പുരുഷത്വ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു.

ഈ വർഷം നടിമാർക്ക് വെറും അതിഥി വേഷങ്ങളല്ല, മറിച്ച് കഥയെ മുന്നോട്ട് നയിക്കുന്ന ശക്തമായ വേഷങ്ങളാണ് ലഭിച്ചത്. തായ് കിഴവിയിലെ രാധിക ശരത്കുമാറിന്‍റെ കഥാപാത്രവും അവരുടെ അഭിനയവും സിനിമയുടെ ഓരോ മിടുപ്പിലും പ്രകടമായി. അത്രമേൽ മനോഹരമായാണ് രാധിക ശരത്കുമാർ ആ കഥാപാത്രത്തെ കൈകാര്യം ചെയ്തത്. കീർത്തി സുരേഷ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ദൊറോത്തിയും ഒന്നിനൊന്ന് മികച്ചതായിരുന്നു. നൂറു സ്വാമിയിലെ അമ്മയുടെ വേഷത്തിൽ ശക്തമായ പ്രകടനം കാഴ്ചവെക്കാൻ സ്വാസികക്കും കഴിഞ്ഞു.

ഈ വർഷത്തെ ചിത്രങ്ങളുടെ വിജയത്തിൽ സംഗീതവും നിർണ്ണായക പങ്ക് വഹിച്ചു. ഇളയരാജയുടെ മാസ്മരിക സംഗീതം ദൊറോത്തി എന്ന ചിത്രത്തെ വേറിട്ടുനിർത്തി. അനിരുദ്ധ് രവിചന്ദർ ജയിലർ 2, ഡിസി എന്നീ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ സംഗീത ശൈലികൾ പരീക്ഷിച്ചു. സായ് അഭ്യങ്കറിന്റെ സംഗീതവും കറുപ്പ്, ബത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ പ്രശംസ നേടി. ചുരുക്കത്തിൽ, വമ്പൻ ബജറ്റ് ചിത്രങ്ങൾക്കും ചെറിയ പരീക്ഷണ ചിത്രങ്ങൾക്കും ഒരുപോലെ ഇടം നൽകിക്കൊണ്ട് തമിഴ് സിനിമാലോകം 2026-നെ തങ്ങളുടെ സുവർണ്ണ വർഷമാക്കി മാറ്റിയിരിക്കുകയാണ്. 

Tags:    
News Summary - Tamil cinema in 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.