'സലാർ' - ഒരു 'കോമഡി' മഹാഭാരത കഥ

തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പ്രഭാസും പൃഥ്വിരാജും പ്രധാനവേഷത്തില്‍ എത്തിയ സലാർ. പ്രശാന്ത് നീലിന്റെ മുന്‍ചിത്രങ്ങളുടെ ചുവടുപിടിച്ച് പാന്‍ ഇന്ത്യന്‍ സിനിമ എന്ന ലേബല്‍ ലഭിച്ച സലാർ പാര്‍ട്ട് 1 സീസ്ഫയര്‍ എന്ന കാറ്റഗറിയിലാണ് കാണേണ്ടത്. പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവ്വഹിച്ച് വിജയ് കിരഗന്ദൂർ നിർമ്മിച്ച തെലുങ്ക് ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രഭാസ് എന്നിവരോടൊപ്പം ശ്രുതി ഹാസൻ , ജഗപതി ബാബു , ടിന്നു ആനന്ദ് , ഈശ്വരി റാവു ,ശ്രിയ റെഡ്ഡി , രാമചന്ദ്ര രാജു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കാലാന്തരത്തിൽ ശത്രുക്കളായി മാറിയ രണ്ട് സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ക്രിമിനലുകൾ തിങ്ങിപ്പാർക്കുന്ന ഖൻസാർ എന്ന സാങ്കൽപ്പിക സ്ഥലമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഖാൻസാറിൽ, രാജ മാന്നാർ തന്റെ മകൻ വർദരാജ മാന്നാറിനെ ( പൃഥ്വിരാജ്) തന്റെ അവകാശിയായി വിഭാവനം ചെയ്യുന്നു. ഈ സാഹചര്യത്തിൽ രാജ മാന്നാറിനെയും മകൻ വർദരാജ മാന്നാറിനെയും ഉന്മൂലനം ചെയ്യാൻ ഒരു അട്ടിമറിക്ക് ആസൂത്രണം ചെയ്തുകൊണ്ട് രാജാ മാന്നാറിന്റെ മന്ത്രിമാരും ഉപദേശകരും തമ്മിൽ രഹസ്യ ഗൂഢാലോചന നടക്കുന്നു. വരാനിരിക്കുന്ന ഭീഷണിയിൽ നിന്ന് ഒഴിഞ്ഞുമാറുന്ന വർദരാജ, ഖാൻസാറിൽ നിന്ന് പലായനം ചെയ്യുകയും തന്റെ ബാല്യകാല സുഹൃത്തായ ദേവയുടെ (പ്രഭാസ് ) സഹായം ചോദിക്കുകയും ചെയ്യുന്നു .തന്റെ സുഹൃത്തിന്റെ അപകടകരമായ സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കിയ ദേവ, ഖാൻസാറിന്റെ പിൻഗാമിയായി വർദരാജയുടെ ആരോഹണം ഉറപ്പാക്കാൻ തീരുമാനിക്കുന്നു. അതിനായി ദേവ വർദരാജിനൊപ്പം ഖാൻസാറിലേക്ക് തിരിക്കുന്നു. ഈയൊരു സൗഹൃദത്തെ ചുറ്റിപ്പറ്റിയുള്ള തുടർസംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.


1985 മുതൽ 2017 വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. പക്ഷെ ആ കാലഘട്ടമൊക്കെ വേർതിരിച്ചെടുക്കാൻ പ്രേക്ഷകരല്പം പാടുപെട്ടേക്കാം. കാര്യങ്ങൾ ചിന്തിക്കാനും മനസ്സിലാക്കാനുള്ള സമയം പ്രേക്ഷകർക്ക് ലഭിക്കും മുൻപേയാണ് ആക്ഷൻ കുത്തിനിറച്ച സിനിമ മുൻപോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ പ്രശാന്ത് നീലിന്റെ ആദ്യ സിനിമയായ കെ.ജി.എഫ് പ്രതീക്ഷിച്ചുകൊണ്ട് സലാർ കാണാൻ പോയി കഴിഞ്ഞാൽ പ്രേക്ഷകർക്ക് നിരാശ സമ്മാനിച്ചിക്കാം. എന്നാൽ കെ.ജി.എഫിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ കറുത്ത നിറത്തിലുള്ള ഷേഡുകൾ തന്നെയാണ് സലാറിലും സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ ഈ കറുപ്പിന്റെ ആറാട്ട് പ്രേക്ഷകരെ മടുപ്പിച്ചേക്കും.

നായികയെന്ന നിലക്ക് ചിത്രത്തിൽ ശ്രുതി ഹാസന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു എന്നതും നിർഭാഗ്യകരമാണ്. ഒരു കേൾവിക്കാരിയും കാഴ്ചക്കാരിയും മാത്രമായവർ സ്ക്രീനിൽ ഒതുങ്ങുന്ന കാഴ്ചയാണ് പ്രേക്ഷകന് കാണാൻ സാധിച്ചത്. രാജാവിന്റെ മകളായെത്തിയ ശ്രിയ റെഡ്ഡിയെ ശക്തമായ കഥാപാത്രമായാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.


