സൗരയൂഥത്തിൽ വിടർന്ന കല്യാണ സൗഗന്ധികം...

ലയാളത്തിൽ പാടിയ ആദ്യത്തെ പാട്ടിലെ ആദ്യത്തെ വരികൾ പോലെയായിരുന്നു മലയാളികൾക്ക് വാണി ജയറാം എന്ന ഗായിക -സൗരയൂഥത്തിൽ വിടർന്ന കല്യാണ സൗഗന്ധികം... 1973ൽ പുറത്തിറങ്ങിയ സ്വപ്നം എന്ന ചിത്രത്തിലെ 'സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമി...' എന്ന പാട്ടിലൂടെയാണ് വാണി ജയറാം മലയാളത്തിലെത്തുന്നത്. സലിൽ ചൗധരിയുടെ സംഗീത സംവിധാനത്തിലായിരുന്നു പാട്ട്. വരികൾ ഒ.എൻ.വി കുറുപ്പിന്‍റെയും. ആദ്യത്തെ പാട്ടിലൂടെ തന്നെ വാണിയുടെ ശബ്ദം മലയാള ആസ്വാദകരുടെ ഹൃദയത്തിലേക്ക് ഇറങ്ങി.

മലയാളത്തിലേക്ക് ആദ്യമായി വന്നതിനെ കുറിച്ച് വാണി ജയറാം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഗുഡ്ഡിയിലെ 'ബോലേ രേ പപ്പി ഹരാ' എന്ന പാട്ടിലൂടെ ഏറെ പ്രശസ്തിയിലായിരുന്നു അന്നവർ. 1973 ഫെബ്രുവരിയിലാണ് കേരളത്തിൽ നിന്ന് സ്വപ്നം സിനിമയുടെ പ്രൊഡ്യൂസർ സിനിമയിലേക്ക് പാടാൻ വിളിച്ചത്. സലിൽ ചൗധരിയാണ് സംഗീത സംവിധാനമെന്ന് കേട്ടതും വാണി പാടാൻ സമ്മതംമൂളി. ഒ.എൻ.വി കുറുപ്പ് അന്ന് സർക്കാർ സർവിസിലായിരുന്നതിനാൽ ബാലമുരളി എന്ന പേരിലാണ് പാട്ടെഴുതിയിരുന്നത്.

'സൗരയൂഥത്തിൽ വിടർന്നോരു കല്യാണ- സൗഗന്ധികമാണീ ഭൂമീ - അതിൻ, സൗവർണ്ണപരാഗമാണോമനേ നീ, അതിൻ സൗരഭമാണെന്റെ സ്വപ്നം' എന്ന മനോഹര ഗാനം സൂപ്പർ ഹിറ്റായി. പിന്നീട് സലിൽ ചൗധരിയുടെ നെല്ല് എന്ന ചിത്രത്തിലൊഴികെ മറ്റെല്ലാം മലയാള ചിത്രത്തിലും വാണിയുടെ പാട്ടുകളുണ്ടായിരുന്നു.

 

ചിത്രവർണ്ണ പുഷ്പജാലമൊരുക്കിവെച്ചൂ (അയലത്തെ സുന്ദരി), വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി (പിക്നിക്), നാടൻപാട്ടിലെ മൈന (രാഗം), തിരുവോണപ്പുലരിതൻ (തിരുവോണം), ആഷാഢമാസം ആത്മാവിൽ മോഹം (യുദ്ധഭൂമി), സീമന്തരേഖയിൽ ചന്ദനം ചാർത്തിയ (ആശീർവാദം), ഏതോ ജന്മകൽപനയിൽ (പാളങ്ങൾ), മനസ്സിൻ മടിയിലെ മാന്തളിരിൻ (മാനത്തെ വെള്ളിത്തേര്) തുടങ്ങി അനവധിയായ ഹിറ്റ് ഗാനങ്ങൾ പിറന്നു.

ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളാണ് മലയാളത്തിൽ വാണി ജയറാം കൂടുതലും പാടിയത്. അന്ന് വയലാർ-ദേവരാജൻ-പി. സുശീല ടീം പോലെ, ശ്രീകുമാരൻ തമ്പി-അർജുനൻ മാഷ്-വാണി ജയറാം ടീമും മലയാള സിനിമ സംഗീത മേഖലയിലുണ്ടായി.

ഏറെക്കാലത്തെ ഇടവേളക്ക് ശേഷം 2014ൽ '1983' എന്ന ചിത്രത്തിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ പി. ജയചന്ദ്രനൊപ്പം 'ഓലഞ്ഞാലി കുരുവി...' എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വാണി ജയറാം മലയാളത്തിലേക്ക് മടങ്ങി വന്നത്. കേരളം എന്നെ മറന്നിട്ടില്ല എന്നതിന് തെളിവായിരുന്നു ആ ഗാനമെന്ന് വാണി ജയറാം പറഞ്ഞിരുന്നു. മലയാളത്തിൽ എപ്പോൾ വിളിച്ചാലും പാടാൻ റെഡിയായിരുന്നു വാണി ജയറാം.

പുലിമുരുകനിലെ 'മാനത്തെ മാരിക്കുറുമ്പേ...', ആക്ഷൻ ഹീറോ ബിജുവിലെ 'പൂക്കൾ പനിനീർ പൂക്കൾ...', ക്യാപ്റ്റനിലെ 'പെയ്തലിഞ്ഞ നിമിഷം' തുടങ്ങി അവസാന കാലത്തും വാണി ജയറാം പാടിയ പാട്ടുകൾ ആസ്വാദകർ ഏറ്റെടുത്തു. 

Tags:    
News Summary - famous singer Vani Jayaram passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT