ഖത്തർ ഫിലാർമോണിക് ഓർക്കസ്ട്ര സംഘം

കൗമാരത്തുടിപ്പിൽ അറേബ്യൻ ഈണം

ഖത്തറിലും അറബ് ലോകത്തും അറബ്, പാശ്ചാത്യ സംഗീതത്തിന്റെ അല​െയാലികൾ തീർത്ത ഖത്തർ ഫിലാർമോണിക് ഓർക്കസ്ട്രയെന്ന സ്ഥാപനം പിറവി കൊണ്ടിട്ട് 15 വർഷം പൂർത്തിയാകുകയാണ്. 2007ൽ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ശൈഖ മൗസ ബിൻത് നാസർ അൽ മിസ്‌നദ് ആണ് ഖത്തർ ഫിലാർമോണിക് ഓർക്കസ്ട്ര സ്ഥാപിച്ചത്. യൂറോപ്യൻ, അറബ് രാജ്യങ്ങളിൽ നടന്ന ഓഡിഷനുകളിലൂടെ അന്താരാഷ്ട്ര സംഗീത പ്രൊഫഷനലുകളുടെ ജൂറിയാണ് 101 സംഗീതജ്ഞരടങ്ങുന്ന ഓർക്കസ്ട്രയെ തെരഞ്ഞെടുത്തത്. 2008 ഒക്ടോബർ 30ന് ലോറിൻ മാസൽ സംഘടിപ്പിച്ച പരിപാടിയിലൂടെ ഫിലാർമോണിക് ഓർക്കസ്ട്ര അതിന്റെ കന്നി സംഗീത കച്ചേരി നടത്തി.

അറബ് മേഖലയിൽ സിംഫണിക് സംഗീതത്തിന്റെ വിത്ത് പാകിക്കൊണ്ട് ഫിലാർമോണിക് യാത്ര തുടരുമ്പോൾ ലോകമെമ്പാടുമുള്ള സംഗീതത്തിനുള്ള വേദി കൂടിയായി ഖത്തർ ഫിലാർമോണിക് ഓർകസ്ട്ര മാറി. അറബ് ലോകത്തെ പുതിയതും കഴിവുതെളിയിച്ചവരുമായ സംഗീത സംവിധായകർ, സോളോയിസ്റ്റുകൾ, കണ്ടക്ടർമാർ എന്നിവരെ ഹോസ്റ്റ് ചെയ്യുകയെന്നത് ഫിലാർമോണിക് പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമായി വർത്തിക്കുന്നു.

2010 ഡിസംബറിൽ മാർസെൽ ഖലീഫയുടെ റബാബെ കൺസേർട്ടോയുടെ ലോക പ്രീമിയറോടെ ആരംഭിച്ച കതാറ ഓപ്പറ ഹൗസിൽ പ്രതിവർഷം ശരാശരി നാൽപതോളം വ്യത്യസ്ത പരിപാടികളാണ് ഖത്തർ ഫിലാർമോണിക് ഓർകസ്ട്രക്ക് കീഴിൽ നടക്കുന്നത്. ഫിലാർമോണിക്കിന്റെ ലോക പര്യടനത്തിൽ 2014ലെ ലണ്ടൻ റോയൽ ആൽബർട്ട് ഹാളിലെ ബി.ബി.സി പ്രോഗ്രാമും ഉൾപ്പെടും. റോമിലെ സാന്താ സിസിലിയ ഹാൾ, വാഷിങ്ടണിലെ കെന്നടി സെൻറർ, മിലാനിലെ ടീട്രോ അല്ല സ്‌കാല, പാരിസിലെ തിയറ്റർ ഡെസ് ചാംപ്‌സ്-എലിസീസ്, ഒപെകിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് വിയനയിലെ കോൺസെർതൗസ്, ഡമസ്‌കസിലെ സിറിയൻ ഓപറ ഹൗസ് എന്നിവിടങ്ങളിലെ പരിപാടികളും ശ്രദ്ധേയമായിരുന്നു.

15ാം വാർഷിക പരിപാടിയുടെ പ്രചാരണ പോസ്​റ്റർ

യു.എൻ ജനറൽ അസംബ്ലിയിലെ പ്രകടനവും, കതാറ കൾച്ചറൽ വില്ലേജിലെ ആംഫി തിയറ്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വാംഗലിസിന്റെ സംഗീതത്തിൽ ഏഞ്ചല ഗിയോർജിയുവിന്റെയും റോബർട്ടോ അലഗ്നയുടെയും ശബ്ദത്തോടെ നടത്തിയ പരിപാടിയും ഖത്തർ ഫിലാർമോണിക് ഓർകസ്ട്രയുടെ പ്രധാന പരിപാടികളിൽ ഉൾപ്പെടുന്നു.

ഖത്തർ ഫിലാർമോണിക് ഓർകസ്ട്ര 15ാം വാർഷികം വൈവിധ്യമാർന്ന സംഗീത പരിപാടികളോടെ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. ഒക്ടോബർ 26 മുതൽ 28 വരെ നടക്കുന്ന ത്രിദിന സംഗീതോത്സവം ഖത്തർ ഫിലാർമോണിക് ഓർക്കസ്ട്രയുടെ കഴിവും വൈവിധ്യവും സംഗീത പ്രേമികൾക്ക് മുന്നിൽ പ്രദർശിപ്പിക്കും.മൊസാർട്ട്-എ മ്യൂസിക്കൽ സിറ്റ്‌കോം എന്ന തലക്കെട്ടോടെ കുടുംബ സൗഹൃദ സംഗീതക്കച്ചേരിയോടെയാണ് സംഗീതോത്സവം ആരംഭിക്കുന്നത്. ഓർകസ്ട്രയുടെ സിനിമൂൺ സംഘവും വിശിഷ്ടാതിഥികളും സംഗീത സാമ്രാട്ടായ മൊസാർട്ടിന്റെ കാലഘട്ടത്തിലെ ആധികാരിക വേഷവിധാനങ്ങളോടെ കഥാപാത്രങ്ങളായി രംഗത്തെത്തുമ്പോൾ അതുല്യമായ ഈ സംഗീതാനുഭവം പ്രേക്ഷകരെ 18ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകും.

2019ൽ ആദ്യമായി മൊസാർട്ട്-എ മ്യൂസിക്കൽ സിറ്റ്‌കോം കുട്ടികളിലും മുതിർന്നവരിലും കൈയടി നേടി മികച്ച വിജയമായിരുന്നു. സിനിമൂൺ എൻസെംബിളിന്റെ സ്ഥാപകനും ആർട്ടിസ്റ്റിക് ഡയറക്ടറുമായ മെർവ് കെനറ്റ് ബുലുൻ, സംഗീതക്കച്ചേരിയുടെ തിരിച്ചുവരവിൽ സന്തോഷം രേഖപ്പെടുത്തി.

ബറാക് കോർട്ടുകളിൽനിന്നുള്ള സംഗീതം എന്ന തലക്കെട്ടിൽ ഒക്ടോബർ 27ന് നടക്കുന്ന പരിപാടിയിൽ, ബാച്ച്, ഹാൻഡൽ, ലുലി, കോറെലി തുടങ്ങിയ ലോക പ്രശസ്ത യൂറോപ്യൻ ബറോക് സംഗീതജ്ഞരുടെ രചനകൾ അവതരിപ്പിക്കും. ഒബോയിസ്റ്റ് ജർമൻ ഡയസ് ബ്ലാങ്കോ, ബാസൂണിസ്റ്റ് ഡാനിയൽ ഹ്രിന്ദ, ഖത്തർ കൺസേർട്ട് ക്വയർ തുടങ്ങിയ പ്രഗത്ഭരായ സംഗീതജ്ഞർക്കൊപ്പം ക്യു.പി.ഒയുടെ ഖത്തർ ബറോക് എൻസെംബിൾ പരിപാടിക്ക് ജീവൻ നൽകും. കിസ്റ്റോഫ് ടീച്ച്‌നർ വായിക്കുന്ന ഹാർപ്‌സിക്കോർഡിന്റെ ആകർഷകമായ ശബ്ദങ്ങൾ ഈ സംഗീത യാത്രക്ക് ഊർജംപകരും. ഒക്ടോബർ 27ന് തന്നെ മ്യൂസിക് ഫ്രം മിഡിലീസ്റ്റ് എന്ന തലക്കെട്ടിലുള്ള സംഗീതക്കച്ചേരിയും നടക്കും.

മിഡിലീസ്റ്റിലെ പ്രശസ്തരായ സംഗീതജ്ഞരുടെ ഒത്തുചേരലിനും ഇവിടെ വേദിയാകും. ലെബനീസ് സംഗീത സംവിധായകൻ മാർസർ ഖലീഫ്, ക്യു.പി.ഒ ഡെപ്യൂട്ടി എക്‌സി. ഡയറക്ടർ ഡോ. നാസർ സാഹിം, സിംഫണിക് ആർട്ടിസ്റ്റ് ദാന അൽ ഫർദാൻ, സംഗീത സംവിധായകൻ വാഇൽ ബിൻ അലി, സംഗീത സംവിധായകൻ ഹമദ് അൽ നഅ്മ, അവാർഡ് ജേതാവായ വയലിനിസ്റ്റ് മയാസ് അൽയമാനി തുടങ്ങിയവർ പരിപാടിക്കെത്തും.

സംഗീതോത്സവത്തിന് ആവേശകരമായ സമാപനം നൽകിക്കൊണ്ട് ക്യു.പി.ഒ ഓൺ ടൂർ എന്ന തലക്കെട്ടിൽ സിറിയ, ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ജർമനി, റഷ്യ, ചൈന എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പര്യടനം നടത്തിയപ്പോഴുള്ള സംഗീത ശകലങ്ങൾ കോർത്തിണക്കിയുള്ള പ്രത്യേക പരിപാടിയായിരിക്കുമിത്. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ ഓഡിറ്റോറിയം മൂന്നിൽ നടക്കുന്ന സംഗീതക്കച്ചേരികളുടെ ടിക്കറ്റുകൾ ക്യു-ടിക്കറ്റ്‌സിൽ ലഭ്യമാണ്. 

Tags:    
News Summary - Arabian melody in youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT