ടൊറന്റോ ചലച്ചിത്രമേളയിൽ ഇടം നേടി 'ഡിക്കോഡിങ് ശങ്കർ'

മുംബൈ: ശങ്കർ മഹാദേവന്റെ സംഗീതജീവിതം പകർത്തി ദീപ്തി പിള്ള ശിവൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി 'ഡികോഡിങ് ശങ്കർ' ടൊറന്റോ രാജ്യാന്തര വനിതാ ചലച്ചിത്രമേളയിൽ. സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുന്ന മേളയിലെ മത്സരവിഭാഗത്തിലെക്കാണ് ഡോക്യുമെന്ററി തിരഞ്ഞെടുത്തത്. നേരത്തെ ദക്ഷിണകൊറിയ, ജർമനി, സ്പെയിൻ, സ്വീഡൻ രാജ്യാന്തര ചലച്ചിത്രമേളകളിലും ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ പനോരമ വിഭാഗത്തിലും പ്രദർശിപ്പിച്ചിരുന്നു.

Full View

പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റിനു വേണ്ടി രാജീവ് മെഹരോത്രയാണ് 45 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമ്മിച്ചത്. ഗായകൻ, സംഗീതജ്ഞൻ, അധ്യാപകൻ, കുടുംബനാഥൻ, ഭക്ഷണപ്രിയൻ എന്നീ വേഷങ്ങൾക്കിടയിലെ ശങ്കർ മഹാദേവന്റെ ജീവിത താളമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. സരസമായി ശങ്കർ മഹാദേവൻ തന്നെയാണ് സംഗീത ജീവിതം പറഞ്ഞു തരുന്നത്. അമിതാഭ് ബച്ചൻ, ഗുൽസാർ, ജാവേദ് അക്തർ, ആമിർ ഖാൻ തുടങ്ങിയ പ്രമുഖരും ശങ്കർ മഹാദേവനിലെ പ്രതിഭയെ കുറിച്ച് വിലയിരുത്തുന്നുമുണ്ട്.

നേരത്തെ വിവിധ ഡോക്യുമെന്ററി, സിനിമാ നിർമാണത്തിൽ ഭാഗമായിരുന്നുവെങ്കിലും ദീപ്തി സംവിധാനം ചെയ്ത ആദ്യ ഡോക്യുമെന്ററിയാണ് 'ഡി കോഡിങ് ശങ്കർ'. പ്രശസ്ത സംവിധായകൻ സഞ്ജീവ് ശിവന്റെ ഭാര്യയാണ്. കളിപ്പാട്ടം, മൂന്നിലൊന്ന് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിലവിൽ സീ നെറ്റ്‌വർക്കിന്റെ ബിസിനസ് ഹെഡ് ആണ് ദീപ്തി.



 

Tags:    
News Summary - Decoding Shankar, Deepti Pillay Sivan, Toronto Film Festival, Anirban Bhattacharya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.