സാമാന്യ ലോകത്തിനും സാമാന്യ യുക്തിക്കും നിരക്കുന്ന യാതൊന്നും തന്നെ നീലിന്റെ ഈ പ്രപഞ്ചത്തിലില്ല. രാജ്യത്തെ നിയമവ്യവസ്ഥയിൽ ഉൾപ്പെടാതെ, സ്വന്തം നിയമങ്ങളും വ്യവസ്ഥകളുമനുസരിച്ച് ഭരണം നടത്തുന്ന ഖാൻസാർ എന്ന പ്രദേശം രാജ്യത്തെ നിയമവ്യവസ്ഥയിൽ ഉൾപ്പെടാതെ, സ്വന്തം നിയമങ്ങളും വ്യവസ്ഥകളുമനുസരിച്ച് ഭരണം നടത്തുന്ന ഖാൻസാർ എന്ന പ്രദേശം അതുകൊണ്ടുതന്നെ പ്രേക്ഷകരെ ചിരിപ്പിച്ചേക്കാനും വഴിയുണ്ട്. കളര്‍ ടോണും, മേക്കിങ്ങും, എഡിറ്റിങ്ങുമെല്ലാം പ്രശാന്ത്‌ നീൽ യൂണിവേഴ്സൽ പെടുന്നതാണ്. പക്ഷേ അതിന് കെ.ജി.എഫിനോളം നിലവാരം പുലർത്താൻ സാധിച്ചില്ല.

എന്നാൽ പ്രഭാസിനെ സംബന്ധിച്ചിടത്തോളം സലാർ ഒരു തിരിച്ചുവരവ് തന്നെയാണ്. ആദിപുരുഷ് സമ്മാനിച്ച ക്ഷീണം പ്രഭാസിന് അങ്ങനെയെങ്കിലും മാറിക്കിട്ടും. മാസ് അപ്പീലിൽ വന്ന പ്രഭാസും പൃഥ്വിരാജും തമ്മിലുള്ള കെമിസ്ട്രി സിനിമയിൽ വർക്കായിട്ടുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങൾ നേരിടുന്ന ഒരു യുവ ഭരണാധികാരിയുടെ ദുർബലതയും നിശ്ചയദാർഢ്യവും നല്ലപോലെ അവതരിപ്പിക്കാൻ പൃഥ്വിരാജ് സുകുമാരന് സാധിച്ചിട്ടുണ്ട്. ആക്ഷൻ പാക്ക്ഡ് സിനിമ ഇഷ്ടപ്പെടുന്നവർക്ക് ലോജിക്കുകളെല്ലാം മാറ്റിവെച്ച് നിർത്തിയാൽ കാണാനുതകുന്ന സിനിമ തന്നെയാണ് സലാർ. പക്ഷേ നാടകീയത കൊണ്ടും, യുക്തിയില്ലായ്മ കൊണ്ടും, കഥാപാത്രങ്ങളുടെ ശരീരഭാഷയിലൂടെ ഉപയോഗിച്ച് നർമ്മങ്ങൾ കൊണ്ടും സിനിമ നിങ്ങളെ ചിരിപ്പിച്ചേക്കാം. അതുകൊണ്ടുതന്നെ ചിത്രത്തിലെ രക്തച്ചൊരിച്ചിലും വയലൻസും കൃത്യമായി ബാലൻസ് ചെയ്യാൻ പറ്റാത്ത പെടപാടുകളും സിനിമയിൽ കാണാം.

ദേവയും അമ്മയും തമ്മിലുള്ള ബോണ്ട്‌ സിനിമയിൽ കാണാൻ സാധിക്കുമെങ്കിലും ഈ അമ്മക്ക് ഭ്രാന്താണോ എന്നുവരെ പ്രേക്ഷകർ ഒരു പക്ഷെ സംശയിച്ചേക്കാം. അത്രമാത്രം പ്രേക്ഷകരെ അരോചകപ്പെടുത്താൻ സാധിക്കുന്നുണ്ട് അമ്മ കഥാപാത്രത്തിന്. രവി ബസ്രുർ ആണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം - ഭുവൻ ഗൗഡ, ആക്ഷൻസ് – അൻബറിവ്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെ തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. അധികാരം, വിശ്വസ്തത, വിശ്വാസവഞ്ചന, നേതൃത്വത്തിനുള്ള അവകാശം, രാഷ്ട്രീയ കുതന്ത്രങ്ങൾ, അധികാര പോരാട്ടങ്ങൾ, കുടുംബ ബന്ധങ്ങൾ തുടങ്ങിയ എല്ലാ ഇടങ്ങളും തൊട്ടും തലോടിയും കടന്നുപോകുന്ന ഒരു കോമഡി മഹാഭാരത കഥയാണ് പ്രശാന്ത് നീലിന്റെ ഈ സലാർ. ആക്ഷൻ സിനിമകളോട് കൂടുതൽ ഭ്രമമുള്ളവർക്ക് മാത്രം കണ്ടിരിക്കാൻ സാധിക്കുന്ന ഒരു മൂന്നു മണിക്കൂർ സിനിമ.

Tags:    
News Summary - Salaar: Part 1 – Ceasefire Malayalam Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT