ഒരു ജീവിക്ക് മനുഷ്യശരീരത്തിൽ എന്തെല്ലാം ചെയ്യാൻ കഴിയും!' മക്ഷിക'- ഹ്രസ്വചിത്രം

ള്ള് രാമേന്ദ്രന്‍, കുടുക്ക് 2025 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബിലഹരിയുടെ നേതൃത്വത്തിൽ പുറത്ത് വന്ന പുതിയ ഹ്രസ്വചിത്രമാണ് മക്ഷിക. തേനീച്ച എന്നർത്ഥം വരുന്ന മക്ഷികയുടെ പേര് സൂചിപ്പിക്കുന്നത് പോലെതന്നെ ഭൂതകാലത്തിലെ നിഗൂഢതകളെയും രഹസ്യങ്ങളെയും വെളിപ്പെടുത്തുന്ന ഒരു തേനീച്ചയുടെ കഥ തന്നെയാണ് ചിത്രം പറയുന്നത്.

സ്വന്തം വീട്ടിനകത്തു മകളുടെയത്ര തന്റേടം ആർക്കുമില്ലെന്നോർത്തു അഭിമാനിക്കുന്ന ഒരമ്മയും, ആ തന്റേടത്തിനും മനക്കരുത്തിനും പുറകിലെ കാരണമായി മറ്റാരുമറിയാത്ത നിഗൂഢ രഹസ്യങ്ങൾ പേറുന്ന ഒരു മകളുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. അവർ തമ്മിലുള്ള മുഴുനീള സംഭാഷണം തന്നെയാണ് ആദ്യാവസാനം വരെയും ചിത്രം. പാഴ്ജന്തുക്കളെ കൊന്നു ശീലമാക്കിയവളാണ് അമ്മ. മകൾ അതിനെ ചോദ്യം ചെയ്തു കൊണ്ടാണ് കഥയിലേക്ക് കടക്കുന്നത്.

സ്വന്തം ജീവൻ നിലനിർത്താൻ അതിനായി ആർക്കും എന്തും ചെയ്യാം. ആരെയും കൊന്നൊടുക്കാം. സ്വന്തം ആത്മസംതൃപ്തിക്കും നിലനിൽപ്പിനു വേണ്ടി ചെയ്യുന്ന അത്തരം കാര്യങ്ങളെ വളച്ചൊടിക്കുന്നയിടത്താണ് മനുഷ്യർ ഏറ്റവും കാപട്യം നിറഞ്ഞവരാകുന്നത്. ആ കാപട്യത്തെ കുറിച്ച് ചിത്രം പറഞ്ഞുവെക്കുന്നത് അമ്മയും മകളും, പെരുങ്ങാണ്ടി, മക്ഷിക എന്നിങ്ങനെയുള്ള മൂന്ന് ചാപ്റ്ററുകളായിട്ടാണ്. ആ മൂന്ന് ചാപ്റ്ററുകൾ അടയാളപ്പെടുത്തിയിരിക്കുന്നതാകട്ടെ കിങ് ലിയർ, ഹാംലെറ്റ്, മാക്ബത്ത് എന്നിവരുടെ മഹത്തരമായ വചനങ്ങളിലൂടെയും. അജ്ഞാതമായ പൂക്കളുടെ തേൻ തേടുന്ന ‘മക്ഷിക’യെ പോലെ അജ്ഞാതമായ മനുഷ്യരെ തിരഞ്ഞു പിടിച്ചു അവരുടെ ആത്മാവ് കവർന്നെടുക്കുന്ന ഈ മക്ഷിക പ്രേക്ഷകരെ കൂടുതൽ ചിന്തിപ്പിക്കുന്നു. മറ്റു ജന്തുക്കളെ പേടിക്കേണ്ട എന്നുള്ള മനുഷ്യന്റെ നേട്ടം തിരിച്ചറിയുന്ന ഒരു പാഴ്ജന്തുവിന് , ഒരു മനുഷ്യശരീരത്തിൽ എന്തെല്ലാം ചെയ്യാൻ കഴിയും എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് മക്ഷിക.

ചിത്രത്തിലെ അമ്മയായി എത്തുന്നത് ബിന്ദു പണിക്കരാണ്. 'മൂക്കുത്തി', 'ദേവിക പ്ലസ്‌ 2 ബയോളജി' തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെയും തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെയും ശ്രദ്ധേയയായ ശ്രീരഞ്ജിനിയാണ് മകളായി എത്തുന്നത്. ആരോഗ്യ പ്രശ്നങ്ങളും , ഭീതിയും, വേവലാതിയും, ജീവൻ മരണ പോരാട്ടവും വരെ ബിന്ദു പണിക്കർ അസാമാന്യമായ രീതിയിലാണ് അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത്. ഒരുപക്ഷേ റോഷാർക്ക് എന്ന ചിത്രത്തിനു ശേഷം തന്റെ അഭിനയം കൊണ്ട് പ്രേക്ഷകരെ ബിന്ദു പണിക്കർ അത്ഭുതപ്പെടുത്തിയ മറ്റൊരു ചിത്രമാണ് മക്ഷിക എന്നുവേണം പറയാൻ. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൈനാ മൂവീസിന്റെ ബാനറില്‍ ആഷിക് ബാവയാണ്. ബിലഹരിയുടെ 'തുടരും' ഷോര്‍ട്ട് ഫിലിം സീരീസിന് തിരക്കഥ രചിച്ച ശ്യാം നാരായണന്‍ ടി.കെ.യാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വെറും 20 മിനിറ്റിനുള്ളിൽ പറഞ്ഞു തീർത്ത മിസ്റ്ററി ഹൊറർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിചിത്രം എന്ന സിനിമയുടെ ഛായാഗ്രാഹകനായ അര്‍ജുന്‍ ബാലകൃഷ്ണനാണ്. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ടെൻഷനും ത്രില്ലും ഒരുപോലെ അനുഭവിപ്പിച്ച ചിത്രത്തിൽ എടുത്തുപറയേണ്ട ഒന്നാണ് ബാക്ക്ഗ്രൗണ്ട് സ്കോർ. കുടുക്ക് 2025'ലെ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഭൂമിയാണ് ചിത്രത്തിന്റെ ഈ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ബിലഹരി തന്നെയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തെ കൂടുതൽ ത്രില്ലിംഗ് ആക്കുവാൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന പങ്കും വലുതാണ്. ഈ ഹ്രസ്വചിത്രം കാണാത്തവർ തീർച്ചയായും ഒന്ന് കണ്ടു നോക്കണം.

Tags:    
News Summary - Bindu Panicker and Sree Renjini Starring Makshika Short Film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.